Connect with us

Articles

ആടിനും കോഴിക്കും കിട്ടാത്ത പരിരക്ഷ!

Published

|

Last Updated

ബി ജെ പിയുടെ ദേശീയ നേതാക്കളിലൊരാളായ സുരേഷ്‌സോണി ഇന്ത്യയിലെ ജാതിവ്യവസ്ഥക്ക് ഉത്തരവാദികള്‍ മുസ്‌ലിംകളും മാംസഭുക്കുകളുമാണെന്ന് സമര്‍ഥിക്കാനുള്ള അപഹാസ്യമായ ശ്രമമാണ് നടത്തുന്നത്. സുരേഷ് സോണിയുടെ നിരീക്ഷണങ്ങള്‍ നോക്കൂ: “തുര്‍ക്കികളുടെയും മുസ്‌ലിംകളുടെയും മുഗളരുടെയും കാലഘട്ടത്തിലാണ് ദളിതരുടെ ഉല്‍പത്തി. മധ്യകാലഘട്ടങ്ങളില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കുമെതിരായി നടന്ന ആക്രമണങ്ങളുടെ ഫലമായിട്ടാണ് ഇന്നത്തെ ജാതികളായ വാത്മീകികള്‍, സുദര്‍ശന്‍, മജ്ഹബി, സിഖുകാര്‍ തുടങ്ങിയവരും അതിന്റെ ഉപജാതികളായി 624 ജാതികളും ഉണ്ടായത്”. സംഘപരിവാര്‍ അധഃസ്ഥിത ജാതിസ്വത്വങ്ങളെ ഹിന്ദുത്വത്തിലേക്ക് ചേര്‍ക്കാനും കടുത്ത മുസ്‌ലിം വിരോധത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു ഏകീകരണം രൂപപ്പെടുത്താനുമുള്ള പുത്തന്‍ സിദ്ധാന്തങ്ങളെ എഴുന്നള്ളിക്കുകയാണെന്നാണ് ഇത്തരം ചരിത്രവിരുദ്ധമായ വാദങ്ങളെല്ലാം കാണിക്കുന്നത്. മനുസ്മൃതിക്ക് മുമ്പ് തന്നെ ശുദ്ധാശുദ്ധങ്ങളുടേതായ ജാതി വ്യവസ്ഥയെ സാധൂകരിക്കുന്ന നിലപാടുകള്‍ പൗരാണിക ഇന്ത്യയില്‍ നിലനിന്നിരുന്നു. ബി സി 1000നും 500നും ഇടയില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് എന്നുകരുതുന്ന ജൈവിനീയ ബ്രാഹ്മണത്തില്‍ ശൂദ്രനെ അടിമയും ബ്രാഹ്മണനെ പ്രജാപതിയുമായിട്ടാണ് വിശദീകരിക്കുന്നത്. മേല്‍ജാതിക്കാരായ മൂന്ന് വര്‍ണങ്ങളെയും സേവിക്കുക മാത്രമാണ് ശൂദ്രധര്‍മം എന്നാണ് ബ്രാഹ്മണങ്ങളും സ്മൃതികളുമെല്ലാം ഒരുപോലെ ആവര്‍ത്തിച്ചിട്ടുള്ളത്. ഇതെല്ലാം മറച്ചുപിടിച്ച് ജാതിവ്യവസ്ഥ മാംസഭുക്കുകളുടെയും വിദേശ അക്രമികളായ മുസ്‌ലിംകളുടെയും സൃഷ്ടിയാണെന്ന് പ്രചരിപ്പിക്കുന്ന സംഘപരിവാറിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ ചിന്താരംഗത്തും പ്രയോഗരംഗത്തും പ്രതിരോധിക്കുക എന്നത് ഇന്ത്യയെന്ന മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിന്റെ നിലനില്‍പിന്റെ തന്നെ മുന്നുപാധിയാണ്.
ഗോവധനിരോധനവാദത്തിന് ഇന്ത്യയുടെ കൊളോണിയല്‍ അധീശത്വചരിത്രത്തോളം വേരുകളുണ്ടെന്ന് സൂചിപ്പിച്ചല്ലോ. അതിന്റെ പ്രത്യയശാസ്ത്രപരിസരം ബ്രാഹ്മണ്യവും ചാതുര്‍വര്‍ണ്യവ്യവസ്ഥയുമാണ്. പശുവിനെ ഗോമാതാവായി ദൈവവത്കരിച്ചത് ബ്രാഹ്മണ്യമാണ്. പശുവിനെ കൊല്ലുന്നത് പാപമായിട്ടാണ് ബ്രാഹ്മണ വിശ്വാസം പരിഗണിച്ചിരുന്നത്. ചരിത്രത്തെ അതിന്റെ നിര്‍ണയന ശക്തികളുടെ വസ്തുനിഷ്ഠ വികാസഗതിയിലാണ് വിലയിരുത്തേണ്ടത്. അങ്ങനെ വരുമ്പോള്‍ പശുവിനെ ആരാധിക്കുന്ന സംസ്‌കാരവും വിശ്വാസവും ഒരു കാര്‍ഷിക സംസ്‌കൃതിയുടെ ഉല്‍പന്നമായിട്ടേ കാണാന്‍ കഴിയൂ. അതായത് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കന്നുകാലികളെ സംരക്ഷിക്കുക എന്നതായിരുന്നു അത്തരമൊരു വിശ്വാസത്തിന്റെ ചരിത്രപരമായ ന്യായയുക്തി എന്ന് അനുമാനിക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയുടെ വേദവൈദിക പാരമ്പര്യവും ഇതിഹാസങ്ങളും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനിച്ചും ഒരു ഗോവധവിരോധസിദ്ധാന്തം ഹിന്ദുത്വശക്തികള്‍ തങ്ങളുടെ വര്‍ഗീയ അജന്‍ഡയുടെ ഭാഗമായി ആവിഷ്‌കരിച്ചെടുക്കുകയാണ് ഉണ്ടായത്.
പശുക്കളെ സംരക്ഷിക്കാനായി നിയമമുണ്ടാക്കുന്നവര്‍ ഈ നിയമത്തിന്റെ ആനുകൂല്യം ആടിനും കോഴിക്കും നല്‍കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനുത്തരം ബ്രാഹ്മണിക സംസ്‌കാരത്തിന്റെയും മൂല്യവ്യവസ്ഥയുടെയും പുനരുജ്ജീവന യത്‌നങ്ങളുടെ ഭാഗമാണ് ഗോവധനിരോധനം എന്നതാണ്. നവലിബറല്‍ മൂലധനത്തിന്റെ അധിനിവേശ കാറ്റാണ് ബ്രാഹ്മണിക പാരമ്പര്യത്തെ പുനരവതരിപ്പിക്കുന്ന ഹിന്ദുത്വ അജന്‍ഡയുടെ ഗതിവേഗം കൂട്ടിയത്. എല്ലാവിധ ലിബറല്‍ ജനാധിപത്യമൂല്യങ്ങളെയും നിരാകരിക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. ബുദ്ധിസത്തിന്റെ തകര്‍ച്ചക്കു ശേഷം ഇന്ത്യയുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥക്ക് മേല്‍ ആധിപത്യം നേടിയ വര്‍ഗങ്ങളുടെ പ്രത്യയശാസ്ത്രം എന്നനിലയിലാണ് ബ്രാഹ്മണാധിഷ്ഠിത ഹിന്ദുത്വവാദം അക്രമോത്സുകമായ മാനങ്ങള്‍ കൈവരിച്ചത്. ഉത്പാദന ശക്തികളുടെയും തൊഴില്‍ വിഭജനത്തിന്റെയും അടിസ്ഥാനത്തില്‍ സംഭവിച്ച പരിവര്‍ത്തനങ്ങളാണ് ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്യാനാകാത്ത അധീശത്വശക്തിയാക്കി മാറ്റിയത്. ആദിശങ്കരന്റെ വരവോടെയാണ് ബ്രാഹ്മണ്യം അക്രമാസക്തമായ പ്രത്യയശാസ്ത്രമായി ശക്തിപ്രാപിക്കുന്നത്. ചാതുര്‍വര്‍ണ്യത്തെയും ബ്രാഹ്മണിക മൂല്യങ്ങളെയും ഒരേകോപനശക്തിയായി തിരിച്ചറിഞ്ഞുകൊണ്ടാണ് ആര്‍ എസ് എസ് അതിന്റെ ഹിന്ദുരാഷ്ട്രവാദ സിദ്ധാന്തങ്ങള്‍ മുന്നോട്ടുവെച്ചത്. ചാതുര്‍വര്‍ണ്യം ബുദ്ധന്റെ വരവോടെ അധഃപതനത്തെ നേരിട്ടപ്പോഴാണ് ശങ്കരന്റെ മായാവാദം അവതരിപ്പിക്കപ്പെടുന്നത്. ചാതുര്‍വര്‍ണ്യത്തിന്റെ നിഷ്ഠൂരതയില്‍ പിടയുന്ന ജനങ്ങളെ ജഗത് മിഥ്യയാണെന്നും ബ്രഹ്മം മാത്രമാണ് സത്യമായിട്ടുള്ളതെന്നും വാദിച്ചുകൊണ്ട് ലോകത്തെ തന്നെ അപ്രസക്തമാക്കുകയാണ് ശങ്കരന്‍ ചെയ്തത്. ശങ്കരന്റെ അദൈ്വതം ബ്രാഹ്മണ്യത്തിന് അതിന്റെ ക്ഷതങ്ങളെ അതിജീവിക്കാന്‍ പ്രത്യയശാസ്ത്രപരമായ ബലം നല്‍കുകയായിരുന്നു. ശങ്കരന്‍ മിഥ്യയായിക്കണ്ട ലോകം യാഥാര്‍ഥ്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് നവോത്ഥാനനായകര്‍ ചാതുര്‍ വര്‍ണ്യമൂല്യവ്യവസ്ഥക്കെതിരെ കലാപമുയര്‍ത്തിയത്. ശുദ്ധാശുദ്ധങ്ങളുടേതായ വര്‍ണനീതിയെ കര്‍മം കൊണ്ട് മാറ്റിത്തീര്‍ക്കാനാണ് ശങ്കരന്റെ അദൈ്വതത്തെ ചോദ്യം ചെയ്തുകൊണ്ട് നാരായണ ഗുരു ആഹ്വാനം ചെയ്തത്.
നവോത്ഥാനത്തിന്റേയും സാമ്രാജ്യത്വവിരുദ്ധമായ ഇന്ത്യന്‍ ദേശീയപാരമ്പര്യത്തിന്റേയും എല്ലാ ധാരകളെയും ആര്‍ എസ് എസ് അതിന്റെ ജന്മകാലം മുതല്‍ ചോദ്യം ചെയ്തിട്ടുണ്ട്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സോഷ്യലിസത്തെയും പാശ്ചാത്യ ആശയങ്ങളായി ആക്ഷേപിച്ച് നിരാകരിക്കാനാണ് സംഘപരിവാര്‍ എല്ലാ കാലത്തും ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയുടെ ദേശീയപുരോഗതിക്ക് സഹസ്രാബ്ദങ്ങളായി തടസ്സം സൃഷ്ടിച്ച ബ്രാഹ്മണമേധാവിത്വത്തെയും അതിന്റെ സാമൂഹിക സാംസ്‌കാരിക മൂല്യങ്ങളെയുമാണ് ആര്‍ എസ് എസ് എന്നും പരിലാളിച്ചുപോന്നത്. മാംസാഹാരികള്‍ അശുദ്ധരും തൊട്ടുകൂടാത്തവരുമാണെന്ന് പ്രചരിപ്പിച്ച് മതവിദേ്വഷത്തെയും ബ്രാഹ്മണ്യത്തിന്റെ ശുദ്ധാശുദ്ധങ്ങളുടേതായ പ്രത്യയശാസ്ത്രത്തെയും പുനരാനയിക്കുകയാണ് ഗോവധനിരോധനനടപടികളിലൂടെ ഹിന്ദുത്വശക്തികള്‍. ഒരുവേള നമ്മുടെ ചരിത്രവും ഇതിഹാസവുമായി ഈ ബ്രാഹ്മണ രാഷ്ട്രീയത്തിന് ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. മഹാഭാരതത്തിലും രാമായണത്തിലുമൊക്കെ ഗോവധത്തിന്റെയും ഗോമാംസഭോജനത്തിന്റെയും എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ഋഗേ്വദത്തിലെ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായ എല്ലാ ദേവീദേവന്മാരും ഗോമാംസം ഭക്ഷിച്ചിരുന്നു. ഇതെല്ലാം കാണിക്കുന്നത് കൊളോണിയല്‍-ബ്രാഹ്മണികപ്രത്യയശാസ്ത്രമാണ് പശുവിനെ ദൈവമാക്കുന്നതും പശുരാഷ്ട്രീയം വളര്‍ത്തിയെടുക്കുന്നതുമെന്നാണ്.

Latest