Connect with us

International

25,000 ജീവനക്കാരെ എച്ച് എസ് ബി സി പിരിച്ചുവിടുന്നു

Published

|

Last Updated

ലണ്ടന്‍: ആഗോളതലത്തിലെ പുനര്‍രൂപീകരണത്തിന്റെ ഭാഗമായി 25,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ബേങ്കിംഗ് കമ്പനിയായ എച്ച് എസ് ബി സി. ഇതിന്റെ ആദ്യപടിയായി ബ്രസീല്‍, തുര്‍ക്കി എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുക. ഇത് കൂടാതെ ലണ്ടനിലെ ആസ്ഥാനം ഉപേക്ഷിക്കുന്ന കാര്യവും ബേങ്ക് പരിഗണിക്കുന്നുണ്ട്. പുനര്‍രൂപവത്കരണത്തിലൂടെ രണ്ട് വര്‍ഷംകൊണ്ട് വാര്‍ഷിക ചെലവിനത്തില്‍ 500 കോടി ഡോളര്‍ ലാഭിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം ബേങ്ക് ഹോംങ്കോംഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. വ്യാപാര വിഭാഗത്തില്‍ ബേങ്ക് സുപ്രധാന രൂപമാറ്റത്തിന് തുനിയുകയാണെന്ന് പ്രസ്താവനയില്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റര്‍ട് ഗുള്ളിവര്‍ പറയുന്നു. വിഭവങ്ങളുടെ പുനര്‍വിന്യാസത്തിലൂടെ വളര്‍ച്ചാ അവസരം തിരിച്ചുപിടിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഷിക ചിലവിനത്തില്‍ 2017ഓടെ 450 കോടി ഡോളര്‍ മിച്ചംപിടിക്കാനാണ് ബേങ്ക് ലക്ഷ്യംവെക്കുന്നത്. തുര്‍ക്കിയിലെയും ബ്രസീലിലെയും വ്യാപാരം വില്‍പ്പന നടത്തിയാണിതെന്നും ഏഷ്യയിലെ നിക്ഷേപം വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ബേങ്കിന്റെ ആസ്ഥാനം എവിടെ കേന്ദ്രീകരിക്കണമെന്നത് സംബന്ധിച്ചുള്ള സമ്പൂര്‍ണ അവലോകനവും പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്നും പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് 2008 മുതല്‍ ബ്രിട്ടന്‍ ബേങ്കിംഗ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. തൊഴില്‍ മേഖലയില്‍ പത്ത് ശതമാനം കുറവ് വരുത്താനാണ് എച്ച് എസ് ബി സിയുടെ തീരുമാനം.

Latest