എന്റെ വിലാസം പദ്ധതി അന്തിമ ഘട്ടത്തില്‍

Posted on: June 10, 2015 7:55 pm | Last updated: June 10, 2015 at 7:55 pm

അബുദാബി: തലസ്ഥാന നഗരിയിലെ പ്രധാന റോഡുകളിലും തെരുവുകളിലും സിഗ്‌നലുകളിലും നടപ്പിലാക്കുന്ന എന്റെ വിലാസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പാത നമ്പറുകള്‍ സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലെത്തിയതായി മുനിസിപ്പല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഉമര്‍ അല്‍ ശൈബ വ്യക്തമാക്കി.
നഗരത്തില്‍ വഴി സുഗമമാക്കുവാനാണ് നഗരസഭ പഴയ നമ്പറുകള്‍ മാറ്റി പുതിയ നമ്പറും നാമവും നല്‍കുന്നത്. പുതിയ സംവിധാനം പൂര്‍ത്തിയാകുന്നതോടെ വിദൂര സ്ഥലങ്ങളില്‍ നിന്നും അബുദാബി നഗരത്തിലെത്തുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ കഴിയുമെന്ന് ഉമര്‍ അല്‍ ശൈബ പറഞ്ഞു. അബുദാബി എമിറേറ്റിന്റെ മുഴുവന്‍ ഭാഗങ്ങളിലും ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ പദ്ധതി പൂര്‍ത്തിയാകും. ശൈഖ് ഖലീഫ അല്‍ മുബാറക് റോഡ് ഇനി രണ്ടാം നമ്പര്‍ റോഡയാണ് അറിയപ്പെടുക. എമിറേറ്റിന്റെ പരിധിയില്‍ 240 ജില്ലാ അതിര്‍ത്തികളുടെയും 49,000 പുതിയ തെരുവുകളുടെയും പേരുകള്‍ അടയാളപ്പെടുത്തിക്കഴിഞ്ഞു. നഗര പരിധിക്കകത്ത് 18,000 കെട്ടിടങ്ങളുടെയും 19,000 തെരുവുകള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ട്.
നഗരത്തിലെ പ്രധാന റോഡുകളും തെരുവുകളും സിഗ്‌നലുകളും കെട്ടിടങ്ങളും ജി പി ആര്‍ എസ് സംവിധാനം വഴി ഏകീകരിക്കും. അബുദാബിയിലെ പ്രധാന ദ്വീപുകളിലെ തെരുവുകളും റോഡുകളും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കാന്‍ യു എ ഇയിലെ പ്രധാന 32 നേതാക്കന്മാരുടെയും പണ്ഡിതന്മാരുടെയും പേരുകള്‍ നല്‍കുമെന്ന് ലാന്റ് ആന്‍ഡ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍ ബലൂശി വ്യക്തമാക്കി.
സന്ദര്‍ശകര്‍ക്കും പുതിയതായെത്തുന്നവര്‍ക്കും ലക്ഷ്യം കണ്ടെത്താന്‍ പ്രയാസകരമായിരുന്ന പഴയ സംവിധാനം മാറ്റി പുതിയവ എളുപ്പത്തില്‍ സ്ഥാപിക്കുമെന്ന് ബലൂശി വ്യക്തമാക്കി.
നഗരത്തിലെ 91 ശതമാനം കെട്ടിടങ്ങളും പുതിയ സംവിധാനത്തിന്റെ കീഴിലായി. നഗരത്തിലെ കെട്ടിടങ്ങളും തെരുവുകളും എളുപ്പത്തില്‍ കണ്ടെത്തുന്നതിന് നിലവില്‍ വന്ന ക്യൂ-ആര്‍ കോഡ് സംവിധാനം സുഖകരമാക്കുവാന്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉടന്‍ നിലവില്‍ വരും. പുതിയ പാതകളും പേരുകളും നമ്പറുകളും പരിചയപ്പെടുത്തുന്നതിന് ഗതാഗത വകുപ്പുമായി സഹകരിച്ച് ടാക്‌സി-ബസ് ഡ്രൈവര്‍മാര്‍ക്ക് നഗരസഭ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.