Connect with us

Gulf

ഗ്രോസറികള്‍ നിത്യ ജീവിതത്തിന്റെ ഭാഗമായ വിധം

Published

|

Last Updated

നിത്യോപയോഗ സാധനങ്ങള്‍ക്ക് ഓരോ സൂപ്പര്‍മാര്‍ക്കറ്റിലും ഓരോ വിലയാണ്. വാണിജ്യ വകുപ്പ് നിരന്തരം ഇടപെട്ടുവെങ്കിലും വില ഏകീകരണം സാധ്യമായിട്ടില്ല. ലബനാനില്‍ നിന്ന് എത്തുന്ന പൊട്ടാറ്റോക്കും ഇന്ത്യയില്‍ നിന്നെത്തുന്ന മാട്ടിറച്ചിക്കും മറ്റും യൂണിയന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലും ലുലുവിലും താരതമ്യേന വിലകുറവ്. മറ്റു ചില ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിലകൂടുതല്‍. ഇന്ത്യന്‍ ബസ്മതി അരിക്ക്, അഞ്ചുകിലോ പായ്ക്കിന് ഓരോയിടത്തും ഒന്നു മുതല്‍ മൂന്നു വരെ ദിര്‍ഹം വില വ്യത്യാസമുണ്ട്.
ഓണ്‍ലൈന്‍ വഴി ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരും കുറവല്ല. പത്തു മുതല്‍ 20 വരെ ദിര്‍ഹം ഡെലിവറി ചാര്‍ജ് കൂടി നല്‍കേണ്ടിവരുന്നുവെന്നേയുള്ളു. ഗുണമേന്മ ഉറപ്പുവരുത്തി വാങ്ങാന്‍ കഴിയുന്നില്ല എന്നതാണ് ഓണ്‍ലൈന്റെ ന്യൂനത. അതേ സമയം ഗ്രോസറികളില്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടെങ്കിലും നിത്യോപയോഗ സാധനങ്ങള്‍ക്ക് മഹാഭൂരിപക്ഷം പേരും ഇന്നും ഗ്രോസറികളെയോ ചെറുകിട ഇടത്തരം സൂപ്പര്‍ മാര്‍ക്കറ്റുകളെയോ ആണ് ആശ്രയിക്കുന്നത്. ജനങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ് ഗ്രോസറികള്‍. വീട്ടമ്മമാര്‍ക്ക് ഏറെ ഉപകാരപ്രദം. ഫോണ്‍ ചെയ്താല്‍ നിമിഷങ്ങള്‍ക്കകം ഉല്‍പന്നം വീട്ടുപടിക്കല്‍ എത്തും. പണം പിന്നീട് നല്‍കിയാലും മതി.
പല വ്യഞ്ജനങ്ങളും പാനീയങ്ങളും പഴം പച്ചക്കറികളും തുടങ്ങി മിക്ക നിത്യോപയോഗ സാധനങ്ങളും ലഭ്യമാണെന്നത് മറ്റൊരു മേന്മ. മലയാളികളാണ് ഗ്രോസറി മേഖലയില്‍ കൂടുതല്‍. വലിയ ലാഭമില്ലെങ്കിലും ഒന്നോ രണ്ടോ പേര്‍ക്ക് മികച്ച ജീവിതോപാധിയായി ഗ്രോസറികള്‍ മാറും. അത് കൊണ്ട്, നാട്ടില്‍ നിന്ന് പണം വരുത്തിയിട്ടാണെങ്കിലും ഗ്രോസറികളില്‍ നിക്ഷേപം നടത്തും.
അബുദാബിയില്‍ 3,000 ഓളം ഗ്രോസറികള്‍ പ്രവര്‍ത്തിക്കുന്നു. താമസ കേന്ദ്രങ്ങളില്‍ ഒന്നിലധികം കാണാനാകും. രണ്ടു വര്‍ഷം മുമ്പാണ് ഗ്രോസറി നവീകരണത്തിന് നിര്‍ദേശം ഉണ്ടായത്. ശരാശരി ഒന്നര ലക്ഷം ദിര്‍ഹം ചെലവ് ചെയ്ത് ചിലര്‍ നവീകരിച്ചു. പുതിയ ബോര്‍ഡ് സ്ഥാപിക്കുകയും പഴകിയ അലമാരകള്‍ മാറ്റുകയും ചെയ്തു. അബുദാബിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു നവീകരണം. പുതുക്കിപ്പണിയുന്നതിന് കാശില്ലാത്തവര്‍ ഗ്രോസറി അടച്ചു പൂട്ടി. ചിലര്‍ നാട്ടിലേക്ക് മടങ്ങി.
ദുബൈയിലും നവീകരണത്തിന്റെ കാലമാണ് വരാന്‍ പോകുന്നത്. ആലോചന പ്രാഥമിക ഘട്ടത്തിലെത്തിയിട്ടേയുള്ളു. എന്നാല്‍, ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം നഷ്ടക്കച്ചവടമായിരിക്കാനാണ് സാധ്യത. ഉപഭോക്താവും ഗ്രോസറിയും തമ്മിലെ ഹൃദയ ബന്ധം തുടരാനാകുമോയെന്നതാണ് പ്രധാന ആശങ്ക.
ഗ്രോസറികള്‍ കോര്‍പറേറ്റ് കമ്പനികള്‍ക്ക് കൈമാറുകയാണെങ്കില്‍ ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്ന “സൗജന്യം” നഷ്ടപ്പെട്ടേക്കാം. ഈ മേഖലയില്‍ ഇന്ത്യക്കാരുടെ കുത്തക അവസാനിച്ചേക്കാം.
യു എ ഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ മിക്ക ഉള്‍പ്രദേശങ്ങളിലും മലയാളികളുടെ ഗ്രോസറികള്‍ കാണാനാകും. അവക്ക് തല്‍കാലം ഭീഷണിയില്ല.

Latest