ഉന്നത പഠനത്തിന് സര്‍ക്കാര്‍ ഗ്യാരന്റിയില്‍ വായ്പാ പദ്ധതി നടപ്പാക്കുന്നു

Posted on: June 13, 2015 5:06 am | Last updated: June 13, 2015 at 12:06 am

ന്യൂഡല്‍ഹി: ഉന്നത പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് ബേങ്ക് വായ്പ ലഭ്യമാക്കാനുള്ള ഒരുപദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സര്‍ക്കാറിന്റെ ഗ്യാരണ്ടിയിലാണ് ബേങ്കുകള്‍ വായ്പ നല്‍കുക. 10 ലക്ഷം രൂപവരെ വായ്പ ലഭിക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം വായ്പ തിരിച്ചടക്കാന്‍ വിദ്യാര്‍ഥിക്ക് ഒരു വര്‍ഷത്തെ സാവകാശം ലഭിക്കും.
വിദ്യാര്‍ഥികളുടെ ഉന്നതപഠനത്തിനുള്ള ആഗ്രഹം സഫലമാക്കാന്‍ ഒരു പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോഡിയ ഈ മാസം ആദ്യം ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയിരുന്നു.
വായ്പ തിരിച്ചടക്കേണ്ട സമയ പരിധി 15 വര്‍ഷമാണ്. അടിസ്ഥാന പലിശ നിരക്കിനൊപ്പം രണ്ട് ശതമാനം അധിക പലിശയും ഈ വായ്പക്ക് ഈടാക്കും. ട്യൂഷന്‍ ഫീ, ജീവിതച്ചിലവിന് വേണ്ടിവരുന്ന പണം എന്നിവ ഈ വായ്പാ പദ്ധതിയനുസരിച്ച് ലഭിക്കും.
നാക്ക്, എന്‍ ബി എ എന്നിവയുടെ അംഗീകാരമുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പഠിക്കുന്നവര്‍ക്ക് വായ്പക്ക് അര്‍ഹതയുണ്ടായിരിക്കും.