വരള്‍ച്ചാ ഭീതി; കാര്‍ഷിക രംഗത്ത് വന്‍ പ്രതിസന്ധിക്ക് സാധ്യത; മോദിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്കും

Posted on: June 16, 2015 4:59 am | Last updated: June 16, 2015 at 12:00 am

മഥുര: രാജ്യം വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം കടുത്ത ഭീതിയാണ് ഗ്രാമീണ ജനതയില്‍ വിതച്ചിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വന്‍ പ്രതിസന്ധിക്ക് മഴക്കുറവ് വഴിവെക്കും. നരേന്ദ്ര മോദി സര്‍ക്കാറിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കും ഇത് തിരിച്ചടിയാകും. ഗ്രാമീണ മേഖലയിലേക്ക് ശത കോടികളുടെ പദ്ധതിയാണ് മോദി കണ്ടുവെച്ചിട്ടുള്ളത്. ഇവ മിക്കവയും കാര്‍ഷിക മേഖലയിലാണ്. എന്നാല്‍ മഴ കുറയുന്നതോടെ ഇത്തരം പദ്ധതികളെല്ലാം കടലാസില്‍ തന്നെ കിടക്കും. ഈ സാഹചര്യം മുന്‍ കൂട്ടികണ്ടാണ് മഴക്കുറവ് അവസരമാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
ഇന്ത്യയിലെ കൃഷിഭൂമി പകുതിയും ജലസേചന സൗകര്യമില്ലാത്തവയാണ്. ഇവയെല്ലാം കാലവര്‍ഷത്തേയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇത്തവണ 88 ശതമാനം മഴയേ ലഭിക്കൂവെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ മഴക്കുറവായിരിക്കും ഇത്. അതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വരള്‍ച്ചയോ വരള്‍ച്ചാ സമാനമായ സാഹചര്യമോ അനുഭവിക്കാനാകും കര്‍ഷകര്‍ വിധിക്കപ്പെടുക. ഈ വര്‍ഷം ആദ്യം ചില സംസ്ഥാനങ്ങളില്‍ ഉണ്ടായ അപ്രതീക്ഷിത മഴയും വെള്ളപ്പൊക്കവും വന്‍ വിളനാശം വരുത്തി വെച്ചിരുന്നു. ഇതോടെ ഭക്ഷ്യ വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. ഈ മഴ പുതിയ വിത്തിടലിനെയും ബാധിച്ചിട്ടുണ്ട്.
അത്‌കൊണ്ട് ആവശ്യത്തിന് മഴ ലഭിച്ചാല്‍ പോലും കര്‍ഷകരുടെ ജീവിതം ദുരിത പൂര്‍ണമാകുന്ന സ്ഥാതിയാണ് നിലവിലുള്ളത്. ‘കര്‍ഷകര്‍ ഇപ്പോള്‍ തന്നെ നഷ്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ജലസേചനത്തിനോ വളം വാങ്ങുന്നതിനോ പണം മുടക്കാനുള്ള സ്ഥിതിയിലല്ല അവര്‍’- കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞന്‍ അശോക് ഗുലാത്തി പറഞ്ഞു. താങ്ങുവില വിഷയത്തില്‍ സര്‍ക്കാറിന്റെ ഉപദേഷ്ടാവായിരുന്നു അശോക് ഗുലാത്തി. ഔദ്യോഗിക രേഖകള്‍ പ്രകാരം 2009-2010 കാലത്താണ് ഏറ്റവും ഒടുവില്‍ വരള്‍ച്ച ഉണ്ടായത്. അന്ന് കാര്‍ഷിക മേഖലയില്‍ ഒരു ശതമാനം സാമ്പത്തിക ചുരുക്കമാണ് ഉണ്ടായതെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇത്തവണ അത് നാല് ശതമാനമെങ്കിലും ആയിരുക്കുമെന്ന് ഡി എച്ച് പൈ പണാണ്ടികറെ പോലുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ആകെ വരുമാനത്തിന്റെ 16 ശതമാനം വരുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണെന്നിരിക്കെ ആ മേഖല നാല് ശതമാനം പിന്നോട്ട് പോകുമ്പോള്‍ പൊതു വളര്‍ച്ചാ നിരക്കില്‍ അത് കാര്യമായി പ്രതിഫലിക്കും. 2014-15 കാലയളവില്‍ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.3 ശതമാനമാണ്. വരള്‍ച്ച ഈ കണക്കുകളെയെല്ലാം താഴോട്ട് വലിക്കും. മഴ ചെറിയ തോതില്‍ തുടങ്ങിയിട്ടുണ്ടെങ്കിലും കര്‍ഷകര്‍ പ്രതീക്ഷയിലല്ല. ‘എന്റെ രണ്ട് കുട്ടികള്‍ പ്രൈവറ്റ് സ്‌കൂളിലാണ് പഠിക്കുന്നത്. അവിടെ ഞാന്‍ എല്ലാ ആറു മാസത്തിലും 25,000 രൂപ അടക്കണം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടട്ടെ എന്ന് വിചാരിച്ച് ചേര്‍ത്തതാണ്. ദൈവം മഴ കനിഞ്ഞില്ലെങ്കില്‍ ഇവരെ ഞാന്‍ അവിടെ നിന്ന് മാറ്റേണ്ടി വരും’- യു പിയിലെ മഥുരയില്‍ നിന്നുള്ള ഉദയ് വീര്‍ സിംഗ് പറഞ്ഞു.