കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണത്തിന് സ്ഥിര സംവിധാനം

Posted on: June 4, 2015 6:00 am | Last updated: June 3, 2015 at 11:10 pm

Kochi-KSRTC-Volvo-Low-Floor-City-Busesതിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാമാസവും 15 ാം തീയതിക്കകം പെന്‍ഷന്‍ വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടണ്ടെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി എല്ലാ മാസവും പെന്‍ഷന്‍ വിഹിതമായി 20 കോടി രൂപ വീതം സര്‍ക്കാറും കെ എസ് ആര്‍ ടി സിയും ട്രഷറിയില്‍ നിക്ഷേപിക്കും.
കുടിശ്ശികയുള്ള പെന്‍ഷന്‍ തുക വിതരണം ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ട് മാസത്തിനകം കുടിശ്ശിക വിതരണം ചെയ്യും. രണ്ട് ഗഡുക്കളായാണ് കുടിശ്ശിക തുക കൈമാറുക. തുടര്‍ന്ന് കൃത്യമായി പെന്‍ഷന്‍ നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കും.
2014 ജനുവരിയില്‍ കെ എസ് ആര്‍ ടി സിയുടെ പ്രതിദിന കലക്ഷന്‍ 4.47 കോടി രൂപയായിരുന്നു. ഇപ്പോള്‍ ഇത് 5.65 കോടിയായി ഉയര്‍ന്നിട്ടുണ്ട്. പ്രതിദിന വരുമാനം ഏഴ് കോടിയായി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കി വരികയാണ്. അഞ്ച് മേഖലാ യോഗങ്ങള്‍ ചേര്‍ന്ന് വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കും. ഏഴായിരം രൂപയില്‍ താഴെ കലക്ഷനുള്ള സര്‍വീസുകള്‍ പുനഃക്രമീകരിക്കും. വരുമാന വര്‍ധന ലക്ഷ്യമിട്ട് കെ എസ് ആര്‍ ടി സി കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. ജൂലൈ ഏഴിന് തിരുവനന്തപുരത്ത് കൊറിയര്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യും.
ജന്റം ബസുകളുടെ സര്‍വീസിനായി ആരംഭിച്ച കെ യു ആര്‍ ടി സിയില്‍ നിന്നുള്ള വരുമാനം 35 ലക്ഷം രൂപയാണ്. ഇപ്പോള്‍ 440 ബസുകള്‍ സര്‍വീസ് നടത്തുന്ന സ്ഥാനത്ത് ബസുകളുടെ എണ്ണം 720 ആയി ഉയര്‍ത്തി വരുമാന വര്‍ധന ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് മാസത്തിനകം പുതിയ ബസുകള്‍ സര്‍വീസ് ആരംഭിക്കും.
കെ ടി ഡി എഫ് സിയില്‍ നിന്നുള്ള 1350 കോടി രൂപയുടെ വായ്പ പൊതുമേഖലാ ബേങ്കുകളിലേക്ക് പുനഃക്രമീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജൂണ്‍ അവസാനത്തോടെ നടപടികള്‍ പൂര്‍ത്തിയാകും. 14 ശതമാനം പലിശനിരക്കിലുള്ള കെ ടി ഡി എഫ് സി വായ്പക്ക് നിലവില്‍ 600 കോടി രൂപ പലിശ ഇനത്തില്‍ പ്രതിവര്‍ഷം അടക്കേണ്ടി വരുന്നുണ്ട്. പലിശ പൊതുമേഖലാ ബേങ്കുകളിലേക്ക് മാറ്റുമ്പോള്‍ 360 കോടി രൂപ പ്രതിവര്‍ഷം ലാഭിക്കാന്‍ സാധിക്കും.
കെ എസ് ആര്‍ ടി സിയെ ജനസൗഹൃദവും ലാഭത്തിലുമാക്കുന്നതിനായി വിവധ പദ്ധതികള്‍ നടപ്പാക്കും. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡുകളില്‍ കോഫീ ഹൗസുകളും എ ടി എം കൗണ്ടറുകളും തുറക്കും. കോഫി ഹൗസുകളുടെ ഉദ്ഘാടനം ഈ മാസം 12ന് അങ്കമാലിയിലും എ ടി എം ഉദ്ഘാടനം ജൂലൈ 22ന് തിരുവനന്തപുരത്തും നടക്കും. ഈ മാസം ആറിന് തിരുവല്ലയില്‍ ടെര്‍മിനല്‍ കോംപ്ലക്‌സ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പുതുതായി പത്ത് വോള്‍വോ, മള്‍ട്ടി ആക്‌സില്‍ ബസുകള്‍ സര്‍വീസ് തുടങ്ങും. 50 ഡീലക്‌സ് ബസുകള്‍ നിരത്തിലിറക്കിക്കഴിഞ്ഞു.
ദീര്‍ഘദൂര ബസുകള്‍ ഏറ്റവും അധികം സര്‍വീസ് നടത്തുന്ന ബംഗളൂരുവില്‍ കെ എസ് ആര്‍ ടി സി മേഖലാ ഓഫീസ് ആരംഭിച്ചു. 12,294 കിലോമീറ്റര്‍ ദൂരത്തില്‍ സര്‍വീസ് നടത്താന്‍ കര്‍ണാടക സര്‍ക്കാരുമായി ധാരണയിലെത്തി. അതോടൊപ്പം എറണാകുളത്ത് നിന്ന് പുതുച്ചേരി, തിരുപ്പതി എന്നിവിടങ്ങളിലേക്കും കോഴിക്കോട് നിന്ന് കാസര്‍കോട്- മംഗലാപുരം- പൂനെ വഴി മുബൈ വരെയുള്ള സര്‍വീസുകള്‍ക്ക് ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.