വിധവകളുടെ മക്കള്‍ക്കുള്ള സഹായം ഇനി മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കും

Posted on: June 3, 2015 5:48 am | Last updated: June 2, 2015 at 11:49 pm
SHARE

കണ്ണൂര്‍: വിധവകളുടെ മക്കള്‍ക്ക് നല്‍കി വരുന്ന 50,000 രൂപയുടെ വിവാഹ ധനസഹായം ഇനി മുതല്‍ മാതാപിതാക്കള്‍ മരിച്ചു പോയ കുട്ടികള്‍ക്കും ലഭിക്കും. വിവിധ ജില്ലകളില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് ലഭിച്ച അനുഭവമാണ് ഇത്തരമൊരു തീരുമാനത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളിലെ കരുതല്‍ വേദിയില്‍ ഇത്തരം ധാരാളം പരാതികളാണ് എത്തിയത്.
വിധവകളുടെ മക്കളെപ്പോലെ തന്നെ ഇത്തരക്കാരും ഈ സഹായത്തിന് അര്‍ഹരാണ്. എന്നാല്‍ നിലവിലെ ചട്ടങ്ങളില്‍ അതിന് അനുവാദമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചട്ടം ഭേദഗതി ചെയ്ത് അച്ഛനമ്മമാര്‍ മരണപ്പെട്ട കുട്ടികളെക്കൂടി ഉള്‍പ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആദ്യ ജനസമ്പര്‍ക്ക പരിപാടിക്കുശേഷം ഇത്തരത്തില്‍ 45 ചട്ടങ്ങളിലാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്. ജനസമ്പര്‍ക്ക പരിപാടിയിലൂടെ എടുക്കുന്ന തീരുമാനങ്ങള്‍ ഏതെങ്കിലും ഒരു വ്യക്തിക്കുമാത്രം ലഭിക്കുന്ന ആനുകൂല്യമല്ലെന്നും സമൂഹത്തിലെ അര്‍ഹരായ മറ്റുള്ളവര്‍ക്കും പ്രയോജനം കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.