റെഡ്ക്രസന്റിന് റമസാനില്‍ 3.8 കോടിയുടെ ജീവകാരുണ്യ സംരംഭങ്ങള്‍

Posted on: June 3, 2015 8:09 pm | Last updated: June 3, 2015 at 8:09 pm

അബുദാബി: യു എ ഇ റെഡ്ക്രസന്റ് അതോറിറ്റി ഈ വര്‍ഷം റമസാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 3.8 കോടി ദിര്‍ഹം നീക്കിവെച്ചതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്നത് പ്രധാനമായും രാജ്യത്തിനകത്തുതന്നെയായിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
റമസാന്‍ കിറ്റുകള്‍, ഇഫ്താര്‍ പൊതികള്‍, ഫിത്വര്‍ സകാത്ത്, പെരുന്നാള്‍ പുടവകള്‍ തുടങ്ങിയവയാണ് റെഡ് ക്രസന്റിന്റെ റമസാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. റമസാന്‍ സംരംഭങ്ങള്‍ക്ക് നീക്കിവെച്ച തുകയില്‍ നിന്ന് 2.2 കോടിയും ചിലവഴിക്കുക രാജ്യത്തിനകത്തായിരിക്കും. അബുദാബിയില്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അതോറിറ്റി ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹി വിശദീകരിച്ചു.
പ്രാദേശിക സംരംഭങ്ങള്‍ക്കായി നീക്കിവെച്ച തുകയില്‍ 80 ലക്ഷം ചിലവഴിക്കുക രാജ്യവ്യാപകമായി ഇഫ്താറുകള്‍ ഒരുക്കാനായിരിക്കും. രാജ്യത്തെ മുഴുവന്‍ എമിറേറ്റുകളിലുമായി 128 ഇഫ്താര്‍ കൂടാരങ്ങള്‍ക്ക് റെഡ് ക്രസന്റ് നേതൃത്വം നല്‍കും. ഇതിലധികവും തലസ്ഥാന നഗരിയായ അബുദാബിയിലും അല്‍ ഐനിലുമായിരിക്കുമെന്നും അല്‍ ഫലാഹി വ്യക്തമാക്കി. അബുദാബി 29, അല്‍ ഐന്‍ 22, പടിഞ്ഞാറന്‍ മേഖല 22, ബനിയാസ് 17, ദുബൈ നാല്, ഷാര്‍ജ നാല്, അജ്മാന്‍ മൂന്ന്, ഉമ്മുല്‍ ഖുവൈന്‍ നാല്, റാസല്‍ ഖൈമ 10, ഫുജൈറ 13 എന്നിങ്ങനെയാണ് റെഡ്ക്രസന്റ് നേരിട്ട് നടത്തുന്ന ഇഫ്താര്‍ കൂടാരങ്ങളുടെ കണക്കുകള്‍.
രാജ്യത്തെ വിധവകള്‍, അനാഥര്‍, അഗതികള്‍ എന്നിവര്‍ക്ക് പ്രത്യേക ദാനമായി നല്‍കാന്‍ 55 ലക്ഷം ദിര്‍ഹമാണ് ഈ വര്‍ഷം നീക്കിവെച്ചത്. പെരുന്നാള്‍ പുടവകള്‍ വിതരണം ചെയ്യാന്‍ അഞ്ച് ലക്ഷവും 6.7 ലക്ഷം ദിര്‍ഹം സാമ്പത്തിക പരാധീനതയനുഭവിക്കുന്നവര്‍ക്ക് റമസാനില്‍ അവശ്യവസ്തുക്കള്‍ വാങ്ങാനുള്ള പ്രവിലേജ് കാര്‍ഡുകള്‍ വിതരണത്തിനും മാറ്റിവെച്ചിട്ടുണ്ടെന്ന് അല്‍ ഫലാഹി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് റമസാനില്‍ 225 കേന്ദ്രങ്ങള്‍ ദാനങ്ങള്‍ സ്വീകരിക്കാന്‍ ഒരുക്കുമെന്നും അല്‍ ഫലാഹി അറിയിച്ചു.