Connect with us

Gulf

വ്യാജ ഔഷധങ്ങള്‍; സൗന്ദര്യ വര്‍ധക വസ്തുക്കള്‍

Published

|

Last Updated

ഉല്‍പന്നങ്ങളിലെ വ്യാജന്‍ കമ്പോളത്തില്‍ പെരുകുകയാണ്. വിലകൂടിയ ബ്രാന്‍ഡുകളുടെ വ്യാജന്‍ ഉപഭോക്താക്കള്‍ക്ക് വന്‍ നഷ്ടം വരുത്തിവെക്കുന്നു. അതേസമയം, ഔഷധങ്ങള്‍, ആരോഗ്യത്തിന് വലിയ ഭീഷണി സൃഷ്ടിക്കുന്നു.
മുന്തിയതരം മൊബൈല്‍ ഫോണ്‍, വാഹന സ്‌പെയര്‍പാര്‍ട്‌സുകള്‍, വാച്ച് തുടങ്ങിയവയുടെ പകര്‍പ്പ് നിര്‍മിച്ച് കമ്പോളത്തിലെത്തിക്കുന്ന വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് അധികൃതര്‍ക്കു ലഭിച്ചിരിക്കുന്ന വിവരം. വിവിധ രാജ്യങ്ങളില്‍ പടര്‍ന്നു നില്‍ക്കുന്ന നിഗൂഡ വാണിജ്യമാണിത്. ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ് ഇത്തരം ഉല്‍പന്നങ്ങള്‍ എത്തുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കുറ്റപ്പെടുത്തുന്നു. ഔഷധങ്ങളിലും സൗന്ദര്യ വര്‍ധക വസ്തുക്കളിലും വ്യാജന്‍ പെരുകിയാല്‍ സമൂഹത്തില്‍ വന്‍ വിപത്താണ് സൃഷ്ടിക്കപ്പെടുക. ഏതാനും വര്‍ഷം മുമ്പ് “വയാഗ്ര” കമ്പോളത്തില്‍ വ്യാപകമായി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വരെ ഇവ യഥേഷ്ടം. 48 ദിര്‍ഹമിന് 100 മില്ലി ഗ്രാമിന്റെ ഒരു ബോക്‌സ് കണ്ടെത്തിയപ്പോള്‍ സംശയം ബലപ്പെട്ട് അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. മാരക പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്ന അംശങ്ങള്‍ കണ്ടെത്തി. ഇതിനിടയില്‍, ഇവ പലരും ഉപയോഗിച്ച് കഴിഞ്ഞിരുന്നു.
പൊണ്ണത്തടി കുറക്കാന്‍ ഉത്തമം എന്ന് ലേബലൊട്ടിച്ച് വില്‍ക്കുന്ന ഔഷധങ്ങളില്‍ മിക്കവയും ഗുരുതരമായ ആരോഗ്യ പ്രശ്‌നം സൃഷ്ടിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. ഹൃദയാഘാതം വന്ന് ജീവന്‍ അപകടത്തിലായേക്കാം.
വ്യാജന്‍ എന്ന് അറിഞ്ഞുകൊണ്ടുതന്നെ ചില ഫാര്‍മസികള്‍ ഔഷധങ്ങള്‍ നല്‍കാറുണ്ട്. വേലി തന്നെ വിള തിന്നുന്നതിന് സമാനം. ഗുണമേന്മയുള്ള ഔഷധങ്ങള്‍ക്ക് വന്‍ വിലയാണെന്ന് മനസിലാക്കി, താല്‍ക്കാലികാശ്വാസത്തിനെന്ന പേരില്‍, അറിഞ്ഞുകൊണ്ട് വ്യാജനെ വിഴുങ്ങുന്നൂ രോഗികള്‍.
നിര്‍മാണക്കമ്പനികള്‍ ഔഷധങ്ങള്‍ക്ക് വിലകുറച്ചാല്‍ മാത്രമെ ഈ പ്രതിഭാസത്തിന് പരിഹാരമാവുകയുള്ളൂവെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി ചൂണ്ടിക്കാട്ടി.
ഔഷധങ്ങളുടെ ഓണ്‍ ലൈന്‍ വ്യാപാരം മറ്റൊരു വെല്ലുവിളി. അനധികൃത കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകളാണ് ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യുന്നവയില്‍ മിക്കതും എന്ന് തെളിഞ്ഞിട്ടുണ്ട്. രക്ത സമ്മര്‍ദം, പ്രമേഹം, ഉത്തേജനക്കുറവ് തുടങ്ങിയവക്ക് പ്രതിവിധി തേടി ചിലര്‍ ഓണ്‍ലൈന്‍ അന്വേഷണം നടത്തും. അവസാനം അവര്‍ ചെന്നെത്തുന്നത് വ്യാജ ഔഷധ വിതരണം ശൃംഖലയുടെ കൈകളില്‍.
ട്രമഡോള്‍ എന്ന ഗുളികയുടെ ദുരുപയോഗം വര്‍ധിച്ചുവരുന്നതാണ് മറ്റൊരു വെല്ലുവിളി. ഗുരുതരമായ മതി ഭ്രമത്തിനെതിരെ ചില ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതാണ് ട്രമഡോള്‍. ഇതിലൂടെ ലഹരി ലഭിക്കുമെന്ന് മനസിലാക്കി, വന്‍തോതില്‍, കരിഞ്ചന്തയില്‍ നിന്ന് വാങ്ങിക്കൂട്ടുന്ന യുവതലമുറ പിന്നീട് ഈ ഗുളികക്ക് അടിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം 40,000 ഓളം ട്രമഡോള്‍ കള്ളക്കടത്താണ് യു എ ഇയില്‍ പിടിക്കപ്പെട്ടത്. 3,500 ഓളം പേര്‍ അറസ്റ്റിലായി. ഉത്തേജക ഔഷധ കള്ളക്കടത്തിന്റെ വ്യാപ്തി എത്രമാത്രമെന്ന് ഇതില്‍ നിന്ന് ഊഹിക്കാന്‍ കഴിയും. ശരീരം മെലിയാനുള്ള ഡി എന്‍ പി ഗുളിക കഴിച്ചാല്‍ ദിവസങ്ങള്‍ക്കകം മരണം ഉറപ്പ്. അതും ഓണ്‍ ലൈന്‍ വഴി എത്തുന്നുണ്ട്.
വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് വിരൂപരായിത്തീര്‍ന്ന എത്രയോ പേരുടെ “കഥകള്‍” മാധ്യമങ്ങളില്‍ വരുന്നു. പക്ഷേ, ഇവ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ല. പലരും അജ്ഞത കാരണം വഞ്ചിക്കപ്പെടുകയാണ്. വന്‍ ബോധവത്കരണം ഈ മേഖലയിലും അനിവാര്യം.