Connect with us

Articles

അംബാനിവിരുദ്ധ സമരങ്ങള്‍ ദുര്‍ബലമാകുന്ന വഴികള്‍

Published

|

Last Updated

2014 ഫെബ്രുവരി 11. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നതിന് കൃത്യം മൂന്ന് ദിവസം മുമ്പ് അരവിന്ദ് കെജിരിവാള്‍ തലസ്ഥാന നഗരിയില്‍ ഒരു പത്രസമ്മേളനം വിളിച്ചു. ഈ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടി അഴിമതിവിരുദ്ധ സമരം ശക്തമാക്കാനുള്ള ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം അറിയിക്കാനായിരുന്നു പ്രസ്തുത പത്രസമ്മേളനം. ഇപ്പോഴത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഒപ്പമുണ്ട്. കേന്ദ്ര സര്‍ക്കാറും അംബാനിയുടെ റിലയന്‍സ് ഇന്റസ്ട്രീസും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണയുടെ പശ്ചാത്തലത്തിലാണ് കൃഷ്ണഗോദാവരി ബേസിനില്‍ കൃത്രിമ ഗ്യാസ് ക്ഷാമം ഉണ്ടാക്കിയത് എന്നും തല്‍ഫലമായാണ് രാജ്യത്തെ ഇന്ധന വില രൂക്ഷമായതെന്നും കെജ്‌രിവാള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതിനെതിരെ ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ട് എന്നും അഴിമതിവിരുദ്ധ പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നും ആം ആദ്മി പാര്‍ട്ടി ചീഫ് പ്രഖ്യാപിച്ചു.
റിലയന്‍സിനെതിരെയുള്ള അഴിമതിവിരുദ്ധ സമരം കേവലം പ്രഖ്യാപനത്തില്‍ ഒതുക്കിയില്ല കെജ്‌രിവാള്‍. മുന്‍ റവന്യു സെക്രട്ടറി ഇ എ എസ് ശര്‍മ, മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടി എസ് ആര്‍ സുബ്രഹ്മണ്യം, സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കറ്റ് കാമിനി ജസ്വാള്‍, മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ എച്ച് തഹിലിയനി എന്നിവര്‍ മുഖേന ഔദ്യോഗിക പരാതി രജിസ്റ്റര്‍ ചെയ്തു. കൂടാതെ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി, പിന്‍ഗാമി മുരളി ദിയോറ, ഹൈഡ്രോ കാര്‍ബണ്‍ മുന്‍ ഡയരക്ടര്‍ ജനറല്‍ വി കെ സിബല്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കാന്‍ വേണ്ടി ആന്റി കറപ്ഷന്‍ ബ്യൂറോ എഫ് ഐ ആര്‍ തയ്യാറാക്കിയിട്ടുണ്ട് എന്നും കെജ്‌രിവാള്‍ മാധ്യമങ്ങളെ അറിയിച്ചു.
എഫ് ഐ ആര്‍ പ്രകാരം, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ വന്‍ കൊള്ളയാണ് റിലയന്‍സ് നടത്തിയത്. മണി ശങ്കര്‍ അയ്യര്‍ കേന്ദ്ര പെട്രോളിയം മന്ത്രി ആയിരുന്ന സമയത്താണ് 2004 ജൂണ്‍ മുതല്‍ അടുത്ത 17 വര്‍ഷത്തേക്ക് കൃഷ്ണഗോദാവരി ബേസിനില്‍ ഉത്പാദിപ്പിക്കുന്ന ഗ്യാസ് റിലയന്‍സിന് തീറെഴുതിക്കൊടുത്തത്. ഒരു മില്ല്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 2.34 ഡോളര്‍ നിര്‍മാണച്ചെലവ് എന്ന നിരക്കിലായിരുന്നു കരാര്‍. എന്നാല്‍ രണ്ട് വര്‍ഷത്തിനു ശേഷം, 2006ല്‍ മുരളി ദിയോറ കേന്ദ്ര പെട്രോളിയം മന്ത്രിയായപ്പോള്‍ ഉണ്ടാക്കിയ പുതിയ ധാരണയില്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന് നല്‍കേണ്ട പ്രസ്തുത ഗ്യാസ് റിലയന്‍സ് ആവശ്യപ്പെട്ടത് പ്രകാരം ഒരു മില്ല്യന്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന്റെ നിര്‍മാണച്ചെലവ് 8.4 ഡോളര്‍ എന്നാക്കി മാറ്റി. അതിനു വേണ്ടിയുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി നടത്തി എന്നതായിരുന്നു കേസ്. നേരത്തെ നിശ്ചയിച്ചിരുന്നതിനേക്കാള്‍ നാലിരട്ടിയായി നിര്‍മാണച്ചെലവ് വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍, ഗ്യാസിന് ഏറ്റവും കൂടുതല്‍ വിലയുള്ള രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി.
എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത അതേ ദിവസം, ഡല്‍ഹി സര്‍ക്കാറിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ് എന്ന സന്ദേശവുമായി റിലയന്‍സ് വാര്‍ത്താ കുറിപ്പിറക്കി. എഫ് ഐ ആറിലെ ഓരോ ആരോപണവും അടിസ്ഥാനരഹിതമാണെന്നും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം പൂര്‍ണമായും തെറ്റാണെന്നും റിലയന്‍സ് വാദിച്ചു. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം, തനിക്ക് ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരാന്‍ കഴിയാത്ത കാരണം കൊണ്ട് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം 2014 ഫെബ്രുവരി 14ന് നാടകീയമായി രാജി വെച്ചു.
പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ അടങ്ങും മുന്‍പ്, കേസ് പുനരന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാറിനോടും റിലയന്‍സ് െ്രെപവറ്റ് ലിമിറ്റടിനോടും കേസന്വേഷണവുമായി സഹകരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ആം ആദ്മി പാര്‍ട്ടിയുടെ ദുര്‍വ്യാഖ്യാനമാണെന്നും റിലയന്‍സ് കമ്പനി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി. എന്നാല്‍ കേസിന്റെ ഭാഗമായത് കൊണ്ട് അന്വേഷണവുമായി സഹകരിക്കാന്‍ റിലയന്‍സിനു ബാധ്യതയുണ്ട് എന്നാണ് വിജിലന്‍സ് ഡയരക്ടറേറ്റ് ഇതിനോട് പ്രതികരിച്ചത്.
ഡല്‍ഹി അപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍ നടന്ന സമയം. കേസുമായി പിന്നീട് നടന്ന കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. ഒരു മാസം കഴിഞ്ഞില്ല, മോദി സര്‍ക്കാര്‍ പുതിയ വിജ്ഞാപനമിറക്കി. ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ ഡല്‍ഹി സര്‍ക്കാറിനുള്ള അധികാര പരിധി വെട്ടിക്കുറച്ചു കൊണ്ടുള്ള ഉത്തരവായിരുന്നു അത്. അതോടെ, ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിമിതപ്പെട്ടു ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ഇടപെടല്‍. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നിനെതിരെ ഔദ്യോഗികമായി പരാതി നല്‍കിയ ഓരോ ആളും രംഗത്ത് നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കേന്ദ്ര സര്‍ക്കാര്‍ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അധികാര പരിധി വെട്ടിക്കുറച്ചത് മുകേഷ് അംബാനിക്കെതിരെ അന്വേഷണം നടത്തും എന്നതു കൊണ്ടാണെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്‌തെങ്കിലും റിലയന്‍സിനെതിരെയുള്ള ഓരോ ചലനവും കൂടുതല്‍ ദുര്‍ബലപ്പെട്ടു വന്നു.
ഈ സംഭവത്തിലെ ഏറ്റവും പരിതാപകരമായ പരിണതി, ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും നേടി വന്‍ തിരിച്ചുവരവ് നടത്തി, 2015 ഫെബ്രുവരി 14 ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരത്തില്‍ വന്ന കെജ്‌രിവാള്‍ റിലയന്‍സിനെതിരെ ഭീകരമായ മൗനം പാലിച്ചു എന്നതാണ്. മുമ്പ് പത്ര സമ്മേളനത്തില്‍ പ്രഖ്യാപിച്ച അഴിമതിക്കെതിരായ “സന്ധിയില്ലാസമരം” കെജ്‌രിവാളിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ വന്നതേയില്ല. “അന്വേഷണം ഇനി എവിടെയും എത്താന്‍ പോകുന്നില്ല. കാരണം കെജ്‌രിവാള്‍ ട്രാക്ക് മാറിക്കഴിഞ്ഞു.” ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാക്കളില്‍ ഒരാളും സീനിയര്‍ അഡ്വക്കറ്റുമായ പ്രശാന്ത് ഭൂഷണ്‍ സംഭവത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഡല്‍ഹി സര്‍ക്കാര്‍ കേസ് ഗൗരവത്തില്‍ എടുത്തിരുന്നുവെങ്കില്‍, എന്തു കൊണ്ടാണ് റിലയന്‍സിനെതിരെയുള്ള കേസ് അനിശ്ചിതത്വത്തില്‍ ആയതെന്നും ആന്റി കറപ്ഷന്‍ ബ്യൂറോയുടെ അധികാര പരിതി എന്താണെന്നും കണ്ടെത്താമായിരുന്നു. കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും പിന്നീട് ഈ ഭാഗത്തേക്ക് വന്നതേയില്ല. കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ മനോജ് അഗര്‍വാള്‍ പരിഭവപ്പെടുന്നത് ഇങ്ങനെയാണ്: “കേസുമായി ബന്ധപ്പെട്ട ഒരു വിവരം പോലും പുറത്തു വിടാന്‍ എനിക്കാവില്ല. പക്ഷേ, ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയും വിജിലന്‍സ് ഡയരക്ടറുമായ മനീഷ് സിസോദിയ മാത്രം വിചാരിച്ചാല്‍ കേസ് വഴിത്തിരിവാകുമായിരുന്നു. എന്നാല്‍ അദ്ദേഹം ഇത് വരെ ഒരു വാക്കും പ്രതികരിച്ചിട്ടില്ല.”
സംഗതി വളരെ ലളിതം. ദേശീയ രാഷ്ട്രീയത്തിലെ ഏതു വലിയ ആദര്‍ശ നേതാവും പാര്‍ട്ടിയും രാജ്യം യഥാര്‍ഥത്തില്‍ ഭരിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കതീതരല്ല. അവരുടെ നെറികേടുകളോടും അഴിമതികളോടും രാജിയായി മൗനം പാലിക്കുന്നതാണ് ഭരണം നന്നായി മുന്നോട്ടുകൊണ്ട് പോകാന്‍ നല്ലതെന്ന് കെജ്‌രിവാളിനും മനസ്സിലായിക്കാണും. അഴിമതിവിരുദ്ധ മുന്നേറ്റത്തില്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ആം ആദ്മി പാര്‍ട്ടി പോലും കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയുന്നത് രാജ്യത്തിന്റെ ആശങ്ക നിറഞ്ഞ ഭാവിയുടെ അടയാളമാണ്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല കോര്‍പ്പറേറ്റുകളും രാഷ്ട്രീയ നേതൃത്വവുമായിയുള്ള അവിശുദ്ധ കൂട്ടുകെട്ട്. 1970കള്‍ക്ക് ശേഷം അല്‍പ്പം പൊടുന്നനെ കുതിച്ചുയര്‍ന്ന റിലയന്‍സിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഉപജാപങ്ങളുടെയും നിയമലംഘനങ്ങളുടെയും രാഷ്ട്രീയ ഒത്താശയുടെയും പശ്ചാത്തലമുണ്ട് എന്ന് ചരിത്രം പറഞ്ഞുതരും. ഇതിന് ഉദാരമായ നിലപാടുകള്‍ സ്വീകരിച്ചവരാണ് ദേശീയ രാഷ്ട്രീയത്തിലെ വന്‍ സ്രാവുകള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍ കെ ധവാന്‍, ധീരുഭായ് അംബാനിയുടെ അടുപ്പക്കാരനായിരുന്നു. അന്നത്തെ ധനമന്ത്രിയായിരുന്ന പ്രണാബ് മുഖര്‍ജി എന്തെല്ലാം സഹായങ്ങളാണ് ആ കമ്പനിയടക്കമുള്ള കുത്തകകള്‍ക്ക് ചെയ്തുകകൊടുത്തത്?
ജനതാ സര്‍ക്കാറില്‍ പ്രധാനമന്ത്രിയുടെ മകനായിരുന്നു അംബാനിയുടെ സഹായി. രാജീവ് ഗാന്ധിയുടെ കാലത്ത് ധനമന്ത്രിയായിരുന്ന വി പി സിംഗ് കുത്തകകള്‍ക്കെതിരെ ചില നീക്കങ്ങള്‍ നടത്തി. നികുതി കര്‍ക്കശമായി പിരിച്ചു. ധനകാര്യ മന്ത്രാലയത്തിലെ ഏജന്‍സികള്‍ റെയ്ഡുകള്‍ നടത്താന്‍ തുടങ്ങി. ടാറ്റയുടെയും ബ്രൂക്ക് ബോന്‍ഡിന്റെയും ബാറ്റയുടെയും വിജയ് മല്യയുടെയും കമ്പനികളും ഓഫീസുകളും റെയ്ഡ് ചെയ്യപ്പെട്ടു. കുത്തകകള്‍ക്കെതിരെ ഇത്ര ധീരമായി സമീപിച്ചപ്പോഴും ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്ന് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്ന തീരുമാനങ്ങള്‍ നേരത്തെ റിലയന്‍സ് ചോര്‍ത്തിയെടുത്തിരുന്നു. പിന്നെ വി പി സിംഗിനെ ധനകാര്യ വകുപ്പില്‍ നിന്ന് പ്രതിരോധ വകുപ്പിലേക്ക് മാറ്റിയത് അംബാനിക്ക് ഗുണകരമായി. രാജീവ് ഗാന്ധിയും വി പി സിംഗും തമ്മില്‍ തെറ്റി. സിംഗ് രാജി വെച്ചതോടെ രാജീവുമായുള്ള ബന്ധം അംബാനി കൂടുതല്‍ സുദൃഢമാക്കി. രാജീവ് ഗാന്ധിക്ക് മേല്‍ അമിതാഭ് ബച്ചനുണ്ടായിരുന്ന അടുപ്പമാണ് അംബാനി ഉപയോഗപ്പെടുത്തിയത്.
വി പി സിംഗ് പ്രധാനമന്ത്രിയായതോടെ കാര്യങ്ങള്‍ വീണ്ടും കര്‍ക്കശമായി. റിലയന്‍സിനെതിരെ പോരാടി സ്ഥലം മാറേണ്ടിവന്നവരെല്ലാം പഴയ ഇടങ്ങളില്‍ തന്നെ തിരിച്ചെത്തി. ആ വലിയ ബിസിനസ് സാമ്രാജ്യത്തിനെതിരെ ചലനങ്ങള്‍ തുടങ്ങി. അപ്പോഴേക്കും തുടങ്ങിയിരുന്നു രാഷ്ട്രീയ അസ്ഥിരത. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉന്നത ജാതിക്കാര്‍ തെരുവിലിറങ്ങി സര്‍ക്കാറിനെ വെല്ലുവിളിച്ചു. രാമക്ഷേത്ര പ്രശ്‌നം കത്തിച്ച് സംഘ്പരിവാര്‍ സര്‍ക്കാര്‍ തകര്‍ച്ചക്ക് കളമൊരുക്കി. അന്നത്തെ കുത്തിത്തിരിപ്പില്‍ റിലയന്‍സിന് പങ്കുണ്ടായിരുന്നോ? അവരുടെ ഉപജാപങ്ങളുടെ ചരിത്രം ആ സംശയത്തെ സാധൂകരിക്കുന്നുണ്ട്.
എസ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായതോടെ നേരിയ ഇടവേളക്ക് ശേഷം പിന്നെയും റിലയന്‍സിന് നല്ല കാലം. റിലയന്‍സിന് ഇഷ്ടപ്പെട്ടവര്‍ താക്കോല്‍ സ്ഥാനങ്ങളില്‍ മടങ്ങിയെത്തി. നരസിംഹ റാവു വന്നപ്പോള്‍ കാര്യങ്ങള്‍ പിന്നെയും എളുപ്പമായി എന്ന് പറയാനില്ല. അക്കാലത്താണല്ലോ ഉദാരവത്കരണ, ആഗോളവത്കരണ നടപടികള്‍ക്ക് നാന്ദിയാകുന്നത്. എല്ലാറ്റിനും പുറമെ മന്‍മോഹന്‍ സിംഗായിരുന്നു അന്നത്ത ധനകാര്യ മന്ത്രി. വാജ്പയി സര്‍ക്കാറിലും നല്ല നിലയില്‍ റിലയന്‍സ് സ്വാധീനം ചെലുത്തി. പ്രമോദ് മഹാജന്‍ വലിയ അടുപ്പക്കാരനായിരുന്നു റിലയന്‍സിന്റെ.
അക്കാലത്തെ വിവര സാങ്കേതിക വിദ്യയും വിറ്റഴിക്കല്‍ വകുപ്പും കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രി അരുണ്‍ ഷൂരിയെക്കുറിച്ച് ഇങ്ങനെ ഒഴുക്കനായി പറഞ്ഞുപോകാന്‍ കഴിയില്ല. ധീരുഭായ് അംബാനിക്കും റിലയന്‍സ് ഗ്രൂപ്പിനുമെതിരെ ശക്തമായി പേനയെടുത്തയാളാണ് അദ്ദേഹം. പിന്നീട് റിലയന്‍സിന്റെ വിധേയനായാണ് ഇന്ത്യന്‍ രാഷ്ട്രീയം അദ്ദേഹത്തെ കാണുന്നത്. സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കണ്‍വീനര്‍ ഗുരുമൂര്‍ത്തിയുമായി ചേര്‍ന്നെഴുതിയ ലേഖനങ്ങള്‍ അക്കാലത്ത് വലിയ തലക്കെട്ടുകള്‍ സൃഷ്ടിച്ചു. സി പി എം നേതാവ് നീലോല്‍പ്പല്‍ ബസുവും റഷീദ് ആല്‍വിയുമൊക്കെ റിലയന്‍സിനെതിരെ ചില നീക്കള്‍ നടത്തിയിരുന്നു.
ചുരുക്കം ചിലരും ചില പാര്‍ട്ടികളുമൊഴിച്ച് എല്ലാവരും സന്ധി ചെയ്യുകയും അനിതര സാധാരണമായ മെയ് വഴക്കം പ്രകടിപ്പിക്കുകയും ചെയ്തതു കൂടിയാണ് റിലയന്‍സിന്റെ ഉയര്‍ച്ചയുടെ കഥ. അങ്ങനെ നോക്കുമ്പോള്‍ കെജ്‌രിവാള്‍ പറഞ്ഞ പരസ്പര സഖ്യത്തില്‍ കാര്യമുണ്ടെന്ന് പറയേണ്ടിവരും. കുത്തകകള്‍ക്ക്, വിശേഷിച്ചും റിലയന്‍സിന് അഹിതകരമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പാര്‍ട്ടിയുടെ ഉന്നതര്‍ നിര്‍ദേശം നല്‍കുന്നതായി എം പിമാര്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയാറുണ്ടത്രേ.
രാഷ്ട്രീയത്തില്‍ മാത്രമല്ല, ബ്യൂറോക്രാറ്റുകളും അഴിമതിക്കാരായ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ജുഡീഷ്യറിയും എല്ലാം ഇടകലര്‍ന്നൊരു വലിയ സാമ്രാജ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് പണം വേണം. അതിന് കുത്തകകള്‍ വേണം. കുത്തകകള്‍ക്ക് നികുതിയിളവ് വേണം. നിയമത്തിന് രാഷ്ട്രീയ സ്വാധീനം വേണം. ജുഡീഷ്യറി രംഗത്തുള്ളവര്‍ക്ക് ഉന്നതങ്ങളിലെത്താന്‍ രാഷ്ട്രീയ സ്വാധീനം വേണം. കുത്തകകള്‍ക്ക് അവിഹിതമായ നിയമ ആനുകൂല്യങ്ങള്‍ക്ക് രാഷ്ട്രീയ ശിപാര്‍ശകള്‍ കിട്ടും. പണത്തിന് പുറമെയാണിത്. എഡിറ്റര്‍മാര്‍ മിക്കവരും ഇന്ന് രാഷ്ട്രീയക്കാരോടും ബിസിനസ്സാകാരോടും വിധേയത്വം പുലര്‍ത്തുന്ന കൂലിയെഴുത്തുകാരാണ്. പരസ്യമെന്ന വലിയ പ്രലോഭനം മാധ്യമ സ്ഥാപനങ്ങളെ വലിയ നിലയില്‍ ആകര്‍ഷിക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് മാത്രം വിലക്കെടുക്കാവുന്നവരാണ് വലിയ അഭിഭാഷകര്‍. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍മാരെ വരെ വരുതിയിലാക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍, ഇന്ത്യയില്‍ കുത്തകകള്‍ പ്രതിസ്ഥാനത്തുള്ള എത്ര അഴിമതികള്‍ കൃത്യമായി അന്വേഷിക്കപ്പെട്ടിട്ടുണ്ട് എന്നന്വേഷിക്കുന്നതില്‍ വലിയ കൗതുകമില്ല.
ഇന്ത്യയുടെ പ്രസിഡന്റ് ഒരു കാലത്തെ റിലയന്‍സിന്റെ സ്വന്തക്കാരനായിരുന്നു എന്നുവരുമ്പോള്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള വേദാന്തങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്? ഇടതുപക്ഷം ഒന്നാം യു പി എ സര്‍ക്കാറിനെതിരെ അവിശ്വാസം കൊണ്ടുവന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് മുതലാളിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത് എന്തിനായിരുന്നു? ജയ്പാല്‍ റെഡ്ഢിയുടെ പെട്രോളിയം മന്ത്രിസ്ഥാനം തെറിക്കാന്‍ കാരണം എന്താകാം? ഒരേ സമയം വിരുദ്ധ ധ്രുവങ്ങളിലുണ്ടെന്ന് പൊതു ജനം കരുതുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് മുമ്പില്‍ വൈരുധ്യം വിസ്മരിക്കുന്നതെങ്ങനെ? ഇടതുപക്ഷമൊഴികെയുള്ള മിക്ക പാര്‍ട്ടികളുടെയും നേതൃത്വം കര്‍തൃത്വപരമായ ഒരുതരം വിധേയത്വം കുത്തകകളുമായി പുലര്‍ത്തുന്നുണ്ട്. ക്യാബിനറ്റ് തീരുമാനങ്ങള്‍ അവ പുറത്തുവരുന്നതിന് എത്രയോ മുമ്പ് തന്നെ കുത്തകകളുടെ ഫയലുകളിലെത്തുന്നതില്‍ പിന്നെ എന്തതിശയം?
അല്‍പ്പം പ്രയാസമാണെങ്കിലും. റിലയന്‍സിനെതിരെ ഒറ്റയാള്‍ സമരം നടത്തിയ റഷീദ് ആല്‍വി പണ്ടൊരിക്കല്‍ പറഞ്ഞത് ഇങ്ങനെ: “ഞാന്‍ പറയുന്നില്ല, എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന്. പക്ഷേ, ഞാന്‍ നിസ്സഹായനാണ്. ഇതെന്റെ അനുഭവമാണ്. റിലയന്‍സിനെതിരെ ഞാന്‍ പോരാടിയപ്പോള്‍ ഒരാളും എനിക്ക് പിന്തുണ നല്‍കിയിട്ടില്ല. ആരുമെന്നെ സഹായിച്ചില്ല. എല്ലാവര്‍ക്കും റിലയന്‍സിന് പേടിയാണ്. റിലയന്‍സ് മനുഷ്യനെ വാങ്ങിക്കാനുള്ളത്രയും ശക്തിയും ധനവും കഴിവുമുണ്ട്.”
ഈയൊരു ഭയത്തിന്റെ നിഴലില്‍ തന്നെയാണോ അരവിന്ദ് കെജ്‌രിവാളും റിലയന്‍സിനെതിരെയുള്ള സമരം മാറ്റി വെച്ചത്? മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച സമയത്ത്, അംബാനിക്കെതിരെ കേസെടുത്തതാണ് ബി ജെ പിയും കോണ്‍ഗ്രസും കൈകോര്‍ത്ത് തന്റെ സര്‍ക്കാറിനെ താഴെയിറക്കാനുണ്ടായ പ്രകോപനം എന്ന് പറയുകയും, വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ മൗനം പാലിക്കുകയും ചെയ്ത കെജ്‌രിവാളിനെ നിരീക്ഷിക്കുമ്പോള്‍ ഈ സംശയം സ്വാഭാവികം.
അടുത്തിടെ ആം ആദ്മി പാര്‍ട്ടിയില്‍ ഉണ്ടായ ആഭ്യന്തര പൊട്ടിത്തെറിയും ഡല്‍ഹി സര്‍ക്കാര്‍ ഗവര്‍ണര്‍ പ്രശ്‌നവും ഇതിനോട് ചേര്‍ത്തു വായിക്കാം. രാഷ്ട്രീയത്തിലെ ആദര്‍ശ സമരങ്ങള്‍ തത്ക്കാലം നമുക്ക് മറക്കാം. പകരം, വര്‍ഗീയതയും കോര്‍പറേറ്റ് ജനാധിപത്യവും രാജ്യം വാഴട്ടെ.

 

Latest