പള്ളി, ഖബര്‍സ്ഥാന്‍ നിര്‍മാണം: കലക്ടറുടെ അനുമതി വേണമെന്ന വ്യവസ്ഥ എടുത്തുകളയാന്‍ ശിപാര്‍ശ ചെയ്യും

Posted on: June 5, 2015 5:05 am | Last updated: June 5, 2015 at 12:05 am

കൊച്ചി: ആരാധനാലയങ്ങളും ശ്മശാനങ്ങളും നിര്‍മിക്കുന്നതിന് ജില്ലാ കലക്ടറുടെ എന്‍ ഒ സി വേണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കണമെന്ന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ബന്ധപ്പെട്ട വകുപ്പു മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചെന്നും രേഖാമൂലമുള്ള ശിപാര്‍ശ സര്‍ക്കാറിന് ഉടന്‍ നല്‍കുമെന്നും കൊച്ചിയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍കുട്ടി അറിയിച്ചു.
ന്യൂനപക്ഷ സമുദായങ്ങളില്‍ പെടുന്നവര്‍ക്ക് പുതിയ ആരാധാനാലയങ്ങള്‍ നിര്‍മിക്കുന്നതിനും ഖബര്‍സ്ഥാനും സെമിത്തേരിയും ഒരുക്കുന്നതിനും അനുമതി ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍ വ്യാപകമായിരിക്കുകയാണ്. സെമിത്തേരികളും ഖബര്‍സ്ഥാനുകളും നിര്‍മിക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി ഇരുപതോളം പരാതികള്‍ ന്യൂനപക്ഷ കമ്മീഷന് ലഭിച്ചിട്ടുണ്ട്്. ശ്മശാനത്തിന് പഞ്ചായത്തുകള്‍ വഴി അനുമതി ലഭിച്ച ശേഷം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ജില്ലാ കലക്ടറുടെ തീരുമാനത്തിനായി സമര്‍പ്പിക്കുന്നതാണ് നിലവിലെ രീതി. ഇതിനിടയില്‍ നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍പ്പുമായി വരികയും ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി എന്‍ ഒ സി നല്‍കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ വസമ്മതിക്കുകയുമാണ് ചെയ്യുന്നത്. പല കേസുകളിലും എതിര്‍പ്പ് കഴമ്പില്ലാത്തതാണെന്ന് കമ്മീഷന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ബോധപൂര്‍വമായി ചിലര്‍ എതിര്‍പ്പ് ഉയര്‍ത്തുന്നതിന്റെ പേരിലാണ് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പലപ്പോഴും അനുമതി നിഷേധിക്കുന്നത്. ഇത് ഭരണഘടന അവകാശങ്ങളുടെ ലംഘനമാണ്. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാന്‍ പോലീസിന് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരം അപേക്ഷകളില്‍ പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രശ്‌നങ്ങളില്ലെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തന്നെ അനുമതി നല്‍കുന്നതിന് നിയമമുണ്ടാകണം. ഇതിനായി കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതു സംബന്ധിച്ച പരാതികളില്‍ 25ന് തിരുവനന്തപുരത്ത് തെളിവെടുപ്പ് നടത്താനും സിറ്റിംഗില്‍ തീരുമാനമായി.