റോഹിംഗ്യകളെ മ്യാന്‍മര്‍ പൗരന്മാരായി അംഗീകരിക്കണം: അമേരിക്ക

Posted on: June 4, 2015 5:18 am | Last updated: June 3, 2015 at 11:18 pm

വാഷിംഗ്ടണ്‍: തെക്ക് കിഴക്കന്‍ ഏഷ്യയിലെ കുടിയേറ്റ പ്രതിസന്ധിയുടെ മൂലകാരണം പരിഹരിക്കാന്‍ ന്യൂനപക്ഷമായ റോഹിംഗ്യ മുസ്‌ലിംകളെ മ്യാന്‍മര്‍ സര്‍ക്കാര്‍ പൗരന്‍മാരായി അംഗീകരിക്കണമെന്ന് അമേരിക്ക . ഈ മനുഷ്യാവകാശ പ്രശ്‌നം സംബന്ധിച്ച് മ്യാന്‍മറിലെ നേതാക്കള്‍ ചര്‍ച്ച നടത്തണമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി ആനി റിച്ചാഡ് ആവശ്യപ്പെട്ടു. തലമുറകളായി മ്യാന്‍മറില്‍ ജീവിക്കുന്ന റോഹിംഗ്യകള്‍ അവിടത്തെ പൗരന്‍മാര്‍ തന്നെയാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പരാമര്‍ശം തന്നെയാണ് റിച്ചാഡിന്റെ വാക്കുകളിലും പ്രതിഫലിക്കുന്നത്. മ്യാന്‍മറിലെ രാഷ്ട്രീയക്കാര്‍ നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ റോഹിംഗ്യകളുടെ അവസ്ഥ സംബന്ധിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും റിച്ചാഡ് പറഞ്ഞു. പ്രതിപക്ഷ നേതാവും നൊബേല്‍ ജേതാവുമായ ആംഗ് സാന്‍ സൂകി റോഹിംഗ്യകള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി വംശീയ സംഘങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്രാ തലത്തില്‍ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ബര്‍മയിലെ എല്ലാ നേതാക്കളുമയി ഈ മനുഷ്യാവകാശ പ്രശ്‌നം സംബന്ധിച്ച് സംസാരിക്കാനും അവരെ റോഹിംഗ്യകളെ സഹായിക്കേണ്ടതിനെക്കുറിച്ച് ബോധ്യപ്പെടുത്താനും തങ്ങള്‍ ആഗ്രഹിക്കുന്നതായും ബോട്ടിലുള്ളവരെ ഡിസംബര്‍വരെ അതേ സ്ഥിതിയില്‍ തുടരാന്‍ അനുവദിക്കാനാവില്ലെന്നും അവര്‍ക്ക് സഹായം ആവശ്യമുള്ളത് ഇപ്പോഴാണെന്നും റിച്ചാഡ് പറഞ്ഞു. കിഴക്കന്‍ റാഖിന സംസ്ഥാനത്ത് 727 കുടിയേറ്റക്കാരുമായി ഉപേക്ഷിക്കപ്പെട്ട ബോട്ടിന് മ്യാന്‍മറിന്റെ നാവിക സേന അകമ്പടി പോയതിന് പിറകെയാണ് റിച്ചാഡിന്റെ അഭിപ്രായം പുറത്തുവന്നത്. ബോട്ടിലുള്ളവരെ തിരിച്ചറിയാതെ തങ്ങള്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കില്ലെന്ന് നാവിക കമാന്‍ഡര്‍ പറഞ്ഞു. ദിവസങ്ങളായി ഇത്രയും കുടിയേറ്റക്കാര്‍ കടലില്‍ കഴിഞ്ഞുവരികയാണ്. മ്യാന്‍മറില്‍ തങ്ങള്‍ക്കുനേരെ നടക്കുന്ന പീഡനത്താലാണ് അവിടെനിന്നും രക്ഷപ്പെട്ടതെന്ന് ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലെത്തിയ 4000ത്തില്‍ അധികം റോഹിംഗ്യകള്‍ പറഞ്ഞു. 1.1 ദശലക്ഷം വരുന്ന റോഹിംഗ്യ ന്യൂനപക്ഷത്തെ പൗരന്‍മാരായി അംഗീകരിക്കാത്തതിനാല്‍ ഇവര്‍ രാജ്യമില്ലാത്തവരായി കഴിയുകയാണ്. ഇതേത്തുടര്‍ന്നാണ് റോഹിംഗ്യകള്‍ ഇവിടെ നിന്നും പലായനം ചെയ്യുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന വാര്‍ത്തകള്‍ മ്യാന്‍മര്‍ നിഷേധിച്ചിരിക്കുകയാണ്.