പാട്രിയറ്റില്‍ നിന്ന് ഫ്രീഡത്തിലേക്കുള്ള ദൂരം

Posted on: June 7, 2015 10:19 am | Last updated: June 7, 2015 at 10:20 am

snowdenരാജ്യം സ്വാതന്ത്ര്യം നേടി എന്ന് പറഞ്ഞാല്‍ വൈദേശികാധിപത്യത്തില്‍ നിന്ന് രാജ്യം മോചിതയായി എന്നേ അര്‍ഥമുള്ളൂ. പൗരന്‍ സ്വതന്ത്രമായി എന്ന് അര്‍ഥമില്ലെന്ന് ആധുനിക രാഷ്ട്രങ്ങള്‍ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം, സ്വയം നിര്‍ണയം, വ്യക്തിത്വം, സ്വകാര്യത തുടങ്ങിയ പരികല്‍പ്പനകള്‍ക്ക് അത്രമേല്‍ പരുക്കേറ്റിരിക്കുന്നു. രാഷ്ട്രങ്ങള്‍ എത്രകണ്ട് പരമാധികാരം സിദ്ധിക്കുന്നുവോ അത്ര കണ്ട് അത് സ്വന്തം പൗരന്‍മാരുടെ അധികാരം കവര്‍ന്നെടുക്കുന്നു. ഇന്നത്തെ ശാക്തിക ബലാബലത്തില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നത് അമേരിക്കന്‍ ഐക്യനാടുകളാണല്ലോ. ആ അമേരിക്കയിലെ പൗരന്‍മാരാണ് ഏറ്റവും വലിയ അസ്വാതന്ത്ര്യം അനുഭവിക്കുന്നത്. 2001 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആ രാഷ്ട്രത്തിന്റെ ഭരണാധികാരികളെ നിതാന്തമായ ഭയത്തില്‍ തള്ളിയിട്ടു. ആരെയും അവര്‍ സംശയിക്കുന്ന ഗതി വന്നു. അത് ഭരണകൂടത്തെ അതി ശ്രദ്ധാലുക്കളാക്കി. ചുഴിഞ്ഞു നോട്ടക്കാരാക്കി. മറ്റ് രാജ്യങ്ങളുടെ രഹസ്യങ്ങളിലേക്ക് നുഴഞ്ഞ് കയറിയ പോലെയോ അതിനേക്കാള്‍ മാരകമായോ അവര്‍ ഒളിഞ്ഞു നോക്കിയത് സ്വന്തം പൗരന്‍മാരെ തന്നെയായിരുന്നു. ടെലിഫോണ്‍ സംഭാഷണങ്ങള്‍, ഇ മെയില്‍ സന്ദേശങ്ങള്‍, യാത്രാ രേഖകള്‍ എല്ലാം ഔദ്യോഗികമായി ചോര്‍ത്തിക്കൊണ്ടിരുന്നു. വാര്‍ത്താ വിനിമയ സംവിധാനത്തിന്റെ ഏത് ജംഗ്ഷനിലും ടേപ്പുമായി ചാരന്‍മാര്‍ ഉണ്ടാകുമെന്ന സ്ഥിതി വന്നു. ഇത് ചെയ്യുന്നത് അമേരിക്കയായതിനാല്‍ അനുകരിക്കാന്‍ രാഷ്ട്രങ്ങള്‍ ക്യൂ നിന്നു. ഇടതുപക്ഷ, കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളായിരുന്നു മുമ്പ് ഈ ചോര്‍ത്തല്‍ പ്രക്രിയയില്‍ മുഴുകിയിരുന്നതെങ്കില്‍ ഇപ്പോള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍മാരായ മുതലാളിത്ത, കമ്പോളവത്കൃത രാജ്യങ്ങളാണ് ഇക്കാര്യത്തില്‍ മുന്‍ പന്തിയില്‍. അങ്ങനെയാണ് ഒരു നിരീക്ഷക ലോകം സംഭവിച്ചത്. സര്‍വിയലന്‍സ് ഇല്ലാത്ത ഇടമില്ല. നിങ്ങള്‍ക്ക് സ്വകാര്യതയേ ഇല്ല. നിങ്ങള്‍ എവിടെയിരുന്നാലും നിരീക്ഷണത്തിലാണ്. നിങ്ങള്‍ അതീവ രഹസ്യമെന്ന് കരുതുന്ന എല്ലാം എവിടെയൊക്കെയോ ആരൊക്കെയോ കണ്ട് കൊണ്ടിരിക്കുന്നു, കേട്ടു കൊണ്ടിരിക്കുന്നു. വ്യക്തി/ പൗരന്‍ എന്ന ദ്വന്ദങ്ങള്‍ ഏറ്റുമുട്ടുന്നു. നിങ്ങള്‍ രാഷ്ട്രത്തിലെ ഒരു യൂനിറ്റാണെങ്കിലും നിങ്ങള്‍ നിങ്ങളാണല്ലോ. രണ്ടറ്റവും സൂക്ഷിക്കാനുള്ള ത്വര നിങ്ങളില്‍ ഉണ്ട്. ചില കാര്യങ്ങളെങ്കിലും നിങ്ങളുടേത് മാത്രമായി സൂക്ഷിക്കുന്നത് വ്യക്തിത്വത്തിന്റെ അനിവാര്യതയാണ്. രാഷ്ട്രത്തിന്റെ നിരീക്ഷണം പക്ഷേ നിങ്ങളെ വെറുതെ വിടുന്നില്ല. അതാണ് റൂസ്സോ അന്നേ പറഞ്ഞത്. മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു, എന്നാല്‍ അവന്‍ ചങ്ങലകളാല്‍ ബന്ധിതനാണ് എന്ന്.
അമേരിക്കയില്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്താന്‍ ദേശീയ സുരക്ഷാ ഏജന്‍സി(എന്‍ എസ് എ)ക്ക് അധികാരം നല്‍കുന്ന പാട്രിയറ്റ് ആക്ട് 2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഉപോത്പന്നമായിരുന്നു. ഈ നിയമപ്രകാരം യാതൊരു നിയമപരമായ തടസ്സവുമില്ലാതെ ആരുടെ വേണമെങ്കിലും വിവരങ്ങള്‍ ചോര്‍ത്താന്‍ എന്‍ എസ് എ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നു. ഈ നിയമത്തില്‍ ചില നിയന്ത്രണങ്ങള്‍ക്ക് അമേരിക്കന്‍ സെനറ്റ് മുന്നിട്ടിറങ്ങി എന്നതാണ് ഏറ്റവും പുതിയ ലോകവിശേഷം. പാട്രിയറ്റ് ആക്ടിന്റെ കാലാവധി അവസാനിക്കുന്ന സ്ഥിതിക്ക് അത് അങ്ങനെ തന്നെ പുതുക്കണോ, അതോ ചില തിരുത്തലുകള്‍ അനിവാര്യമാണോ എന്നതായിരുന്നു ചോദ്യം. പ്രസിഡന്റ് ബരാക് ഒബാമയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പാട്രിയറ്റ് ആക്ട് തുടരട്ടെയെന്ന നിലപാടെടുത്തപ്പോള്‍ പൊതുവേ ഇത്തരം കാര്യങ്ങളില്‍ കടുംപിടിത്തക്കാരായ റിപ്പബ്ലിക്കന്‍മാര്‍ പുതിയ നിയമത്തിനായി വാദിച്ചു. അങ്ങനെയാണ് പാട്രിയറ്റ് ആക്ടിന് പകരം യു എസ് എ ഫ്രീഡം ആക്ട് കഴിഞ്ഞ ആഴ്ച നിലവില്‍ വന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാണെങ്കിലും ചില ആശ്വാസങ്ങളുണ്ട് ഈ പുതിയ നിയമത്തില്‍. ആ ആശ്വാസങ്ങള്‍ എഡ്വേര്‍ഡ് സ്‌നോഡന്‍, മാന്നിംഗ്, ജൂലിയന്‍ അസാഞ്ചെ തുടങ്ങിയ മനുഷ്യരുടെ ധീരതയില്‍ നിന്നാണ് ഉരുവം കൊണ്ടിട്ടുള്ളത്.
അമേരിക്കയുടെ വിവര ചോരണത്തിന്റെ ആഴവും പരപ്പും ലോകത്തോട് വിളിച്ചു പറഞ്ഞത് മുന്‍ സി ഐ എ കോണ്‍ട്രാക്ടറായ എഡ്വേര്‍ഡ് സ്‌നോഡന്‍ ആയിരുന്നുവല്ലോ. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) സ്വന്തം പൗരന്‍മാരുടെ ഫോണ്‍, ഇന്റര്‍നെറ്റ് വിവരങ്ങള്‍ വ്യാപകമായി ചോര്‍ത്തുന്നുവെന്നായിരുന്നു എഡ്വേര്‍ഡ് സ്‌നോഡന്‍ ആദ്യം വെളിപ്പെടുത്തിയത്. ചോര്‍ത്തലിന്റെ വ്യാപ്തി വളരെ വലുതാണെന്ന് പിന്നീട് വെളിപ്പെട്ടു. ജര്‍മനി തൊട്ട് ഇന്ത്യവരെയുള്ള മിക്ക രാഷ്ട്രങ്ങളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ടെന്ന് വ്യക്തമായി. സ്‌നോഡന് ജീവഭയം കൊണ്ട് അമേരിക്ക വിടേണ്ടി വന്നു. പല രാജ്യങ്ങളില്‍ കറങ്ങിയ സ്‌നോഡന് ഒടുവില്‍ റഷ്യയാണ് അഭയം നല്‍കിയത്. ശീതസമരകാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലേക്ക് റഷ്യ- യു എസ് ബന്ധം വഷളായി എന്നതാണ് സ്‌നോഡന്‍ വിഷയത്തിന്റെ ചരിത്രപരമായ പ്രധാന്യം. സ്‌നോഡനെ വിചാരണക്ക് വിട്ടുകൊടുക്കാത്തതില്‍ അമേരിക്ക രൂക്ഷമായി പ്രതികരിച്ചു. അമേരിക്കയോട് മൃദു സമീപനം പുലര്‍ത്തിയിരുന്ന ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ നയം അപ്പടി മാറ്റുന്നതിനും ചോര്‍ത്തല്‍ വെളിപ്പെടുത്തല്‍ കാരണമായി. യു എന്നില്‍ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് നടത്തിയ പ്രസംഗത്തില്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ചു. ‘മറ്റുള്ളവരുടെ കാര്യങ്ങളിലേക്കുള്ള ഈ ഒളിഞ്ഞു നോട്ടം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍, പ്രത്യേകിച്ച് സുഹൃദ് രാജ്യങ്ങള്‍ക്കിടയിലെ, ചില മൂല്യങ്ങള്‍ സൂക്ഷിക്കേണ്ടതുണ്ട്. തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷിതത്വത്തിനായി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുന്നത് ഒരിക്കലും നീതീകരിക്കാനാകില്ല’. സ്വന്തം ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയതാണ് ദില്‍മയെ പ്രകോപിപ്പിച്ചത്. ജര്‍മന്‍ പൗരന്‍മാരുടെയും സ്ഥാപനങ്ങളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയപ്പോള്‍ മൃദുവായി മാത്രം പ്രതികരിച്ചിരുന്ന ചാന്‍സലര്‍ ആഞ്ചലാ മെര്‍ക്കല്‍ സ്വയം ചാരവൃത്തിക്ക് ഇരയായതോടെ അമേരിക്കയെ അവര്‍ ശക്തിയായി തള്ളിപ്പറഞ്ഞു. അമേരിക്കയുടെ വലിയ സഖ്യശക്തിയെന്ന് മേനി നടിക്കുന്ന ഇന്ത്യന്‍ ഭരണാധികാരികളെ മുഴുവന്‍ ചാരവൃത്തിക്ക് ഇരയാക്കിയെന്ന് തെളിഞ്ഞിട്ടും ഒരക്ഷരം ഇവിടെ നിന്ന് പ്രതിഷേധ സ്വരമുയര്‍ന്നില്ല എന്നതും ശ്രദ്ധേയമായി. സ്‌പെയിനിലെ ആറ് കോടി ഫോണ്‍ സന്ദേശങ്ങള്‍ ഒരു മാസത്തിനകം ചോര്‍ത്തപ്പെട്ടുവെന്ന വിവരം പുറത്തായതോടെ അവിടുത്തെ യു എസ് സ്ഥാനപതിയെ വിളിച്ചു വരുത്തി വിശദീകരണം തേടിയാണ് അവര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. യൂറോപ്യന്‍ യൂനിയന്‍ യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. പോപ്പിന്റെയും കര്‍ദിനാള്‍മാരുടെയും ഫോണ്‍ സന്ദേശങ്ങളിലേക്ക് നുഴഞ്ഞു കയറിയെന്ന വാര്‍ത്തയും സ്‌നോഡന്‍ പുറത്ത് വിട്ടിരുന്നു. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിന്റെ തൊട്ടുമുമ്പെയായിരുന്നു അത്.
വിക്കിലീക്‌സിന് അമേരിക്കന്‍ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ബ്രാഡ്‌ലി മാന്നിംഗ് എന്ന സൈനികനും ചെയ്തത് സ്‌നോഡന്റെ ദൗത്യം തന്നെയായിരുന്നു. 2010ല്‍ ഇറാഖില്‍ അറസ്റ്റിലായ മാന്നിംഗിന്റെ വിചാരണ മൂന്ന് വര്‍ഷത്തിന് ശേഷം മേരിലാന്‍ഡിലെ ഫോര്‍ട്ട് മെഡേ സൈനിക ക്യാമ്പില്‍ തുടങ്ങിയിരിക്കുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന 22 കുറ്റങ്ങളാണ് മാന്നിംഗിന് മേല്‍ ചുമത്തിയിട്ടുള്ളത്. ഇറാഖില്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യവേ വിക്കിലീക്‌സിന് ക്ലാസിഫൈഡ് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് 28കാരനായ ബ്രാഡ്‌ലി മാന്നിംഗ് ഇതിനകം സമ്മതിച്ചിട്ടുണ്ട്. അമേരിക്കയുടെ സൈനികവും നയതന്ത്രപരവുമായ 70,000 രേഖകളാണ് അദ്ദേഹം സി ഡിയിലാക്കി വിക്കിലീക്‌സിന് കൈമാറിയത്. ഇറാഖ്, അഫ്ഗാന്‍ തുടങ്ങിയ ആക്രമണ മുഖങ്ങളില്‍ അമേരിക്ക കാട്ടിക്കൂട്ടുന്ന കൊടും ക്രൂരതകളെക്കുറിച്ച് മനുഷ്യസ്‌നേഹികള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സത്യങ്ങള്‍ രേഖകള്‍ സഹിതം തെളിയിക്കപ്പെടുകയായിരുന്നു.
ഭരണകൂടത്തിന്റെ വിവര ചോരണത്തിന് പൗരന്‍മാര്‍ നല്‍കുന്ന മുഖമടച്ചുള്ള മറുപടിയായിരുന്നു സ്‌നോഡന്റെയും മാന്നിംഗിന്റെയും ധീര കൃത്യം. അത് വ്യക്തികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു. അവര്‍ സര്‍ക്കാറിന്റെ ദാസന്‍മാരായ വിശ്വസ്ത പൗരന്‍മാരായിരിക്കെ തന്നെ വ്യക്തികളുമാണ്. സാധാരണഗതിയില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ മനുഷ്യന്‍ എന്ന കടമയെക്കാളേറെ ജീവനക്കാരന്‍ എന്ന കടയാണ് നിര്‍വഹിക്കാറുള്ളത്. എന്നാല്‍ ഈ രണ്ട് പേര്‍ മനുഷ്യരാകുകയായിരുന്നു. മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ രഹസ്യങ്ങള്‍ ലോകം അറിയട്ടെയെന്ന അട്ടിമറിയാണ് അവര്‍ നടത്തിയത്. ഈ അട്ടിമറികള്‍ യു എസ് ഭരണനേതൃത്വത്തെയും രാഷ്ട്രീയ നേതൃത്വത്തെയും മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. പാട്രിയറ്റ് ആക്ടില്‍ നിന്ന് ഫ്രീഡം ആക്ടിലേക്കുള്ള ചുവട് മാറ്റം ഈ പുനര്‍ ചിന്തയുടെ ഭാഗം തന്നെയാണ്.
പാട്രിയറ്റും ഫ്രീഡവും തമ്മിലുള്ള വ്യത്യാസം എന്താണ്? നിയന്ത്രണങ്ങളില്ലാതെ ആരുടെ ഫോണ്‍, ഇന്റര്‍നെറ്റ് സന്ദേശവും ചോര്‍ത്താനുള്ള അധികാരം എന്‍ എസ് എക്ക് നല്‍കുന്നു മുന്‍ നിയമം. ആര്, ആര്‍ക്ക്, എപ്പോള്‍, എവിടെ നിന്ന്, എത്ര സമയം വിളിച്ചുവെന്ന വിവരം നേരിട്ട് എന്‍ എസ് എയുടെ സര്‍വറില്‍ എത്തുകയാണ് ചെയ്തിരുന്നത്. എന്നാല്‍ പുതിയ നിയമം നിയന്ത്രണങ്ങള്‍ വെക്കുന്നു. ടെലിഫോണ്‍ കമ്പനിയുടെ സര്‍വറില്‍ നിന്ന് മാത്രമേ ആവശ്യമെങ്കില്‍ ഇനി വിവരം ശേഖരിക്കാന്‍ സാധിക്കുകയുള്ളൂ. ആവശ്യമെന്തെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. കോടതി ഉത്തരവുമായി കമ്പനിയെ സമീപിക്കുകയാണ് വേണ്ടത്. ഇവിടെ ജുഡീഷ്യല്‍ ഇടപെടലിന്റെ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്. അത്രക്കും ആശ്വാസം. ഈ നിയമത്തിലും നിയന്ത്രണമില്ലാത്ത വിവര ചോരണത്തിനുള്ള പഴുത് അവശേഷിപ്പിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒറ്റപ്പെട്ട വ്യക്തികളെയും സ്ഥാപനത്തെയും നിരീക്ഷിക്കാന്‍ നിയമം അനുമതി നല്‍കുന്നുണ്ട്. സംശയത്തിന്റെ നിഴല്‍ ഉണ്ടാക്കാന്‍ ബുദ്ധിമുട്ടില്ലാത്തതിനാല്‍ അടിസ്ഥാനപരമായി ഈ നിയമം ജനവിരുദ്ധം തന്നെയെന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ALSO READ  ആ കത്ത് അമിത് ഷാ വായിക്കുമോ?