Connect with us

Articles

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം (റ)

Published

|

Last Updated

അധിനിവേശത്തിന്റെ വിഷപ്പാമ്പുകള്‍ രാഷ്ട്രത്തിന് നേരെ വിഷം ചീറ്റിയപ്പോള്‍ മേല്‍ക്കൂര നഷ്ടപ്പെട്ട ഒരു ജനവിഭാഗത്തില്‍ ആത്മീയവും ഭൗതികവുമായ നവോത്ഥാനത്തിന് ധിഷണാപരമായ നേതൃത്വം നല്‍കിയവരാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ). ഇതുപോലൊരു ശഅ്ബാന്‍ മാസത്തിലാണ് മഹാനവര്‍കളുടെ വിയോഗം. അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കപ്പുറം ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപോലെ കഴിഞ്ഞിരുന്ന മലബാര്‍ മുസ്‌ലിം ജനതയെ ആത്മീയതയുടെ ഉത്തുംഗതയിലെത്തിച്ച് മുസ്‌ലിം നവജാഗരണ യത്‌നങ്ങള്‍ക്ക് ശക്തിപകരുകയായിരുന്നു മഖ്ദും(റ). അക്കാലത്തെ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ചരിത്രം അവലോകനം ചെയ്യുമ്പോള്‍ മാത്രമേ മഖ്ദൂമുകള്‍ നല്‍കിയ സംഭാവനകളുടെ മഹത്വം നമുക്ക് ബോധ്യപ്പെടുകയുള്ളൂ. ലോകമുസ്‌ലിം പണ്ഡിത ഭൂപടത്തില്‍ മലബാറിന് അന്തസ്സാര്‍ന്ന സ്ഥാനം നിര്‍ണയിച്ചത് മഖ്ദൂം കുടുംബമാണ്
മഖ്ദൂം കബീര്‍ എന്നറിയപ്പെടുന്ന സൈനുദ്ദീന്‍ മഖ്ദും ഒന്നാമന്‍ ഹിജ്‌റ 871 ശഅ്ബാന്‍ 12 ന് കൊച്ചിയിലാണ് ജനിച്ചത്. ഹിജ്‌റ ആറാം നൂറ്റാണ്ടില്‍ യമനില്‍നിന്നാണ് ഇവരുടെ പിതാമഹന്‍മാര്‍ ഇന്ത്യയിലെത്തുന്നത്. ബാബുല്‍ ഹിന്ദ് എന്നറിയപ്പെടുന്ന മഅ്ബാറിലായിരുന്ന അവരുടെ താമസം. ഇന്ത്യന്‍ മഹാസമുദ്രതീരത്ത് കായല്‍ പട്ടണത്തിന് തെക്ക് വശം ഇന്ത്യാരാജ്യത്തിന്റെ ഒരറ്റത്ത് ശ്രീലങ്കക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മഅ്ബര്‍. പില്‍ക്കാലത്ത് ശൈഖ് സൈനുദ്ദീന്‍ (റ) മുഖേന ഈ പ്രദേശം പ്രശസ്തിയാര്‍ജ്ജിച്ചു. കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ താമസമാക്കിയ പിതാമഹന്‍ ശൈഖ് അഹ്മദുല്‍ മഅ്ബറിന്റെ മഖ്ദൂമിയ ഭവനത്തിലാണ് സൈനുദ്ദീന്‍ മഖ്ദൂം (റ) ജനിച്ചത്. ആദ്യകാല പിതാമഹന്‍മാരായ മഖ്ദൂമുമാരല്ലാം ഇവിടെത്തന്നെ മറപ്പെട്ടു കിടക്കുന്നു. അക്കാലത്ത് പൊന്നാനിയിലെ ആത്മീയ നേതൃത്വം പിതാമഹനായ അഹ്മദുല്‍ മഅ്ബറിനായിരുന്നു. പൗത്രനെയും കൊണ്ട് അവര്‍ പൊന്നാനിയിലേക്ക് പോയി. പൊന്നാനിയില്‍ വെച്ച് ഔദേൃാഗിക പഠനമാരംഭിച്ചു. ശേഷം യമന്‍, ഈജിപ്ത്, അറേബ്യ തുടങ്ങിയ ലോകരാഷ്ട്രങ്ങളില്‍ അക്കാലത്തെ വിശ്വോത്തര പണ്ഡിതരുടെ ശിഷ്യത്വം സ്വീകരിച്ചു.
വിവിധ വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി നേടി സൈനുദ്ദീന്‍ മഖ്ദൂം കബീര്‍. ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ശൈഖ് അബ്ദുറഹ്മാന്‍ അദമിയില്‍ നിന്നും ഹദീസ് വിജ്ഞാനത്തില്‍ അവഗാഹം നേടുകയും രിവായത്തു ചെയ്യാനുള്ള അനുമതി നേടുകയും ചെയ്തു. മറ്റെല്ലാ ശാസ്ത്ര ശാഖകളിലും നൈപുണ്യം നേടിയ മഖ്ദൂം തങ്ങള്‍ ഖാദിരിയ്യ, ശതാരിയ്യ തുടങ്ങിയ ത്വരീഖത്തുകള്‍ കരസ്ഥമാക്കി. നിത്യജീവിതത്തില്‍ സര്‍വരംഗത്തും സൂക്ഷ്മത പുലര്‍ത്തുകയും സമയം ക്രമീകരിച്ച് ആരാധനാ നിമഗ്‌നനാവുകയും ചെയ്ത ശൈഖ് മഖ്ദൂം തങ്ങള്‍ വിജ്ഞാന പ്രചരണത്തിനും ഗ്രന്ഥ രചനകള്‍ക്കും പ്രാധാന്യം നല്‍കി. അങ്ങനെ മലബാറിലെ മക്ക എന്ന നാമധേയത്തില്‍ പൊന്നാനി പ്രദേശം അറിയപ്പെട്ടു. കേരളത്തിലെ ആയിരക്കണക്കായ പള്ളികളിലേക്കും ദര്‍സുകളിലേക്കും ഇന്നും ഇവിടുത്തെ വൈജ്ഞാനിക വെളിച്ചം ഒഴുകിയെത്തുകയാണ്. ഹിജ്‌റ 911 ല്‍ വഫാത്തായ ഇമാം ജലാലുദ്ദീന്‍ സുയൂഥി(റ) അടക്കമുള്ള അക്കാലത്തെ ലോകപ്രശസ്ത പണ്ഡിതന്മാരുമായെല്ലാം അഭിമുഖം നടത്തുകയും പല വിഷയങ്ങളിലും സംവദിക്കുകയും ചെയ്തു. ഇമാം നൂറുദ്ദീനുല്‍ മഹല്ലി(റ), കമാലുദ്ദീന്‍ ദിമിശ്ഖി(റ) യെപ്പോലുള്ള ഉന്നത ശീര്‍ഷരായ പണ്ഡിതര്‍, അറേബ്യയിലും ഈജിപ്തിലുമൊക്കെയുള്ള പഠനകാലത്ത് അേദ്ദഹത്തിന്റെ സതീര്‍ഥൃരാണ്. യമന്‍, സഊദി അറേബ്യ, ഈജിപത് തുടങ്ങിയ ലോകത്തെ വിജ്ഞാന സാഗരങ്ങളായ ഇമാമുകളുടെ പണ്ഡിതരുടേയും ശ്രദ്ധാകേന്ദ്രമായി മാറി, കേരളവും പ്രത്യേകിച്ച് മലബാറും
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വിജ്ഞാന ശേഖരണവുമായി കറങ്ങി.അക്കാലത്തെ സര്‍വ പണ്ഡിതരുടേയും അംഗീകാരവും ഇജാസത്തും നേടിയ സൈനുദ്ദീന്‍ മഖ്ദൂം വര്‍ഷങ്ങള്‍ക്ക് ശേഷം പൊന്നാനിയില്‍ തിരിച്ചെത്തി. തദ്ദേശീയരെ മുഴുവന്‍ ഒരുമിച്ചുക്കൂട്ടി വലിയൊരു പള്ളി നിര്‍മാണത്തിന് പ്ലാന്‍ ചെയ്തു. സര്‍വരുടേയും സഹകരണത്തോടെ,”ഭക്തിയുടെ അസ്ഥിവാരത്തില്‍ പണിത വിശാലവും, സുദൃഢവുമായ ആ പള്ളി അഞ്ചുനൂറ്റാണ്ടുകള്‍ക്ക് ശേഷവും യാതൊരുപോറലുമേല്‍കാതെ പ്രൗഢമായി നിലനില്‍ക്കുന്നു. തങ്ങളുടെ ഖാളിയും ആത്മീയനേതാവുമായി പൊന്നാനി പ്രദേശത്തുകാരൊന്നടങ്കം മഖ്ദൂം തങ്ങളെ തെരഞ്ഞെടുത്തു.ഇതോടെ മുസ്‌ലാം ഉമ്മത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു.
വമ്പിച്ചൊരു വൈജ്ഞാനിക വിസ്‌ഫോടത്തിന് തുടക്കം കുറിച്ച മഖ്ദൂം തങ്ങള്‍ വിജ്ഞാന പ്രസരണത്തിനായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. കേരളത്തിന്റെ ഓരോ കുഗ്രാമത്തിലേക്കും പള്ളിദര്‍സുകളിലേക്ക് ഒഴുകിയെത്തുന്ന ആ പ്രകാശധാരകളുടെ കേന്ദ്ര ബിന്ദുവുമാണ് പൊന്നാനിപ്പള്ളി. പ്രൗഢമായ തന്റെ ദര്‍സിലേക്ക് ഇന്ത്യയുടെ വിവിധ “ഭാഗങ്ങളില്‍ നിന്നും പുറം രാജ്യങ്ങളില്‍നിന്നും വിജ്ഞാന കുതുകികള്‍ പൊന്നാനിയിലേക്ക് ഒഴുകി. ഇന്ത്യോനേഷ്യ,മലേഷ്യ,സിലോണ്‍, അറേബ്യ, ഈജിപ്ത്, സിറിയ, മക്ക, മദീന, ശാം, ബഗ്ദാദ്, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വിജ്ഞാന ദാഹികള്‍ വലിയ മഖ്ദൂം തങ്ങളെ ലക്ഷ്യം വെച്ച് പൊന്നാനിയിലേക്ക് നീങ്ങി.അക്കാലത്ത് ലോകപ്രശസ്തമായ ഒരു ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയായി പൊന്നാനി പള്ളി അറിയപ്പെട്ടു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സായുധ സമരത്തിന് ആഹ്വാനം ചെയ്തുകൊണ്ട് എഴുതിയ ഖസ്വീദത്തുല്‍ ജിഹാദിയ്യ, ഖസസുല്‍ അമ്പിയാഅ്. സീറത്തുന്നബി, മുര്‍ശിദുത്തുല്ലാബ്, സിറാജുല്‍ ഖുലൂബ്, ശംസുല്‍ ഹുദാ, തുഹ്ഫത്തുല്‍ അഹിബ്ബാഅ്, ഇര്‍ശാദുല്‍ ഖാസിദീന്‍, ശുഹബുല്‍ ഈമാന്‍, ഹിദായത്തുല്‍ അദ്കിയാഅ് തുടങ്ങിയവ തങ്ങളുടെ പ്രധാന കൃതികളാണ്. കൂടാതെ നിരവധി കവിതകളും എഴുതിയിട്ടുണ്ട്.
സൈനുദ്ദീന്‍ മഖ്ദൂമിന്റെ ഒന്നാമത്തെ മകന്‍ ചെറുപ്പത്തില്‍ മരിച്ചു. രണ്ടാമത്തെ മകന്‍ മുഹമ്മദുല്‍ ഗസ്സാലി പണ്ഡിതനും മാഹിക്കടുത്ത ചേമ്പാലില്‍ ഖാസിയുമായിരുന്നു. ഇവരുടെ മകനാണ് ഫത്ഹുല്‍ മുഈന്‍,തുഹ്ഫതുല്‍ മുജാഹിദീന്‍ തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ സൈനുദ്ദീന്‍ രണ്ടാമന്‍ എന്നറിയപ്പെടുന്ന മഖ്ദൂം സഗീര്‍. വിജ്ഞാന നെറുകയില്‍ മലബാറിന്റെ കീര്‍ത്തിയും പെരുമയും എത്തിക്കുന്നതില്‍ മഖ്ദൂമുമാര്‍ വഹിച്ച പങ്ക് അനല്‍പവും അതുല്യവുമാണ്.ഇന്ത്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഫത്ഹുല്‍ മുഈനിന്റെ പ്രസാധനം നടന്നു. ഈജിപ്ത് അടക്കം പലരാഷ്ട്രങ്ങളിലേയും മതസ്ഥാപനങ്ങളില്‍ പാഠ്യവിഷയമായിരുന്നു. മക്കയിലേയും യമനിലേയും മററും ഉന്നത പണ്ഡിതര്‍ ഇതിന് വ്യാഖ്യാനമെഴുതിയെന്നത് ഇന്ത്യന്‍ മുസ്‌ലീംങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്
ലോകത്തെ 15-ഓളം”ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട, ഇദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. വാസ്‌കോഡിഗാമയുടെ ആഗമനം മുതലുള്ള കേരള ചരിത്രം ആധികാരികമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥമാണ് ചരിത്രപഠനത്തിന്‍ ലോകസഞ്ചാരികളും ചരിത്രകാരന്‍മാരും അവലംബമാക്കിയത്.ഇങ്ങനെ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ മഖ്ദൂം സഗീര്‍ വടകരക്കടുത്ത കുഞ്ഞിപ്പള്ളിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇതിനൊക്കെ പുറമെ ഒട്ടേറ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്.
മൂന്നാമത്തെ മകന്‍ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം പിതാവിന് ശേഷം പൊന്നാനി ഖാസിയും മുദരിസ്സുമായി സ്ഥാനമേറ്റു. ലോക പ്രശസ്ഥ അറബി വ്യാകരണ ഗ്രന്ഥമായ “”അല്‍ഫിയ” ക്ക് പിതാവ് എഴുതി പൂര്‍ത്തീകരിക്കപ്പെടാത്ത ഭാഗം എഴുതിയത് ഇദ്ദേഹമാണ്. കൂടാതെ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. വൈദേശിക ആധിപത്യത്തിന്നെതിരെ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന “ഖസീദ” കളും, ഗ്രന്ഥങ്ങളും രചിച്ചു.പോര്‍ച്ച്ഗീസ് അധിനിവേശത്തിനെതിരില്‍ ശക്തമായ ചെറുത്ത് നില്‍പിന് നേതൃത്വം കൊടുത്തു.ചുരുക്കത്തില്‍ മുസ്ലിംകള്‍ക്ക് ആത്മീയ വൈജ്ഞാനിക രംഗത്തും ഒപ്പം സാമൂഹ്യ- സേവന രംഗത്തും ഒരുപോലെ ധിഷണപരമായ നേതൃത്വം നല്‍കിയ പണ്ഡിത പ്രതിഭകളായിരുന്നു മഖ്ദൂമുമാര്‍. ഹിജ്‌റ 928 ശഅ്ബാന്‍ 16 ന് രാവിലെ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം എന്ന മഖ്ദൂം കബീര്‍ (റ) മരണപ്പെട്ടു. ഇവരെക്കുറിച്ച് കൂടുതല്‍ പഠനത്തിനും ഗവേഷണത്തിനും നാം തയ്യാറാവേണ്ടതുണ്ട്

Latest