വാണിജ്യ വിഭാഗം 1.4 ലക്ഷം പരിശോധന നടത്തി; വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടി

Posted on: June 2, 2015 7:20 pm | Last updated: June 2, 2015 at 7:47 pm

അബുദാബി: അബുദാബി വാണിജ്യ സംരക്ഷണ വിഭാഗം കഴിഞ്ഞ വര്‍ഷം 1.4 ലക്ഷം പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ അറിയിച്ചു. പകര്‍പ്പവകാശം ലംഘിച്ചതും വ്യാജവുമായ 57,000 ഉല്‍പന്നങ്ങള്‍ പിടികൂടിയതായി അബുദാബി ബിസിനസ് സെന്റര്‍ ആക്ടിംഗ് സി ഇ ഒ മുഹമ്മദ് റാശിദ് അല്‍ റുമൈത്തി വ്യക്തമാക്കി. ഏതാണ്ട് 2.85 കോടി ദിര്‍ഹമിന്റെ നഷ്ടമാണ് കമ്പനികള്‍ക്ക് ഉണ്ടായത്. വസ്ത്രം, പാദരക്ഷ, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്, ഓട്ടോമൊബൈല്‍സ് സ്‌പെയര്‍പാര്‍ട്‌സ് തുടങ്ങിയവ പിടികൂടി. ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടത് ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളാണ്.
31,427 ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്. അബുദാബിയുടെ വാണിജ്യ മേഖലക്ക് ആഘാതമാകുന്ന തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളും. ചില സ്ഥാപനങ്ങള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നത്. ഉപഭോക്താക്കളില്‍ ചിലര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 6,376 കേസ് രജിസ്റ്റര്‍ ചെയ്തു. ടെലി കമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി അടക്കം മറ്റു ചില ഏജന്‍സികള്‍ വാണിജ്യ സംരക്ഷണ വകുപ്പുമായി സഹകരിച്ചിട്ടുണ്ട്.
അബുദാബി, അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മൊത്തം 2,846 പരാതികളാണ് വാണിജ്യ സംരക്ഷണ വകുപ്പിന് ലഭിച്ചത്. ഇതില്‍ 1,628 പരാതികള്‍ അബുദാബിയില്‍ നിന്ന് മാത്രമായി ഉണ്ട് എന്നും മുഹമ്മദ് റാശിദ് അല്‍ റുമൈത്തി അറിയിച്ചു.