ബീഹാര്‍ തിരഞ്ഞെടുപ്പ്: ബി ജെ പി തന്ത്രങ്ങളുടെ ചുമതല അനന്ത് കുമാറിന്‌

Posted on: June 13, 2015 6:00 am | Last updated: June 13, 2015 at 12:04 am

pic_article_ananthkumarന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രി അനന്ത് കുമാറിനെ ചുമതലപ്പെടുത്തി. ആര്‍ ജെ ഡി, ജെ ഡി യു- കോണ്‍ഗ്രസ് സഖ്യം ബി ജെ പിക്ക് സംസ്ഥാനത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതപ്പെടുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് അനന്ത് കുമാറില്‍ വന്നു ചേര്‍ന്നിരിക്കുന്നത്. മറ്റൊരു കേന്ദ്ര മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ അദ്ദേഹത്തെ സഹായിക്കും.
നേരത്തേ ബീഹാറിന്റെ ചുമതല വഹിച്ച നേതാവാണ് പ്രധാന്‍. ഇരുവരെയും പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായാണ് ചുമതലപ്പെടുത്തിയത്. ജെ ഡി യു മുന്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദളിത് നേതാവ് ജിതന്‍ റാം മാഞ്ചി ബി ജെ പി സഖ്യത്തില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത് കാവി സംഘത്തിന് ആശ്വാസം പകരുന്നുണ്ട്.
രാംവിലാസ് പാസ്വാന്റെ എല്‍ ജെ പി, കേന്ദ്ര മന്ത്രി ഉപേന്ദ്ര പ്രസാദ് കുശവാഹയുടെ രാഷ്ട്രീയ ലോക് സത്ത പാര്‍ട്ടി എന്നിവയാണ് സംസ്ഥാനത്ത് എന്‍ ഡി എയുടെ മറ്റ് കൂട്ടാളികള്‍. അതിനിടെ സംസ്ഥാനത്ത് എന്‍ ഡി എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് എന്‍ ഡി എ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് പാസ്വാന്‍ പറഞ്ഞു. ജനതാ-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി നിതീഷ് കുമാര്‍ ആയിരിക്കും.