Connect with us

International

അന്‍ബാര്‍ പ്രവിശ്യയിലെ ഗോത്രനേതാക്കള്‍ ഇസിലിന് പിന്തുണ പ്രഖ്യാപിച്ചു

Published

|

Last Updated

ബഗ്ദാദ്: ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയില്‍ ചില ഗോത്ര വര്‍ഗങ്ങള്‍ ഇസിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഫലൂജയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ഇസിലിന് പിന്തുണയറിയിക്കുന്ന പ്രസ്താവന ഗോത്രവര്‍ഗങ്ങളുടെ നേതാവ് ശൈഖ് അഹ്മദ് ദാരാ അല്‍ജുമൈലി പുറത്തുവിട്ടത്. തങ്ങള്‍ ഇസിലിന് പിന്തുണ പ്രഖ്യാപിച്ചതായി പ്രസ്താവനയില്‍ ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇസിലിന്റെ സമ്മര്‍ദങ്ങള്‍ക്കും ഭീഷണിപ്പെടുത്തലുകള്‍ക്കും വഴങ്ങിയാണോ ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. അന്‍ബാര്‍ പ്രവിശ്യയിലെ ഭൂരിഭാഗം പ്രദേശവും ഇപ്പോള്‍ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ബാഹ്യസമ്മര്‍ദങ്ങളില്ലാതെ ഗോത്രവര്‍ഗങ്ങള്‍ സ്വയം ഈ മാര്‍ഗം തിരഞ്ഞെടുക്കുകയാണ് ഉണ്ടായതെങ്കില്‍ ഇറാഖ് സര്‍ക്കാറിന് ഇത് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്നു.
ഇപ്പോള്‍ പുറത്തുവിട്ട പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. അന്‍ബാര്‍ പ്രവിശ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള ഏക മാര്‍ഗം ഇസിലിനോടൊപ്പം പ്രവര്‍ത്തിക്കലാണെന്നും അവര്‍ വ്യക്തമാക്കുന്നു. അല്‍ജുമൈലി എന്ന പ്രമുഖ ഗോത്രവര്‍ഗത്തിന്റെ ഇസിലിനുള്ള പിന്തുണയാണ് ഇറാഖ് സര്‍ക്കാറിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുകയെന്ന് കണക്കാക്കപ്പെടുന്നു. അന്‍ബാര്‍ പ്രവിശ്യയില്‍ അല്‍ജുമൈലി ഗോത്രവര്‍ഗത്തിനുള്ള സ്വാധീനം അത്രയും ശക്തമാണ്. ഇതിന് പുറമെ മറ്റു ഗോത്രങ്ങളിലും ഇവര്‍ക്ക് ശക്തമായ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവരാണ്.
അന്‍ബാര്‍ പ്രവിശ്യയുടെ നിയന്ത്രണം ഇസിലില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ശിയാ സൈന്യത്തിന്റെ പങ്കാളിത്തമുണ്ടാകുന്നതിനെതിരെ നേരത്തെ തന്നെ ഗോത്രവര്‍ഗ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അതേസമയം, മറ്റൊരു വിഭാഗം ഗോത്രവര്‍ഗ നേതാക്കള്‍ ഇറാഖ് സൈന്യത്തോടും ശിയാ സൈന്യത്തോടും ഒപ്പം ചേര്‍ന്ന് ഇസിലിനെതിരെ പോരാടുന്നതിനും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇറാഖ് സര്‍ക്കാറിനോടുള്ള ദേഷ്യവും അമര്‍ഷവും മൂലമാണ് ഒരു വിഭാഗം നേതാക്കള്‍ ഇസിലിനോടൊപ്പം ചേരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു.

Latest