സംഭരിച്ച നെല്ലിന് സര്‍ക്കാര്‍ പണം നല്‍കുന്നില്ല; ജപ്തി ഭീഷണിയുമായി ബേങ്കും

Posted on: June 10, 2015 3:01 pm | Last updated: June 10, 2015 at 5:01 pm

ചിറ്റൂര്‍: ചിറ്റൂര്‍മേഖലയില്‍ കര്‍ഷകരില്‍നിന്ന് സപ്ലൈകോ നെല്ല് സംഭരിച്ചതിന്റെ വില ആറുമാസം കഴിഞ്ഞിട്ടും നല്‍കിയില്ല. കൃഷിക്കുവേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാത്ത കര്‍ഷകര്‍ക്കെതിരെബേങ്ക്് ജപ്തിനടപടിക്കൊരുങ്ങുകയാണ്.
രണ്ടാംവിളയിറക്കാനാണ് കര്‍ഷകര്‍ ബേങ്കില്‍നിന്ന് വായ്പയെടുത്തത്. സഹകരണബേങ്കുകള്‍ ആറുമാസത്തെ കാലാവധിയില്‍ കാര്‍ഷികവായ്പയാണ് നല്‍കുന്നത്. ചിറ്റൂര്‍മേഖലയില്‍ ഭൂരിപക്ഷം കര്‍ഷകരും ഇത്തരം വായ്പയെടുത്തവരാണ്.—
വായ്പയെടുത്ത് ആറുമാസം കഴിഞ്ഞതോടെ എടുത്ത വായ്പയ്ക്കുപുറമേ ഏഴുശതമാനം പലിശകൂടി ഈടാക്കാന്‍ നടപടിയായി.—കിസാന്‍കാര്‍ഡ് പദ്ധതിയില്‍ ദേശസാത്കൃതബേങ്കുകള്‍ ഒരുവര്‍ഷത്തേക്ക് നാലുശതമാനം പലിശയ്ക്ക് കര്‍ഷകര്‍ക്ക് വായ്പ നല്‍കിയിട്ടുണ്ട്.
എടുത്ത തുക അടയ്ക്കാനാകാതെ വന്നപ്പോള്‍ മുതലിനുപുറമേ ഏഴുശതമാനം പലിശകൂടി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചുവരുന്നു.—സപ്ലൈകോ നെല്ലുവില നല്‍കാതെ തിരിച്ചടവിന് വഴിയില്ലാതെ കര്‍ഷകര്‍ ദുരിതത്തിലായി.
ബേങ്കിലടയ്‌ക്കേണ്ട മുതലിനും പലിശയ്ക്കും വഴികാണാതെ നെട്ടോട്ടത്തിലാണ് കര്‍ഷകര്‍. ഒന്നാംവിളയിറക്കേണ്ട സമയമായി. പാടം ഒരുക്കല്‍, വിത, ഞാറ്റടി തയ്യാറാക്കല്‍, നടീല്‍ ഇവയ്‌ക്കെല്ലാം നല്ലതുക വേണ്ടിവരും. സാധാരണ നെല്ലുവില കിട്ടുമ്പോള്‍ ബാങ്കില്‍നിന്ന് എടുത്ത വായ്പ അടച്ച് അടുത്തവിളയ്ക്ക് വീണ്ടും വായ്പവാങ്ങി കൃഷിയിറക്കാറാണ് പതിവ്. ഇക്കുറി സപ്ലൈകോ ചതിച്ചതോടെ ഒന്നാംവിളയിറക്കാന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. നെല്ലുവില നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ —എം കരുണന്റെ അധ്യക്ഷതയില്‍ നടന്ന ചിറ്റൂര്‍ ബ്ലോക്ക് കര്‍ഷകയോഗം ആവശ്യപ്പെട്ടു.—