ബ്രിട്ടീഷ് നൊബേല്‍ ജേതാവ് വിവാദത്തെ തുടര്‍ന്ന് ജോലി രാജി വെച്ചു

Posted on: June 12, 2015 5:52 am | Last updated: June 11, 2015 at 11:52 pm

ലണ്ടന്‍: വനിതാ ശാസ്ത്രജ്ഞര്‍ പ്രത്യേകം വേര്‍തിരിക്കപ്പെട്ട പരീക്ഷണ ശാലകളില്‍ ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ച ബ്രീട്ടിഷ് നൊബേല്‍ ജേതാവ് ജോലി രാജി വെച്ചു. തിങ്കളാഴ്ച ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന സമ്മേളനത്തിനിടെയാണ് ബ്രിട്ടീഷ് നൊബേല്‍ ജേതാവ് ടിം ഹണ്ട്(72) വിവാദ പ്രഖ്യാപനം നടത്തിയത്. ‘പെണ്‍കുട്ടികളില്‍ നിന്നും ഞാന്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറയാം, അവര്‍ ലാബിലുണ്ടാകുമ്പോള്‍ മൂന്ന് കാര്യങ്ങള്‍ സംഭവിക്കും, നിങ്ങള്‍ അവരുടെ പ്രേമത്തില്‍ അകപ്പെടാം, അവര്‍ നിങ്ങളുടെ പ്രേമത്തില്‍ അകപ്പെടാം, നിങ്ങള്‍ അവരെ വിമര്‍ശിക്കുമ്പോള്‍ അവര്‍ കരയും’ ഇങ്ങനെ പോകുന്നു ഹണ്ടിന്റെ പരാമര്‍ശങ്ങള്‍.
2001ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയ ഹണ്ട് ഒരു സ്ത്രീവിരുദ്ധന്‍ എന്ന മുദ്രകുത്തില്‍ തനിക്ക് ഉണ്ടായിരുന്നതായും സമ്മേളനത്തിലെ പ്രസംഗത്തിനിടയില്‍ പറഞ്ഞിരുന്നു.
ശാസ്ത്ര പത്രപ്രവര്‍ത്തകരുടെ ലോക സമ്മേളനത്തിലെ ഹണ്ടിന്റെ പ്രസ്താവനക്കെതിരെ പല കോണില്‍ വിമര്‍ശമുയര്‍ന്നതോടെയാണ് ലണ്ടന്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റിയില്‍ ജീവശാസ്ത്ര വിഭാഗത്തിലെ ഓണററി പ്രൊഫസര്‍ സ്ഥാനം അദ്ദേഹം രാജി വെച്ചത്.