ആന്ധ്രാ മുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തിയതിന് തെലങ്കാനാ മുഖ്യമന്ത്രിക്കെതിരെ കേസ്

Posted on: June 9, 2015 4:11 am | Last updated: June 8, 2015 at 11:11 pm

andra and thelunkanaഹൈദരാബാദ്: തെലങ്കാനാ ലജിസ്‌ലേറ്റീവ് കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ടി ഡി പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ തെലുങ്ക് ദേശം പാര്‍ട്ടി എം എല്‍ എ അറസ്റ്റിലായ സംഭവം പുതിയ തലങ്ങളിലേക്ക് നീങ്ങുന്നു. വോട്ടിന് പകരം പണം നല്‍കിയ സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അന്വേഷണത്തിന് മുതിരുന്ന തെലങ്കാനാ രാഷ്ട്ര സമിതി നേതൃത്വത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനാണ് ടി ഡി പി ശ്രമം.
ഇതിന്റെ ഭാഗമായി, ചന്ദ്രബാബു നായിഡുവിന്റെ ഫോണ്‍ കോള്‍ നിയമവിരുദ്ധമായി ചോര്‍ത്തിയെന്നാരോപിച്ച് തെലങ്കാനാ മുഖ്യമന്ത്രിയും ടി ആര്‍ എസ് നേതാവുമായ കെ ചന്ദ്രശേഖര്‍ റാവിനെതിരെ ആന്ധ്ര പോലീസ് കേസെടുത്തു. വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ എന്‍ വി വി പ്രസാദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ബി തിരുമാല റാവു അറിയിച്ചു. നായിഡുവിന്റെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാണ് ഫോണ്‍ ചോര്‍ത്തലെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയില്‍ കരിവാരിതേക്കാനാണ് ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. കെ ചന്ദ്രശേഖര റാവുവിനെതിരെ ഐ പി സി സെക്ഷന്‍ 464, 647, 471, 166, 167, 120ബി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. താന്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് വോട്ട് ഉറപ്പാക്കാന്‍ നോമിനേറ്റഡ് അംഗം എല്‍വിസ് സ്റ്റീഫന്‍സണ്‍ എം എല്‍ എക്ക് കൈക്കൂലി കൊടുക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ തെലുങ്ക് ദേശം എം എല്‍ എ രേവാന്ദ് റെഡ്ഢിയെയാണ് കഴിഞ്ഞ ആഴ്ച പോലീസ് അറസ്റ്റ് ചെയ്തത്.
അതിനിടെ, നായിഡുവും നാമനിര്‍ദേശം ചെയ്യപ്പെട്ട എം എല്‍ എ എല്‍വിസ് സ്റ്റീഫന്‍സനുമായുള്ള ടെലിഫോണ്‍ സംഭാഷണം പ്രാദേശിക ടെലിവിഷനുകള്‍ പുറത്തുവിട്ടു. ഈ സംഭാഷണം കൃത്രിമമാണെന്നും നായിഡുവിനെ അവഹേളിക്കാന്‍ ടി ആര്‍ എസുകാര്‍ കരുതിക്കൂട്ടി ഉണ്ടാക്കുന്ന വിവാദമാണ് ഇതെന്നും ആന്ധ്രാ സര്‍ക്കാര്‍ ആരോപിക്കുന്നു. ഒരിക്കല്‍ ഒന്നായിരുന്ന ഇരു സംസ്ഥാനങ്ങളും തമ്മില്‍ കടുത്ത തര്‍ക്കത്തിലേക്കും രാഷ്ട്രീയ പകപോക്കലിലേക്കും നീങ്ങുന്ന സംഭവത്തില്‍ നായിഡുവിന്റെ പങ്ക് തെളിയിക്കുന്ന നിരവധി വസ്തുതകള്‍ തന്റെ കൈയിലുണ്ടെന്ന് തെലങ്കാനാ ആഭ്യന്തര മന്ത്രി എന്‍ നരസിംഹ റെഡ്ഢി വ്യക്തമാക്കിയിരുന്നു. ഇതോടെ തെലങ്കാനാ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നീക്കങ്ങളാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രേവാന്ദ് റെഡ്ഢിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
നിയമസഭയുടെ ഉപരിസഭയിലേക്ക് ടി ഡി പിയും ബി ജെ പിയും സംയുക്തമായി നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ നോമിനേറ്റഡ് അംഗത്തിന് അഞ്ച് കോടി രൂപയാണ് രേവാന്ദ് റെഡ്ഡി വാഗ്ദാനം ചെയ്തത്. ഇതില്‍ ആദ്യ ഗഡുവായ 50 ലക്ഷം രൂപ നല്‍കുമ്പോഴാണ് അറസ്റ്റിലായത്. ഒളിക്യാമറയില്‍ പതിഞ്ഞ രേവാന്ദിന്റെ സംഭാഷണത്തില്‍ പല പ്രാവശ്യം ‘ബോസി’നെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇത് ചന്ദ്രബാബു നായിഡുവിനെ ഉദ്ദേശിച്ചാണെന്ന് അന്വേഷണ സംഘം കരുതുന്നു. എല്‍വിസ് സ്റ്റീഫന്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നോമിനേറ്റഡ് അംഗമാണ്.
നായിഡുവിനെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. വൈ എസ് ആര്‍ കോണ്‍ഗ്രസ് മേധാവി ജഗന്‍മോഹന്‍ റെഡ്ഢി ഈ ആവശ്യമുന്നയിച്ച് ആന്ധ്രാ, തെലങ്കാനാ സംസ്ഥാനങ്ങളുടെ സംയുക്ത ഗവര്‍ണറായ ഇ എസ് എല്‍ നരംസിംഹത്തെ കണ്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഞ്ച് ടി ഡി പി. എം എല്‍ എമാര്‍ ടി ആര്‍ എസില്‍ ചേര്‍ന്നിരുന്നു. തെലങ്കാനയിലെ തങ്ങളുടെ എം എല്‍ എമാരെ ടി ആര്‍ എസ് ചാക്കിട്ട് പിടിക്കുകയാണെന്ന ആരോപണമാണ് തെലുങ്ക് ദേശം ഉന്നയിക്കുന്നത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പ് പാര്‍ട്ടി അഭിമാന പ്രശ്‌നമായാണ് കണ്ടിരുന്നത്.