പരിസ്ഥിതി ബോധവത്കരണത്തിന് ഇനി കേന്ദ്ര ഫണ്ടില്ല

Posted on: June 5, 2015 5:04 am | Last updated: June 5, 2015 at 12:05 am

കണ്ണൂര്‍: മണ്ണും മരങ്ങളും തെളിനീരുറവകളും കാത്തുസൂക്ഷിച്ച് നാടൊട്ടുക്കും ഹരിതാഭ തീര്‍ക്കാന്‍ സംസ്ഥാനത്തെ 3,500ഓളം സ്‌കൂളുകളില്‍ പരീക്ഷിച്ച് വിജയിച്ച ദേശീയ ഹരിത സേന ഉള്‍പ്പടെയുള്ള കേരളത്തിന്റെ പ്രധാന പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍ക്ക്് ഇനി സഹായം നല്‍കേണ്ടതില്ലെന്ന്് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
കേരളം നടത്തുന്ന പരിസ്ഥിതി ഗവേഷണങ്ങള്‍, ശാസ്ത്ര പഠനം എന്നിവക്കെല്ലാമുള്ള സാമ്പത്തിക സഹായങ്ങളും വെട്ടിക്കുറക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനമെടുത്തു. അടുത്ത ദിവസം തന്നെ ഇതിന്റെ ഔദ്യോഗിക ഉത്തരവിറങ്ങിയേക്കും. ഗംഗാ ആക്ഷന്‍ പ്ലാനുള്‍പ്പടെയുള്ള കേന്ദ്ര പദ്ധതികള്‍ക്കായി വന്‍ തുക മാറ്റിവെക്കുന്നതിന്റെ ഭാഗമായാണ് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്്് വെട്ടിക്കുറക്കുന്നതെന്നാണ് ആക്ഷേപം. നേരത്തെ പലതവണ കേന്ദ്ര സര്‍ക്കാറിന്റെ തന്നെ പ്രത്യേക അഭിനന്ദനം ലഭിച്ചിട്ടുള്ള പരിപാടിയാണ് കേരളത്തിലെ കുട്ടികള്‍ക്കിടയിലുള്ള ദേശീയ ഹരിത സേനയുടെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ദേശീയ ഹരിത സേനയിലൂടെ രണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിധ്യമായിട്ടുള്ളത്. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിപ്പോരുന്നത്. 50 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയില്‍ 10,000 അധ്യാപകരെയുള്‍പ്പടെ പരിശീലിപ്പിച്ച്്് പഠനത്തിനൊപ്പം കുട്ടികളെ കൃഷിപാരിസ്ഥിതിക ബോധമുണ്ടാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്താനാണ് കേരളത്തില്‍ ദേശീയ ഹരിത സേന പ്രവര്‍ത്തിക്കുന്നത്. സ്‌കൂളിന് സമീപത്തുള്ള പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കുന്ന്, വയല്‍ സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ പദ്ധതിയിലൂടെ കുട്ടികള്‍ ഏറെക്കുറെ പ്രാപ്തരാകുകയും ചെയ്തിരുന്നു.
ജൈവപച്ചക്കറി ഉത്പാദനത്തിനും കുട്ടികള്‍ക്ക് ഹരിതസേനയിലൂടെ പരിശീലനം നല്‍കി. ഓരോ നാട്ടിലെയും കുളങ്ങള്‍, വയലുകള്‍, തോടുകള്‍ തുടങ്ങിയ നീര്‍ത്തടങ്ങളെക്കുറിച്ചുള്ള സര്‍വേ സംഘടിപ്പിക്കാനും ഇവ എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ച് പദ്ധതി ആവിഷ്‌കരിക്കാനും കുട്ടികള്‍ ദേശീയ ഹരിതസേനയുടെ കീഴില്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സേനയുടെ പ്രവര്‍ത്തനം നിലയ്ക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിമറഞ്ഞത്.
ദേശീയ ഹരിത സേനക്കൊപ്പം സംസ്ഥാന സര്‍ക്കാറിനു കീഴില്‍ കുട്ടികളുടെ പരിസ്ഥിതി കൂട്ടായ്മ രൂപവത്കരിച്ച് ഓരോ വിദ്യാലയത്തിലും മികച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ഇക്കുറി പരിപാടികള്‍ ആവിഷ്‌കരിച്ചു വരുമ്പോഴാണ് പൊടുന്നനെ ഇനി ഇത്തരം പരിപാടികള്‍ക്ക് ഫണ്ടില്ലെന്ന പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ അറിയിപ്പുണ്ടാകുന്നത്.
ഒരു വര്‍ഷം 95.5 ലക്ഷം രൂപ മാത്രമാണ്് ദേശീയ ഹരിത സേനക്ക് കേന്ദ്രം അനുവദിക്കുന്നത്. സംസ്ഥാനത്ത്് പരിസ്ഥിതി ബോധവത്കരണം നടത്തുന്ന വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള ഫണ്ടും നിര്‍ത്തല്‍ ചെയ്തിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുള്‍പ്പെടെ നടത്തുന്ന ശാസ്ത്ര ഗവേഷണങ്ങള്‍ക്കും ഇനി വലിയ തോതില്‍ ഫണ്ട് നല്‍കേണ്ടെന്നാണ് കേന്ദ്ര തീരുമാനം.
ഓരോ വര്‍ഷവും സംസ്ഥാനത്തെ ജൈവവൈവിധ്യത്തിന്റെ തോത് അപകടകരമാം വിധം കുറഞ്ഞുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ പരിസ്ഥിതി വകുപ്പിന് കീഴില്‍ കേന്ദ്ര സഹായം ഉപയോഗിച്ച് പരിസ്ഥിതി ബോധവത്കരണം ഏറ്റവും നന്നായി നടത്തുന്നത്്.