Connect with us

Ongoing News

ബ്രസീല്‍, ജര്‍മനി ക്വാര്‍ട്ടറില്‍

Published

|

Last Updated

വെല്ലിംഗ്ടണ്‍: ഫിഫ അണ്ടര്‍ 20 ലോകകപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി. ബ്രസീല്‍-പോര്‍ച്ചുഗല്‍, ഉസ്‌ബെക്കിസ്ഥാന്‍ – സെനഗല്‍, യു എസ് എ – സെര്‍ബിയ, മാലി-ജര്‍മനി എന്നിങ്ങനെയാണ് അവസാന എട്ടിലെ പോരാട്ടം.
ബ്രസീല്‍ ഷൂട്ടൗട്ടില്‍ ഉറുഗ്വെയെ മറികടന്നാണ് ക്വാര്‍ട്ടറിലെത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിതം. ഷൂട്ടൗട്ടില്‍ 5-4ന് ജയം. ബ്രസീല്‍ എല്ലാ കിക്കും ഗോളാക്കിയപ്പോള്‍ ഉറുഗ്വെക്കായി രണ്ടാം കിക്കെടുത്ത റോഡ്രിഗോ അമോറലിന് പിഴച്ചു. കിക്ക് ക്രോസ് ബാറിന് മുകലിലൂടെ പുറത്തേക്ക് പോയി.
മറ്റ് പ്രീക്വാര്‍ട്ടറുകളില്‍ പോര്‍ച്ചുഗല്‍ 2-1ന് ന്യൂസിലാന്‍ഡിനെയും ജര്‍മനി 1-0ന് നൈജീരിയേയും ഉസ്‌ബെക്കിസ്ഥാന്‍ 2-0ന് ആസ്ത്രിയേയും തോല്‍പ്പിച്ചു.
മാലി, സെനഗല്‍, യു എസ് എ, സെര്‍ബിയ നേരത്തെ ക്വാര്‍ട്ടറിലെത്തിയിരുന്നു.
ലാറ്റിനമേരിക്കന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും കോണ്‍കകാഫ് ചാമ്പ്യന്‍മാരായ മെക്‌സിക്കോയും ഗ്രൂപ്പ് റൗണ്ടില്‍ പുറത്തായതാണ് ടൂര്‍ണമെന്റിലെ ഞെട്ടല്‍.
യൂറോപ്യന്‍ ചാമ്പ്യന്‍മാരായ ജര്‍മനി, ലാറ്റിനമേരിക്കന്‍ കരുത്തരായ ബ്രസീല്‍ ടീമുകളാണ് കിരീടഫേവറിറ്റുകളായി നില്‍ക്കുന്നത്. എന്നാല്‍, ഉറുഗ്വെക്ക് മുന്നില്‍ വിറച്ചു പോയ ബ്രസീലിനെ വീഴ്ത്താമെന്ന ആത്മവിശ്വാസം പോര്‍ച്ചുഗല്‍ നേടിക്കഴിഞ്ഞു. മാത്രമല്ല ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നും ജയിച്ച പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലും അജയ്യത തെളിയിച്ചു. ഗുസോയും മാര്‍ട്ടിന്‍സുമാണ് ന്യൂസിലാന്‍ഡിനെതിരെ പോര്‍ച്ചുഗലിന്റെ ജയം ഉറപ്പാക്കിയത്. ജര്‍മനി ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയുടെ വെല്ലുവിളി അതിജീവിച്ചത് ഒസുനാലിയുടെ ഏക ഗോളില്‍.