Connect with us

Gulf

മെട്രോ സ്റ്റേഷനുകളിലെ സ്മാര്‍ട് കിയോസ്‌കുകള്‍ ഉപയോഗിച്ചത് 9.77 ലക്ഷം പേര്‍

Published

|

Last Updated

ദുബൈ: മെട്രോ സ്റ്റേഷനുകളില്‍ വിവരങ്ങള്‍ സ്വയം കണ്ടെത്താന്‍ സ്ഥാപിച്ച സ്മാര്‍ട് കിയോസ്‌കുകള്‍ ഉപയോഗപ്പെടുത്തിയത്. 9.77 ലക്ഷം പേര്‍. ഈ വര്‍ഷം ആദ്യം മുതലുള്ള കണക്കാണിതെന്ന് ആര്‍ ടി എ വ്യക്തമാക്കി.
ചുവപ്പ്, പച്ച പാതകളിലെ 23 സ്റ്റേഷനുകളിലായി 50 സ്മാര്‍ട് ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകളാണ് ആര്‍ ടി എ സ്ഥാപിച്ചിട്ടുള്ളത്. സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങളടങ്ങിയ വിവിധ കാര്യങ്ങളെക്കുറിച്ചാണ് സ്മാര്‍ട് കിയോസ്‌കുകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. 977112 പേരാണ് ഈ സൗകര്യം ഈ വര്‍ഷം ആദ്യം മുതല്‍ ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ദുബൈ ഗവണ്‍മെന്റിനു കീഴിലെ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്മാര്‍ട് ഗവണ്‍മെന്റ് അവാര്‍ഡില്‍ ആഭ്യന്തര പരസ്പര സഹകരണ വിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായത് ഈ സ്മാര്‍ട് കിയോസ്‌കുകളായിരുന്നു.
ദുബൈയെ സമ്പൂര്‍ണ സ്മാര്‍ട് നഗരമാക്കി മാറ്റുന്നതിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം മുമ്പോട്ടു വെച്ച പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷാദ്യമാണ് ആര്‍ ടി എ മെട്രോ സ്റ്റേഷനുകളില്‍ സ്മാര്‍ട് കിയോസ്‌കുകള്‍ സ്ഥാപിച്ചതെന്ന് ആര്‍ ടി എയിലെ ട്രെയിന്‍ വിഭാഗം എക്‌സി. ഡയറക്ടര്‍ അബ്ദുല്ല യൂസുഫ് ആല്‍ അലി വ്യക്തമാക്കി. മെട്രോ യാത്രക്കാര്‍ക്ക് ഇത്തരമൊരു സ്മാര്‍ട് ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് ആവശ്യമാണെന്ന് ആര്‍ ടി എക്ക് ബോധ്യപ്പെട്ടതും ഇത്തരമൊരു സംരംഭംപെട്ടെന്ന് തുടങ്ങാന്‍ പ്രേരകമായതായി ആല്‍ അലി പറഞ്ഞു. സുരക്ഷിതമായും സമയ നഷ്ടമില്ലാതെയും മെട്രോ ഉപയോഗപ്പെടുത്തി നഗരത്തില്‍ എങ്ങിനെ യാത്ര ചെയ്യാമെന്നാണ് കിയോസ്‌കുകള്‍ നല്‍കുന്ന പ്രധാന വിവരം.
സ്റ്റേഷനുകളുടെ പേരു വിവരങ്ങള്‍, സ്റ്റേഷന്‍ നില്‍ക്കുന്ന സ്ഥലം, ഓരോ സ്റ്റേഷനുകള്‍ക്കിടയില്‍ യാത്ര ചെയ്ത് എത്താന്‍ വേണ്ട സമയം തുടങ്ങിയവക്കുപുറമെ ഗൂഗിള്‍ മാപ്പ് വഴിയുള്ള ദുബൈ നഗരത്തിന്റെ അപ്പപ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന പുതിയ വിവരങ്ങളും സ്മാര്‍ട് കിയോസ്‌കുകള്‍ വഴി അന്വേഷകര്‍ക്ക് ലഭിക്കും. ഓരോ മെട്രോ സ്റ്റേഷന്റെയും പ്രത്യേക വിശദമായ പ്ലാനും ഈ സംവിധാനം വഴി ലഭിക്കും.

Latest