Connect with us

Ongoing News

ലോകകപ്പ് യോഗ്യതാ റൗണ്ട്: ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

Published

|

Last Updated

ബെംഗളുരു: 2018 ഫിഫ ലോകകപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ റൗണ്ടിലെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യക്ക് അര്‍ഹിക്കാത്ത തോല്‍വി. ഒമാനെതിരെ പൊരുതിക്കളിച്ച ഇന്ത്യ 2-1ന് പരാജയപ്പെട്ടു. അന്തിമഘട്ടത്തില്‍ ഇന്ത്യ സമനില ഗോള്‍ നേടിയെങ്കിലും അത് ലൈന്‍സ്മാന്‍ ഓഫ്‌സൈഡ് വിളിച്ചു. റീപ്ലേയില്‍ ഇത് ഗോളെന്ന് വ്യക്തമായിരുന്നു. ഹോംമാച്ചില്‍ സമനില നേടിയിരുന്നെങ്കില്‍ ഗ്രൂപ്പില്‍ ഇന്ത്യക്ക് വലിയ മുന്നേറ്റം നടത്താനുള്ള ആത്മവിശ്വാസം കൈവരുമായിരുന്നു. പതിനാറിന് ഒമാനില്‍ ഇന്ത്യ എവേ മാച്ച് കളിക്കും. ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഗുവാം എന്നിവരെയാണ് ഗ്രൂപ്പ് ഡിയില്‍ ഇന്ത്യക്കിനി നേരിടേണ്ടത്. ഇതില്‍ ഇറാനെതിരെ ജയിക്കുക ഏറെക്കുറെ അസാധ്യമാണ്. മറ്റ് ടീമുകള്‍ക്കെതിരെ മികച്ച റിസള്‍ട്ടുണ്ടാക്കാന്‍ സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെ നീലപ്പടക്ക് സാധിച്ചേക്കും. ഇന്ത്യയെക്കാള്‍ നാല്‍പത് റാങ്കിംഗ് മുകളിലുള്ള ഒമാന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മികച്ച തുടക്കം ലഭിച്ചു. ഒന്നാം മിനുട്ടില്‍ തന്നെ ഗോള്‍. ഖാസിം സെയ്ദാണ് സ്‌കോറര്‍. വൈസ് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ ഇരുപത്താറാം മിനുട്ടില്‍ ഇന്ത്യ സമനിലയെടുത്തു (1-1). നാല്‍പതാം മിനുട്ടില്‍ അല്‍ഹൊസാനിയുടെ പെനാല്‍റ്റി ഗോളില്‍ ഒമാന്റെ കടന്നുകയറ്റം (2-1).
19000 ത്തോളം കാണികളാണ് കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യക്കായി ആര്‍ത്തലച്ചത്. അറുപത്തൊമ്പതാം മിനുട്ടില്‍ ഇന്ത്യ രണ്ടാം ഗോള്‍ നേടിയപ്പോഴായിരുന്നു സ്റ്റേഡിയം ശരിക്കും ഇരമ്പിയത്. എന്നാല്‍, ഗോളടിച്ച റോബിന്‍സിംഗ് ഓഫ്‌സൈഡാണെന്ന് ലൈന്‍സ്മാന്‍ വിധിച്ചതോടെ ആഘോഷം മ്ലാനതയായി മാറി.
മലയാളി താരം സി കെ വിനീത് വലത് ബോക്‌സിന് പുറത്ത് നിന്ന് ക്രോസ് ചെയ്ത പന്ത് ഒമാന്റെ സലാം അമുറിന്റെ കാലില്‍ തട്ടിയാണ് വലയില്‍ കയറിയത്. എന്നാല്‍, തൊട്ടടുത്ത് റോബിന്‍ സിംഗുമുണ്ടായിരുന്നു. ഓഫ് സൈഡ് പൊസിഷനായിരുന്നുവെന്ന് തെറ്റിദ്ധരിച്ചാണ് ലൈന്‍സ്മാന്‍ ഗോള്‍ നിഷേധിച്ചത്.
ഇന്ത്യയുടെ കോച്ച് കോണ്‍സ്റ്റന്റൈന്‍ നാല് താരങ്ങള്‍ക്ക് അരങ്ങേറ്റമൊരുക്കി. മൂന്ന് പേര്‍ പ്രതിരോധനിരയിലായിരുന്നു. ധനചന്ദ്ര സിംഗായിരുന്നു ഇതിലൊരാള്‍. ഒമാന്‍ മുന്നേറ്റത്തെ വരിഞ്ഞുകെട്ടിയ ധനചന്ദ്ര സിംഗിന്റെ ആവേശം പെനാല്‍റ്റിക്ക് വഴിയൊരുക്കി.
സുനില്‍ ഛേത്രീ, സുബ്രതാപാല്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അമ്പതിലേറെ മത്സരങ്ങള്‍ കളിച്ചവര്‍. ക്യാപ്റ്റന്‍ അര്‍ണാബും റോബിന്‍ സിംഗും പത്ത് മത്സരങ്ങള്‍ പിന്നിട്ടിട്ടേയുള്ളൂ.
രാജ്യാന്തര ഫുട്‌ബോളില്‍ വലിയ പരിചയമില്ലാത്ത പുതുനിരയുമായാണ് കോണ്‍സ്റ്റന്റൈന്‍ പരീക്ഷണം നടത്തുന്നത്. ഭേദപ്പെട്ട പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം കാഴ്ചവെച്ചത്.

Latest