അരുണാ ഷാന്‍ബാഗിനെ ആക്രമിച്ചയാള്‍ക്ക് ഊരുവിലക്ക്

Posted on: June 2, 2015 6:15 am | Last updated: June 1, 2015 at 10:43 pm

VALMEEKI ARUNA SHANABAGഗാസിയാബാദ്: ജീവിച്ചിരിക്കുന്നതിനെക്കാള്‍ ശക്തമാകും ചിലപ്പോഴെങ്കിലും മരണത്തിന് ശേഷം ഇരയുടെ സാന്നിധ്യം. അരുണാ ഷാന്‍ബാഗിനെ ആക്രമിച്ച് 42 വര്‍ഷം അബോധാവസ്ഥയിലേക്കും പിന്നീട് മരണത്തിലേക്കും തള്ളിയിട്ട സംഭവത്തിലെ കുറ്റവാളി സോഹന്‍ലാല്‍ വാല്മീകി ഇപ്പോള്‍ അത് മനസ്സിലാക്കുന്നുണ്ടാകണം. കാരണം, അരുണയുടെ മരണവും തുടര്‍ന്നുള്ള വാര്‍ത്തകളും അയാളെ സ്വന്തം നാട്ടില്‍ നിന്ന് ഊരുവിലക്കാനുള്ള തീരുമാനത്തിലേക്ക് നാട്ടുകാരെ എത്തിച്ചിരിക്കുന്നു. ഇത്രയും ക്രൂരനായയാള്‍ നാട്ടിലുണ്ടാകുന്നത് മാനക്കേടാണ് എന്നാരോപിച്ചാണ് ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ വാല്മീകിക്കെതിരെ ഊരുലവിലക്ക് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഇതിനായി ഈയാഴ്ച തന്നെ പൊതുയോഗം വിളിച്ചു ചേര്‍ക്കാനാണ് ഗ്രാമമുഖ്യന്‍ ജോഗീന്ദര്‍ സിംഗിന്റെ തീരുമാനം.
മുംബൈ കെ ഇ എം ആശുപത്രിയിലെ നഴ്‌സായിരുന്ന അരുണ ഷാന്‍ബാഗിനെ 1973ലാണ് അതേ അശുപത്രിയിലെ ജീവനക്കാരനായിരുന്ന സോഹന്‍ലാല്‍ വാല്മീകി മാരകമായി ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 42 വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന അരുണ കഴിഞ്ഞ മാസം എട്ടിന് മരിച്ചു. തുടര്‍ന്നാണ് ആളുകള്‍ കേസില്‍ ഏഴ് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതനായ വാല്മീകിയെ കുറിച്ച് അന്വേഷിച്ചുതുടങ്ങിയത്.
ഇയാള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഉണ്ടെന്ന വാര്‍ത്ത രണ്ട് ദിവസം മുമ്പ് മാധ്യമങ്ങളില്‍ വന്നതോടെ ആ നാട്ടുകാര്‍ ഞെട്ടി. കഴിഞ്ഞ 35 വര്‍ഷം ഭാര്യയോടൊപ്പം ഗാസിയാബാദിലെ പര്‍പയില്‍ സാധാരണ ജീവിതം നയിച്ച വാല്മീകിക്ക് ഇങ്ങനെയൊരു ഭൂതകാലമുണ്ടെന്ന് അവര്‍ക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. മാധ്യമങ്ങള്‍ പഴിക്കുന്ന കുറ്റവാളി തങ്ങളുടെ നാട്ടുകാരനായത് നാണക്കേടാണെന്ന് കരുതിയാണ് ഗ്രാമീണര്‍ ഊരുവിലക്കിനുള്ള നടപടികള്‍ ആരംഭിച്ചത്. വാല്മീകിയുടെ ഭാര്യയുടെ നാടാണ് പര്‍പ. അതിനടുത്തുള്ള ഒരു വൈദ്യുതി നിലയത്തില്‍ സ്വീപ്പറായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. നാട്ടുകാരും മാധ്യമങ്ങളും തിരിച്ചറിഞ്ഞതോടെ കുറച്ചുദിവസങ്ങളായി ഇയാളെ കാണാതായിട്ടുണ്ട്.
അതേസമയം, ഒരു ചാനല്‍ സംഘം ഇയാളെ നോയിഡയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നെന്നും തിരിച്ചെത്തിച്ചിട്ടില്ലെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍, ഇയാള്‍ മുങ്ങുകയാണെന്നാണ് നാട്ടുകാര്‍ കരുതുന്നത്.