സ്വര്‍ണക്കടത്തും അധോലോകവും

Posted on: June 8, 2015 6:11 pm | Last updated: June 8, 2015 at 6:12 pm

gold barഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുന്നു. നെടുമ്പാശ്ശേരി, മംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിലേക് കിലോക്കണക്കിന് സ്വര്‍ണമാണ് വിമാനത്തില്‍ കടത്തുന്നത്. ഇതിനിടയില്‍ ഗുജറാത്തിലേക്ക് കപ്പല്‍ വഴി കള്ളക്കടത്തുണ്ട്. ഗുജറാത്തിലേക്കുള്ളത് വന്‍കിടക്കാരുടെ കള്ളക്കടത്തായതിനാല്‍ പിടിക്കപ്പെടുന്നില്ല.
കഴിഞ്ഞ ദിവസം മുംബൈയില്‍ എട്ടുകിലോയും മംഗളൂരുവില്‍ 2.2 കിലോയും സ്വര്‍ണം പിടികൂടി. മസ്‌കത്തില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിന്റെ വാലറ്റത്ത് ശുചിമുറിയില്‍ ഓരോ കിലോയുടെ എട്ടു സ്വര്‍ണക്കട്ടികള്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
മംഗലാപുരത്ത്, ദുബൈയില്‍ നിന്നുള്ള വിമാനത്തില്‍ ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. വിമാന ജീവനക്കാരുടെ ഒത്താശയോടെയാണ് കള്ളക്കടത്ത് എന്ന് സംശയമുണ്ട്.
സ്വര്‍ണക്കടത്തിന് വന്‍ ശൃംഖല ഉരുത്തിരിഞ്ഞുവന്നതായാണ് സൂചനകള്‍. ഗള്‍ഫ് നഗരങ്ങളില്‍ മിക്കയിടത്തും ഇന്ത്യയില്‍ മുംബൈ, മംഗലാപുരം, അഹമ്മദാബാദ് നഗരങ്ങളിലും നിഗൂഡ നിക്ഷേപകരും ഏജന്റുമാരും ഉണ്ട്. ഇവര്‍ക്കുവേണ്ടി ഇന്ത്യയില്‍ പലയിടത്തും ഗുണ്ടാസംഘങ്ങള്‍ സജീവം. വരും കാലത്ത് ഇത് വലിയ ക്രമസമാധാന പ്രശ്‌നമായിമാറും. ഗള്‍ഫില്‍ ജീവിതോപാധി കണ്ടെത്തിയ സാധാരണക്കാരെ പ്രലോഭിപ്പിച്ച്, കമ്മീഷന്‍ നല്‍കി നാട്ടിലേക്ക് സ്വര്‍ണം എത്തിക്കുന്ന രീതിമാറ്റി, വിശ്വസ്തരായ സ്ഥിരം ഏജന്റുമാര്‍ വഴി സ്വര്‍ണം എത്തിക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിക്കുന്നത്.
ആറുമാസം ഗള്‍ഫില്‍ തങ്ങിയ ആള്‍ക്ക് നികുതിയടച്ച് ഒരുകിലോ സ്വര്‍ണം കൊണ്ടുപോകാമെന്നാണ് നിയമം. അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ കൈയില്‍ ഒരു കിലോ സ്വര്‍ണവും വിമാനത്താവളത്തില്‍ നികുതി അടക്കാനുള്ള പണവും കമ്മീഷനും നല്‍കി അയക്കുന്നത് ഈയിടെ കുറഞ്ഞു വന്നു.
അത്തരം കാരിയര്‍മാരെ എളുപ്പം കിട്ടുന്നില്ല. മാത്രമല്ല, വിമാനത്തിന്റെ ശുചിമുറിയിലും മറ്റും ഒളിപ്പിച്ച് സ്വര്‍ണം കടത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയാണെങ്കില്‍ വന്‍ ലാഭമാണ്. വിമാനത്താവളത്തില്‍ നികിതി അടക്കണ്ട; കാരിയര്‍ക്ക് കമ്മീഷന്‍ നല്‍കണ്ട. വിമാനത്താവളത്തിലെയും വിമാനത്തിലെയും ജീവനക്കാരുടെ ഒത്താശയുണ്ടെങ്കില്‍ സ്വര്‍ണക്കടത്ത് എളുപ്പം.
നെടുമ്പാശ്ശേരിയില്‍ സ്വര്‍ണക്കടത്തിന് ഒത്താശ ചെയ്തതിന് നിരവധി ഉദ്യോഗസ്ഥരെ കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നു. മംഗലാപുരത്തും നടപടി സ്വീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസത്തെ സ്വര്‍ണക്കടത്ത് വിമാനത്താവള ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് ഡി ആര്‍ ഐ സംശയിക്കുന്നു.
80 കളില്‍ മുംബൈ, കാസര്‍കോട്, മംഗലാപുരം, ഗോവ കേന്ദ്രീകരിച്ച് കള്ളക്കടത്ത് നിരവധി ഏറ്റുമുട്ടലുകള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമായിട്ടുണ്ട്. കാസര്‍കോട് ഇന്നും അതിന്റെ ദുരിതം അനുഭവിക്കുന്നവര്‍ ഏറെ. അക്കാലത്തേക്ക് അധോലോകം മടങ്ങിപ്പോകുമെന്നതാണ് സൂചന.