Connect with us

International

മുര്‍സിയുടെ വധ ശിക്ഷ: അന്തിമ വിധി പുറപ്പെടുവിക്കുന്നത് നീട്ടിവെച്ചു

Published

|

Last Updated

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിയെ 2011ലെ ജയില്‍ ഭേദനവുമായി ബന്ധപ്പെട്ട കേസില്‍ വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള ശിപാര്‍ശയില്‍ ഈജിപ്ത് കോടതി അന്തിമ വിധി പുറപ്പെടുവിക്കുന്നത് നീട്ടിവെച്ചു. കേസ് ഈ മാസം 16ലേക്ക് മാറ്റിവെച്ചതായി ജഡ്ജി അറിയിച്ചു. ബ്രദര്‍ഹുഡിന്റെ ഉന്നത നേതാവ് മുഹമ്മദ് ബദീഅ് അടക്കമുള്ള പ്രതികള്‍ക്ക് കഴിഞ്ഞ മാസമാണ് കോടതി വധശിക്ഷ വിധിച്ചത്. പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തല്‍, പോലീസ് സംവിധാനങ്ങള്‍ ആക്രമിക്കല്‍, രാജ്യത്ത് നടന്ന വിപ്ലവത്തിനിടെ ജയിലുകള്‍ തകര്‍ത്തു തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ. കോടതിക്ക് ഇന്നലെ രാവിലെ മുഫ്തിയുടെ അഭിപ്രായം ലഭിച്ചിട്ടുണ്ടെന്നും ഇത് ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യമാണെന്നും കേസ് നീട്ടിക്കൊണ്ട് ജഡ്ജി ഷാബാന്‍ എല്‍ ഷാമി പറഞ്ഞു. ഈജിപ്തിലെ ഉന്നത മത അതോറിറ്റിയാണ് മുഫ്തി. ശിക്ഷ നടപ്പാക്കാന്‍ മുഫ്തിയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. ഹമാസും ഹിസ്ബുല്ലയുമായി ചേര്‍ന്ന് ബ്രദര്‍ഹുഡ് നേതാവ് ഖൈറാത് എല്‍ ശാത്തറും മറ്റ് 15 പേരും ഈജിപ്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലും അന്തിമ വിധി പുറപ്പെടുവിക്കുന്നതും കോടതി ഈ മാസം 16ലേക്ക് മാറ്റി. അതേസമയം 2013ല്‍ സൈനിക തലവനായിരുന്ന, ഇപ്പോള്‍ പ്രസിഡന്റ് പദത്തിലിരിക്കുന്ന അബ്ദുല്‍ ഫത്ത അല്‍സീസി നടത്തിയ അട്ടിമറിയുടെ ഭാഗമാണ് തനിക്കെതിരായ കേസെന്നാണ് മുര്‍സിയുടെ നിലപാട്.

---- facebook comment plugin here -----

Latest