Connect with us

International

ഇ-ബേ വഴി സൂര്യനെ വില്‍ക്കാന്‍ അനുവദിച്ചില്ല; യുവതി കോടതിയില്‍

Published

|

Last Updated

ലണ്ടന്‍: സൂര്യന്റെ ഒരു ഭാഗം തന്റെതാണെന്ന് അവകാശപ്പെട്ട് ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ഇ – ബേ ഡോട്ട്‌കോം വഴി വില്‍പ്പന നടത്താനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്ന് സ്പാനിഷ് യുവതി കോടതിയില്‍. സ്‌പെയിനിലെ വിഗോയിലുള്ള മറിയ ദുരാന്‍ എന്ന സ്ത്രീയാണ് സൂര്യന്റെ ഉടമാവകാശവുമായി രംഗത്ത് വന്നത്. പരാതിയില്‍ അടുത്ത മാസം കോടതി വാദം കേള്‍ക്കും.

2010 മുതല്‍ സൂര്യന്റെ ഒരു ഭാഗം തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് യുവതിയുടെ വാദം. സ്‌പെയിനിലെ ഒരു നോട്ടറി ഓഫീസിലാണ് ഇത് രജിസ്റ്റര്‍ ചെയ്തതെന്നും യുവതി പറയുന്നു. ഇതേ തുടര്‍ന്ന് ഇ – ബേയില്‍ അക്കൗണ്ട് തുടങ്ങിയ യുവതി സൂര്യനെ പതിച്ച് വില്‍ക്കാന്‍ ആരംഭിക്കുകയായിരുന്നു. ഒരു സ്‌ക്വയര്‍ മീറ്ററിന് ഒരു യൂറോ വിലയിട്ടാണ് വിര്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഇ – ബേ അധികൃതര്‍ യുവതിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതോടയാണ് യുവതി കോടതിയെ സമീപിച്ചത്.

കോടതിക്ക് പുറത്ത് പ്രശ്‌നപരിഹാരത്തിനായി ഇ-ബേ ശ്രമം നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. അന്താരാഷ്ട്ര ഉടമ്പടി അനുസരിച്ച് ഒരു രാജ്യത്തിനും സൂര്യന്റെയോ നക്ഷത്രങ്ങളുടെയോ ഉടമാവകാശം വാദിക്കാനാകില്ല. എന്നാല്‍ താന്‍ ഒരു വ്യക്തിയാണെന്നും അതിനാല്‍ ഈ ഉടമ്പടി തനിക്ക് ബാധകമല്ലെന്നുമാണ് യുവതിയുടെ വാദം. ഇ ബേ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെങ്കിലും സ്വന്തം വെബ്‌സൈറ്റ് വഴി യുവതി സൂര്യന്‍ വില്‍പ്പന തുടരുകയാണ്.