ഗ്രോസറികള്‍ സ്ഥാപിക്കാന്‍ എത്തുന്നത് ബഹുരാഷ്ട്ര കമ്പനി

Posted on: June 5, 2015 8:28 pm | Last updated: June 5, 2015 at 8:28 pm
grocery
ദുബൈയില്‍ ഏഴ് ഇലവന്‍ ഗ്ലോബല്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ നിന്ന്‌

ദുബൈ: ദുബൈയില്‍ വ്യാപകമായി ഗ്രോസറികള്‍ സ്ഥാപിക്കാനെത്തുന്ന 7 ഇലവന്‍ ഗ്ലോബലിന് 16 രാജ്യങ്ങളിലായി 56,000 സ്റ്റോറുകളുണ്ടെന്ന് കമ്പനി പ്രസിഡന്റ് ഖമീസ് അല്‍ സബൂസി അറിയിച്ചു. ഡള്ളാസ് ആസ്ഥാനമായുള്ള കമ്പനിയാണിത്. ദുബൈയില്‍ ആദ്യ ഗ്രോസറി സെപ്തംബറില്‍ തുടങ്ങും. ആധുനികവും സവിശേഷവുമായ രൂപത്തിലാണ് ഗ്രോസറികള്‍ നിര്‍മിക്കുക.
ദുബൈയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സമീപനമാവും കൈക്കൊള്ളുക. രാജ്യാന്തര നിലവാരം പുലര്‍ത്തും. ദുബൈ നല്‍കുന്ന വാണിജ്യ ലൈസന്‍സിന്റെ 73.3 ശതമാനം ഗ്രോസറികള്‍ പോലുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്കാണെന്ന് കണക്കിലെടുത്താണ് ഗ്രോസറി ശൃംഖലയെന്നും ഖമീസ് അല്‍ സബൂസി വ്യക്തമാക്കി. 2016 മുതല്‍ ദുബൈയില്‍ പുതിയ ഗ്രോസറികള്‍ക്ക് വാണിജ്യ ലൈസന്‍സ് നല്‍കില്ലെന്ന് ദുബൈ ഇക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റ് (ഡി.ഇ.ഡി.) വ്യക്തമാക്കിയിട്ടുണ്ട്. 2017 എമിറേറ്റിലെ ഗ്രോസറി വിപണന രംഗത്ത് പുതിയ യുഗത്തിന് തുടക്കമാകുമെന്നാണ് അധികൃതരുടെ അറിയിപ്പ്. നിലവിലുള്ള ഗ്രോസറികള്‍ പരിഷ്‌കരണത്തിന് വിധേയമാക്കും. ഇതിനായി സ്റ്റോറുകളുടെ അടിസ്ഥാന യോഗ്യതകള്‍ നിശ്ചയിക്കുന്നതിനുള്ള പഠനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. 2016ല്‍ നടപടികള്‍ ആരംഭിക്കും.
മുഴുവന്‍ ഗ്രോസറികളും പരിശോധനയ്ക്ക് വിധേയമാക്കുകയും പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യും. പുതിയ മാനദണ്ഡങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ പ്രഖ്യാപിക്കും. നഗരത്തിന്റെ ജീവിതനിലവാരത്തിന് അനുസൃതമായ സ്റ്റോറുകള്‍ തുറക്കാന്‍ സൗകര്യമൊരുക്കും. നിലവിലുള്ള ഗ്രോസറികളെ തുടരാന്‍ അനുവദിക്കുമെന്നും എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ പരിഷ്‌കരണം അനിവാര്യമാണെന്നും ഡി.ഇ.ഡി. ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി വെളിപ്പെടുത്തി. കൂടാതെ, ബഹുരാഷ്ട്ര കമ്പനികളെയും സ്റ്റോറുകള്‍ തുടങ്ങാന്‍ അനുവദിക്കും. ഇതിനുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കും.
പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത ഗ്രോസറികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും. പാതയോരങ്ങളിലും മറ്റും കാണുന്ന തരത്തിലുള്ളവ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് യോജിച്ചവയല്ല. ആവശ്യമായ പരിഷ്‌കരണങ്ങള്‍ക്ക് തയ്യാറായാല്‍ ഇവയ്ക്ക് നിലനില്‍ക്കാനാകും. എമിറേറ്റിലെ ഗ്രോസറികള്‍ പലതും വ്യാജയുത്പന്നങ്ങള്‍ വില്‍ക്കുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുന്നവയുമാണ്അല്‍ ഖംസി കുറ്റപ്പെടുത്തി.