ജലപാതകളില്‍ റൂട്ട് പെര്‍മിറ്റ് സിസ്റ്റം; ഹൗസ് ബോട്ടുകള്‍ക്ക് പ്രത്യേക കാറ്റഗറി

Posted on: June 5, 2015 5:37 am | Last updated: June 5, 2015 at 12:38 am

തിരുവനന്തപുരം: ജലപാതകളില്‍ അപകടം ഒഴിവാക്കാന്‍ റൂട്ട് പെര്‍മിറ്റ് സിസ്റ്റം ഏര്‍പ്പെടുത്തി ഉള്‍നാടന്‍ ജലയാന നിയമം 2010 ഭേദഗതി ചെയ്തു. എല്ലാ ജലയാനങ്ങളും രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഡ്രൈഡോക്ക് ചെയ്യണമെന്നത് മൂന്ന് വര്‍ഷമാക്കി. അപ്പര്‍ സെക്യറുളള ജലയാനങ്ങളെയും 25 പേരില്‍ കൂടുതല്‍ പേരെ കയറ്റാവുന്ന ഫൈബര്‍ ഗ്ലാസ് ബോട്ടുകളെയും കാറ്റഗറി എയില്‍ നിന്നും സിയിലേക്ക് മാറ്റി. ഹൗസ്‌ബോട്ടുകളെ പ്രത്യേക കാറ്റഗറിയിലാക്കി.
ഭേദഗതിയനുസരിച്ച് ഡാമുകളിലോടുന്ന 12 പേരില്‍ കുറഞ്ഞ ശേഷിയുളള ബോട്ടുകള്‍ക്ക് മറ്റ് ജലാശയങ്ങളിലോടുന്ന 50 പേരില്‍ കവിയാത്ത സിംഗിള്‍ ഡെക്ക് ബോട്ടുകള്‍ക്ക് നിലവിലുളള സ്റ്റബിലിറ്റി ടെസ്റ്റിനു പകരം ടെസ്റ്റ് മതിയാകും. പുതിയതായി നിര്‍മിക്കുന്ന ഓപ്പണ്‍ ഡെക്ക്‌ബോട്ടുകള്‍ക്ക് സ്വാമ്പ് ടെസ്റ്റ് മതിയെന്നും ഭേദഗതിയില്‍ പറയുന്നു. ഹൗസ് ബോട്ടിന്റെ നീളം കണക്കാക്കുമ്പോള്‍ ബോട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന കൊമ്പിന്റെ നീളം കണക്കാക്കില്ല. ജലപാതകളുടെ വീതി കണക്കിലെടുത്ത് പുതിയ ബോട്ടുകളുടെ അനുവദനീയ വീതി പരമാവധി ആറ് മീറ്ററായി നിജപ്പെടുത്തി. ബോട്ട് ജെട്ടികള്‍ക്ക് സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാക്കി. ഹൗസ് ബോട്ടുകളില്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ബോട്ട് സുരക്ഷാ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
അതേസമയം 20 മീറ്ററില്‍ കൂടുതല്‍ നീളമുളള മത്സ്യബന്ധന യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ച് ഉത്തരവായതായും മന്ത്രി അറിയിച്ചു. 20 മുതല്‍ 25 മീറ്റര്‍ വരെ നീളമുളള യാനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 10,000 രൂപയും ലൈസന്‍സ് ഫീസ് 5,000 രൂപയും സെക്യൂരിറ്റീ ഫീസ് 25,000 രൂപയുമായിരിക്കും. 25 മീറ്ററിന് മുകളില്‍ നീളമുളള യാനങ്ങളുടെ രജിസ്‌ട്രേഷന്‍ ഫീസ് 20,000 രൂപയും ലൈസന്‍സ് ഫീസ് 10,000 രൂപയും സെക്യൂരിറ്റി ഫീസ് 50,000 രൂപയുമായിരിക്കും.
ലൈസന്‍സ് പുതുക്കാന്‍ വീഴ്ച വരുത്തുന്ന യാനങ്ങളില്‍ നിന്ന് ഫീസിന്റെ പത്ത് ശതമാനം ഫൈന്‍ ഈടാക്കും. മത്സ്യത്തൊഴിലാളി ക്ഷേമനിധി വാര്‍ഷിക വിഹിതം 20-25 മീറ്റര്‍ വരെയുളള ബോട്ടുകള്‍ക്ക് 15,000 രൂപയും 25 മീറ്ററിന് മുകളിലുളളവക്ക് 24,000 രൂപയായും നിശ്ചയിച്ചു. യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള കാലാവധി മാര്‍ച്ച് മുതല്‍ ആറ് മാസം വരെയായിരിക്കും. 20 മീറ്ററില്‍ കൂടുതലുളള എല്ലാ യാനങ്ങളും അതത് ജില്ലകളിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ നിര്‍ദ്ദിഷ്ട കാലാവധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മന്ത്രി അറിയിച്ചു.