കാളികാവ് പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്‌

Posted on: June 9, 2015 12:20 pm | Last updated: June 9, 2015 at 12:20 pm

കാളികാവ്: ലീഗ് തെറ്റിയതോടെ യു ഡി എഫ് സംവിധാനം തകര്‍ന്ന കാളികാവില്‍ ഗ്രാമ പഞ്ചായത്ത് ഭരണം പൂര്‍ണമായും കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലായി.
ലീഗ് വിട്ടൊഴിഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി ദാമോദരന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വര്‍ഷങ്ങളായി യു ഡി എഫ് സംവിധാനത്തില്‍ കോണ്‍ഗ്രസും ലീഗും ഭരിച്ച പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ഒരേസമയം കോണ്‍ഗ്രസിന് ലഭിക്കുന്നത്. 2010-ല്‍ യു ഡി എഫ് സംവിധാനത്തില്‍ കോണ്‍ഗ്രസും ലീഗും ഭരിച്ചു തുടങ്ങിയ പഞ്ചായത്തില്‍ വിവിധ പദ്ധതികളില്‍ അഴിമതി ആരോപിച്ച് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
യൂത്ത് ലീഗ് നടപടിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് ലീഗു കാരനായ വൈസ് പ്രസിഡന്റ് കെ കുഞ്ഞാപ്പഹാജി കഴിഞ്ഞ ഡിസംബറില്‍ രാജിവെച്ചു. തുടര്‍ന്ന് ലീഗിലെ പറമ്പാടന്‍ ഉമ്മര്‍ വൈസ്പ്രസിഡന്റായി. യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും തമ്മിലുണ്ടായ വാക്കേറ്റങ്ങളും പൊതുയോഗങ്ങളിലെ പരാമര്‍ശങ്ങളും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള അകല്‍ച്ച കൂട്ടി. ഇതോടെ മുസ് ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാന പ്രകാരം ലീഗിലെ പി ഉമ്മര്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ലീഗ് കൈവശം വെച്ചിരുന്ന ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും ഒഴിവായി.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി ദാമോദരന്‍ അടക്കാകുണ്ട് വാര്‍ഡ് അംഗമാണ്. സി പി എമ്മിലെ വി മുസ്തഫയെ മൂന്നിനെതിരെ 11 വോട്ടുകള്‍ക്കാണ് ദാമോദരന്‍ പരാജയപ്പെടുത്തിയത്. മുസ്‌ലിം ലീഗിന്റെ അഞ്ച് അംഗങ്ങളും തിരഞ്ഞടുപ്പില്‍ നിന്നും വിട്ടു നിന്നു.