തലയെണ്ണല്‍ തികക്കാന്‍ ആദിവാസി കുട്ടികളെ അട്ടപ്പാടിയില്‍ നിന്ന് കടത്തുന്നു

Posted on: June 6, 2015 4:04 am | Last updated: June 6, 2015 at 12:04 am

അഗളി: അട്ടപ്പാടിമേഖലക്കു പുറത്തെ എയ്ഡഡ് വിദ്യാലയങ്ങളില്‍ കുട്ടികളുടെ തലയെണ്ണല്‍ തികക്കാന്‍ ആദിവാസിക്കുട്ടികളെ അട്ടപ്പാടിക്കു പുറമെയുള്ള സ്‌കൂളുകളിലേക്ക് നിര്‍ബന്ധപൂര്‍വം ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മാറ്റുന്നു.
ആദിവാസിക്കുട്ടികള്‍ക്ക് കോളജ് തലംവരെ സംവരണത്തോടെ സൗജന്യമായി പഠിക്കാന്‍ സൗകര്യം അട്ടപ്പാടയില്‍ത്തന്നെയുള്ളപ്പോഴാണിത്. ഷോളയൂര്‍ ഗവ. സ്‌കൂളില്‍ നിന്ന് ഏഴ് കുട്ടികളും അഗളി ഗവ. സ്‌കൂളില്‍ നിന്ന് അഞ്ച് കുട്ടികളുമാണ് ഇപ്പോള്‍ മറ്റ് സ്‌കൂളുകളിലേക്ക് ടി സി വാങ്ങിപ്പോയിരിക്കുന്നത്.
ഇവരെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നതായി അധ്യാപകര്‍ പറയുന്നു. അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ആദിവാസിസംഘടനാ നേതാക്കള്‍ ഷോളയൂര്‍ സ്‌കൂളില്‍ ചെന്ന് കുട്ടികളുടെ ടി സി വേണമെന്നുപറഞ്ഞ് ബഹളമുണ്ടാക്കിയതായി അധ്യാപകര്‍ പറഞ്ഞു. ഇടനിലക്കാര്‍ക്ക് ഒരു കുട്ടിക്ക് 2,000 മുതല്‍ 5,000 വരെ കമ്മീഷന്‍ ലഭിക്കുന്നുണ്ടെന്നും സൂചനയുണ്ട്. അട്ടപ്പാടിയില്‍ നിന്ന് പുറമെപോയി പഠിക്കുന്ന കുട്ടികള്‍ക്ക് ഭാഷയുടെ പ്രശ്‌നമുണ്ട്.
അട്ടപ്പാടിക്കാരെന്ന വേര്‍തിരിവ് ഇവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നു. അട്ടപ്പാടിയിലെ എല്ലാ സ്‌കൂളുകളിലും നല്ലൊരു ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട ടീച്ചര്‍മാരാണ്. പഠിക്കാന്‍ മിടുക്കരായ ആദിവാസിക്കുട്ടികളുടെ സഹായം പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കും ലഭിക്കും.
കുട്ടികളെ ദൂരെവിട്ട് പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്കും താത്പര്യമില്ല. ഇവര്‍ പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് സമ്മതം മൂളുന്നതെന്ന് അധ്യാപകര്‍ പറയുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് കൂടുതലായും കൊണ്ടുപോകുന്നത്. മറ്റ് സ്‌കൂളുകളില്‍ ഡിവിഷന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. പഠനത്തില്‍ പിന്നിലേക്കാകുന്ന കുട്ടികളെ ഇവര്‍ ക്രമേണ കൈവിടും.
ഇത്തരത്തില്‍ ഒഴിവാക്കിയ നിരവധി കുട്ടികള്‍ ഇത്തവണ ഒമ്പതില്‍ ചേരാനെത്തിയതായി അഗളി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പറഞ്ഞു. പത്താംതരം പരീക്ഷയില്‍ അട്ടപ്പാടിയില്‍ ഇത്തവണ മികച്ച വിജയശതമാനമാണുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ക്ക് പരാതിയയക്കാന്‍ തയ്യാറെടുക്കുകയാണ് അധ്യാപകര്‍.