Connect with us

International

മലാലയെ ആക്രമിച്ച താലിബാന്‍ തീവ്രവാദികളെ വിട്ടയച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ് : നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫായിയെ അക്രമിച്ച കേസില്‍ 25 വര്‍ഷം തടവിന് ശിക്ഷിച്ച പത്ത് താലിബാന്‍ തീവ്രവാദികളില്‍ എട്ട് പേരെ വിട്ടയച്ചതായി റിപ്പോര്‍ട്ടുകള്‍. മലാലയെ ആക്രമിച്ച കേസില്‍ പാക്കിസ്ഥാന്‍ കോടതി ഏപ്രില്‍ ആദ്യമാണ് പത്ത് പേരെ തടവിന് ശിക്ഷിച്ചത്.
എന്നാല്‍ കേസുമായി ബന്ധപ്പെട്ട് വിചാരണ നടപടികള്‍ രഹസ്യമായി നടത്തിയത് നിയമസാധുത സംബന്ധിച്ച് സംശയമുയര്‍ത്തിയിരുന്നു. ശിക്ഷിക്കപ്പെട്ട എട്ട് പേരെയും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതായി പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ വക്താവ് മുനീര്‍ അഹ്മദ് പറഞ്ഞു. 15 വയസ്സുള്ളപ്പോള്‍ മലാല ആക്രമിക്കപ്പെട്ട സ്വാതിലെ ജില്ലാ പോലീസ് തലവനായിരുന്ന സലീം മര്‍വാത് രണ്ട് പേര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളുവെന്ന് സ്ഥിരീകരിച്ചു. പാക്കിസ്ഥാനില്‍ വെച്ച് 2012 ഒക്‌ടോബറില്‍ മിന്‍ഗോറ നഗരത്തലെ സ്‌കൂളില്‍നിന്നും മടങ്ങവെയാണ് പാക്ക് താലിബാന്‍ തീവ്രവാദികള്‍ മലാലയുടെ തലക്ക് വെടിവെച്ചത്.
സംഭവത്തില്‍ മറ്റ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കും പരുക്കേറ്റിരുന്നു. പെണ്‍കുട്ടികളുടെ വിദ്യഭ്യാസ അവകാശത്തിനുവേണ്ടി ശബ്ദിച്ചതിനാണ് മലാല ആക്രമിക്കപ്പെട്ടത്. പാക്കിസ്ഥാനിലും തുടര്‍ന്ന് ബ്രിട്ടനിലും നടത്തിയ ചികിത്സയിലാണ് മലാല രക്ഷപ്പെട്ടത്. വിദ്യഭ്യാസ പ്രചാരകയായ മലാലക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തതായി 2014 സെപ്തംബറില്‍ പാക്ക് സൈന്യം പ്രഖ്യാപിച്ചിരുന്നു. അതേസമയം പത്ത് പേര്‍ക്കും ആക്രമണം പദ്ധതിയിട്ടതിലും നടപ്പാക്കിയതിലും പങ്കുണ്ടെന്ന് സ്വാതിലെ പേര് വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മലാലയെ വെടിവെച്ചിട്ട ശേഷം അക്രമികള്‍ അതിര്‍ത്തി വഴി അഫ്ഗാനിസ്ഥാനിലേക്ക് രക്ഷപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്. ആക്രമണവുമായി ബന്ധമുള്ള താലിബാന്‍ നേതാവ് ഫസലുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഒളിവില്‍ കഴിയുന്നതായാണ് കരുതുന്നത്. ബ്രിട്ടനില്‍ കഴിഞ്ഞുവരുന്ന മലാലക്ക് വിദ്യഭ്യാസത്തിനുള്ള ആഗോള പ്രചാരണത്തിന് 2014 ലാണ് നൊബേല്‍ സമ്മാനം ലഭിക്കുന്നത്.

Latest