തീവ്രവാദികള്‍ നുഴഞ്ഞുകയറി; ജാഗ്രതാ നിര്‍ദേശം നല്‍കി

Posted on: June 12, 2015 4:59 am | Last updated: June 12, 2015 at 12:00 am

ന്യൂഡല്‍ഹി: മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ വ്യോമസേനയുടെ സഹായത്തോടെ തീവ്രവാദി കേന്ദ്രങ്ങളില്‍ സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്കു പിന്നാലെ കൂടുതല്‍ തീവ്രവാദി ആക്രമണങ്ങള്‍ക്ക് സാധ്യത. സൈന്യം നടത്തിയ ആക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി എന്‍ എസ് സി എന്‍- കെ തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകര്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
എന്‍ എസ് സി എന്‍- കെ, പി എല്‍ എ, ഉള്‍ഫ തുടങ്ങിയ തീവ്രവാദ സംഘടനകളില്‍പ്പെട്ട ഇരുപതോളം തീവ്രവാദികള്‍ മ്യാന്‍മര്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഈ മാസം നാലിന്, മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലെ ചന്ദേല്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പതിനെട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന്, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വ്യോമസേനയുടെ സഹായത്തോടെ സൈന്യം നടത്തിയ ആക്രമണത്തില്‍ 38 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിന് പ്രതികാരം ചെയ്യുന്നതിന് തീവ്രവാദികള്‍ രാജ്യത്തിനകത്തേക്ക് നുഴഞ്ഞുകയറിയതായാണ് രഹസ്യാന്വേഷണ വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതിനു പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. യോഗത്തില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവല്‍ തുടങ്ങിയവരും പങ്കെടുത്തു. മ്യാന്‍മര്‍ സൈന്യത്തിന്റെ സഹായത്തോടെ, അതിര്‍ത്തി കടന്നാണ് തീവ്രവാദി കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്നാണ് കരസേനാ അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് മ്യാന്‍മറിന്റെ വാദം.