ചീഫ് സെക്രട്ടറി മുഖ്യമന്ത്രി കളിക്കേണ്ട: യൂത്ത്‌ലീഗ്‌

Posted on: June 3, 2015 11:55 pm | Last updated: June 3, 2015 at 11:55 pm
SHARE

sadiqaliമലപ്പുറം: ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രി കളിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലി. സംസ്ഥാനത്ത് ഉദ്യോഗസ്ഥ മേധാവിത്വമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. ചീഫ് സെക്രട്ടറിയെ സര്‍ക്കാര്‍ നിയന്ത്രിക്കണം. ഗെയില്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറെ പോലെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഗെയിലിനു വേണ്ടി ചീഫ് സെക്രട്ടറി അമിതാവേശം കാണിക്കേണ്ട. ജനങ്ങളുടെ ഭീതി മനസിലാക്കാതെ സൈനിക മേധാവിക്ക് തുല്യമായാണ് പെരുമാറുന്നത്. ജനവാസം കുറഞ്ഞ മേഖലകളിലൂടെ സുരക്ഷിതത്വം ഉറപ്പിച്ചുവേണം പദ്ധതി നടപ്പാക്കാന്‍. ജനകീയ വികാരം മാനിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി ഏതുവിധേനയും നടപ്പിലാക്കണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞെന്നുള്ള ചീഫ് സെക്രട്ടറിയുടെ പ്രസ്താവന ഒട്ടും ഭൂഷണമല്ലെന്നും സാദിഖലി പറഞ്ഞു. എല്‍ എന്‍ ജി ടെര്‍മിനലിനോ ബാംഗ്ലൂരിലേക്കും മംഗലാപുരത്തേക്കും വാതകമെത്തിക്കുന്നതിനോ മുസ്‌ലിംയൂത്ത്‌ലീഗ് എതിരല്ല. ചീഫ് സെക്രട്ടറിക്കെതിരെ പാമോലിന്‍ വിഷയത്തില്‍ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവും സി പി എമ്മും ഗെയില്‍ വാതക പൈപ്പ് ലൈനിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സാദിഖലി പറഞ്ഞു.