ഡ്രൈവിംഗ് ലൈസന്‍സ് പഠനം മലയാളത്തിലാകാം

Posted on: June 15, 2015 6:00 pm | Last updated: June 15, 2015 at 6:49 pm

ദുബൈ: ഡ്രൈവിങ് ലൈസന്‍സിനുവേണ്ടിയുള്ള ക്ലാസുകളും പരീക്ഷയും മലയാളത്തില്‍കൂടി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കും. മലയാളം ഉള്‍പെടെ ഏഴ് ഭാഷകള്‍കൂടിയാണ് ആര്‍ടിഎ ഉള്‍പ്പെടുത്തുന്നത്. ഇപ്പോള്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും ഓഡിയോ ഉണ്ട്.
ചൈനീസ്, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകള്‍കൂടി പുതിയതായി ചേര്‍ക്കുന്ന ഭാഷകളില്‍ മലയാളത്തിനൊപ്പമുണ്ട്. ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ വഴിയുള്ള 30 മിനിറ്റ് പരിജ്ഞാന പരീക്ഷക്ക് ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭിക്കുമെന്നു മാത്രമല്ല, മലയാളത്തില്‍ ഹെഡ് ഫോണിലൂടെ ഓഡിയോയും ലഭ്യമാകും. മള്‍ട്ടിപിള്‍ ചോയ്‌സ് ചോദ്യമാണ് പരീക്ഷയിലുള്ളത്. ഡ്രൈവിങ് പരിശീലനത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കാം.
പുതിയതായി അനുവദിച്ച ഭാഷകളില്‍ സെപ്റ്റംബര്‍ മുതല്‍ പരീക്ഷയെഴുതാമെങ്കിലും ചില ഡ്രൈവിങ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആദ്യം ഈ ഭാഷകളില്‍ ലഭ്യമായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത ആറ് ഡ്രൈവിങ് സ്‌കൂളുകളാണ് ദുബൈയിലുള്ളത്. എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട് ബെല്‍ഹാസ ഡ്രൈവിങ്‌സെന്റര്‍, അല്‍ അഹ്‌ലി ഡ്രൈവിങ് സെന്റര്‍, ദുബൈ ഡ്രൈവിങ് സെന്റര്‍, ഗലദാരി മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍, ഡ്രൈവ് ദുബൈ എന്നിവയാണ് ഡ്രൈവിങ് സ്‌കൂളുകള്‍.