Connect with us

Editorial

അരിയെത്ര പയറഞ്ഞാഴി

Published

|

Last Updated

“അരിയെത്ര………, പയറഞ്ഞാഴി…..” എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. ചോദ്യത്തിന് ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക എന്നര്‍ഥം. മാഗി നൂഡില്‍സിന് രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ ശേഷവും, ഇത് ഭക്ഷ്യയോഗ്യമാണെന്ന് നെസ്‌ലെ ഗ്ലോബല്‍ സി ഇ ഒ പോള്‍ ബള്‍ക് അവകാശപ്പെട്ടു. ഇതിന് തെളിവായി കമ്പനി നടത്തിയ പരിശോധനാ ഫലങ്ങള്‍ മുന്‍വെച്ചു. “മാഗിയില്‍ മോണോ സോഡിയം ഗ്ലുറ്റാമേറ്റ് (എം എസ് ജി) അടങ്ങിയിട്ടില്ല” -എന്ന് പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, മാഗിയില്‍ എം എസ് ജി അടങ്ങിയിട്ടുണ്ടെന്ന് കമ്പനി സി ഇ ഒ വാര്‍ത്താ ലേഖകര്‍ക്ക് നല്‍കിയ പത്രക്കുറിപ്പില്‍ സമ്മതിക്കുന്നുണ്ട്. തങ്ങള്‍ പ്രത്യേകമായി ചേര്‍ക്കുന്നതല്ലെന്നും, മാഗിയുടെ ചേരുവകളായ നിലക്കടല പൊടി, ഗോതമ്പ് പൊടി, ഉള്ളി അരച്ചത് എന്നിവയില്‍ നിന്ന് സ്വാഭാവികമായി വന്ന് ചേര്‍ന്നതാകാം എം എസ് ജി എന്നാണ് കമ്പനിയുടെ വിശദീകരണം. പാക്കറ്റിന് പുറത്ത് അച്ചടിച്ച വിവരത്തിന് കടക വിരുദ്ധമാണ് മാഗിയിലെ ചേരുവയെന്ന് സി ഇ ഒ സമ്മതിക്കുകയാണ്. ഏതായാലും മാഗിയുടെ പാക്കറ്റിന് പുറത്തെ ഈ “സത്യവാചകം” ഇനിമേല്‍ ഉണ്ടാകില്ല. എം എസ് ജി വിവാദമായപ്പോള്‍ തടിയൂരാനുള്ള ചെപ്പടി വിദ്യ!. കമ്പനിയുടെ ലാബുകളില്‍ 1,000 ബാച്ച് മാഗി പരിശോധിച്ചതില്‍ ഒന്നില്‍ പോലും കുഴപ്പം കണ്ടെത്താനായിട്ടില്ലെന്ന് കമ്പനി മേധാവി അവകാശപ്പെടുമ്പോള്‍, പ്രത്യക്ഷത്തില്‍ തന്നെ ഇന്ത്യയിലെ പരിശോധനാ ലാബുകളുടെ വിശ്വാസ്യതയെ ചേദ്യം ചെയ്യുകയായിരുന്നു.
മാഗിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സി ഇ ഒ വളരെ പ്രതീക്ഷയിലാണ്. “എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടല്ല മാഗിയുടെ വില്‍പ്പന നിര്‍ത്തിവെച്ചത്. ആശയക്കുഴപ്പം പരിഗണിച്ചുള്ള താത്കാലിക നടപടി മാത്രമാണിത്. രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വവുമായി സംസാരിച്ച് പ്രശ്‌നം തീര്‍ക്കാമെന്ന പ്രതിക്ഷയാണ് കമ്പനിക്കുള്ളത്” – ആയിരത്തിലേറെ പേരുടെ മരണത്തിനും, ലക്ഷക്കണക്കിനാളുകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കി ജീവച്ഛവങ്ങളാക്കുകയും ചെയ്ത കോര്‍പറേറ്റ് ഭീമന്‍ യൂണിയന്‍ കാര്‍ബൈഡ് വരുത്തിവെച്ച ഭോപാല്‍ വിഷവാതക ദുരന്തത്തിന് ഉത്തരം പറയേണ്ടവര്‍ രായ്ക്ക് രാമാനം രാജ്യം വിട്ടത് മറക്കാന്‍ കാലമായില്ല. അവര്‍ക്ക് രാജ്യം വിടാന്‍ വിമാനമടക്കം ഏര്‍പ്പാട് ചെയ്തുകൊടുത്തവരേയും നമുക്ക് വിസ്മരിക്കാനാവില്ല. അനുവദനീയമായതില്‍ കൂടുതല്‍ രാസഘടകങ്ങള്‍ മാഗി നൂഡില്‍സില്‍ കണ്ടെത്തിയതിന് ഉത്തരം പറയേണ്ടവരില്‍ ഒരാളാണ് സി ഇ ഒ പോള്‍ ബള്‍കെ. പത്രസമ്മേളനത്തില്‍ കമ്പനിയെ രക്ഷിക്കാന്‍തക്കവണ്ണം ന്യായവാദം നടത്താന്‍ അദ്ദേഹത്തിന് ധൈര്യം പകര്‍ന്നത് കോര്‍പറേറ്റുകള്‍ രാജ്യത്ത് അനുഭവിക്കുന്ന സൗകര്യങ്ങള്‍ക്ക് മതിയായ തെളിവാണ്. മറ്റൊരു കോര്‍പറേറ്റ് ഉത്പന്നമായ “കൊക്കകോള” പാനീയത്തിലെ ചേരുവകള്‍ കുപ്പിക്ക് പുറത്ത് രേഖപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടും അതനുസരിക്കാന്‍ കുത്തക ഭീമന് മടിയായിരുന്നു. മാഗിയുടെ ഓട്‌സ് മസാലയെന്ന ഉത്പന്നം കമ്പനി വിപണിയിലിറക്കിയത് സര്‍ക്കാറിന്റെ അനുമതിപോലും വാങ്ങാതെയായിരുന്നു. അപ്പോഴും “നെറ്റിപ്പട്ടം” കെട്ടിയ വിദൂഷകവീരന്മാര്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി കെട്ടിയാടുകയായിരുന്നു. കുത്തകകള്‍ വെച്ച് നീട്ടുന്ന കോടികള്‍ക്ക് മുന്നില്‍ അവര്‍ സ്വന്തംനാട്ടുകാരെയും ആരാധകരേയും കൊച്ചുകുട്ടികളെപോലും വിസ്മരിക്കുകയായിരുന്നു. മക്കളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് തിരിച്ചറിവുള്ള മാതാപിതാക്കള്‍ പോലും മക്കളെ ഇത്തരം പദാര്‍ഥങ്ങള്‍ കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന രംഗങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ പോലും സര്‍വസാധാരണമാണ്.
മാഗി നൂഡില്‍സിന്റെ വ്യത്യസ്ത രുചികളിലുള്ള ഒമ്പത് ഉത്പന്നങ്ങളാണ് വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവിട്ടിരിക്കുന്നത്. നെസ്‌ലെ കമ്പനിയോട് കേന്ദ്രം റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാറില്‍ നിന്നും മറ്റ് ചുമതലപ്പെട്ടവരില്‍ നിന്നും അനുമതിപോലും വാങ്ങാതെ മാഗി ഓട്ട്‌സ് മസാല പോലുള്ള നൂഡില്‍സ് വിപണിയിലിറക്കാന്‍ നെസ്‌ലേക്ക് എങ്ങിനെ ധൈര്യം വന്നു എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം”എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും മുമ്പ് സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. അപകടം പതിയിരിക്കുന്ന ഇത്തരം ഭക്ഷണശീലങ്ങളില്‍ നമ്മുടെ കുട്ടികള്‍ ചെന്ന്ചാടാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധ ചെലുത്തണം. വര്‍ണക്കടലാസിലും ആകര്‍ഷണീയമായ പെട്ടികളിലും വിപണിയിലെത്തിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളെല്ലാം ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. അത് അവര്‍ നിറവേറ്റണം.