Connect with us

Articles

അനുഗ്രഹീതമായ ബറാഅത്ത് രാവ്

Published

|

Last Updated

ഹിജ്‌റ കലണ്ടറിലെ, എട്ടാം മാസമായ ശഅബാനിലെ, പതിനഞ്ചാം രാവാണ് “ബറാഅത്ത് രാവ്”. ഈ രാവിന് മറ്റു രാവുകളെക്കാള്‍ പുണ്യവും പവിത്രതയുമുണ്ടെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസുകളും വ്യക്തമാക്കുന്നു. ഖുര്‍ആനിലെ 44-ാം അധ്യായത്തിലെ മൂന്നാം സൂക്തം പരാമര്‍ശിക്കുന്ന “അനുഗ്രഹീത രാവ്”കൊണ്ട് വിവക്ഷിക്കുന്നത് ബറാഅത്ത് രാവാണെന്ന് നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിച്ചിട്ടുണ്ട്.
പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ ഇക്‌രിമ(റ) ഈ സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു: “ഈ സൂക്തത്തില്‍ പരാമര്‍ശിച്ച അനുഗ്രഹീത രാവ് ശഅബാന്‍ പകുതിയുടെ രാവാണ്. ആ രാവില്‍ ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങള്‍ തീരുമാനിക്കപ്പെടും. ജീവിച്ചിരിക്കുന്നവരെ മരണപ്പെട്ടവരില്‍ നിന്ന് വേര്‍തിരിച്ച് പട്ടിക തയ്യാറാക്കപ്പെടും. ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നവര്‍ ആരെല്ലാമെന്ന് നിശ്ചയിക്കപ്പെടും.” (തഫ്‌സീറുല്‍ ഖുര്‍ത്തുബി). ഈ ആശയം ശൈഖ് ഇസ്മാഈല്‍ ഹിഖി(റ)യും ഉദ്ധരിച്ചതായി കാണാം.
ബറാഅത്ത് രാവിന്റെ ശ്രേഷ്ഠത വിവരിച്ചുകൊണ്ട് ഇമാം റാസി(റ) രേഖപ്പെടുത്തുന്നു: “അഞ്ച് സവിശേഷതകള്‍ ബറാഅത്ത് രാവിനുണ്ട്. ഒന്ന്- യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടും. രണ്ട്- ബറാഅത്ത് രാവിലെ ഇബാദത്ത് അതിവിശിഷ്ടമാണ്. നബി(സ) പറയുന്നു: “ബറാഅത്ത് രാവില്‍ കൂടുതല്‍ നിസ്‌കരിക്കുന്നവര്‍ക്ക് മലക്കുകള്‍ പാപമോചനമര്‍ഥിക്കും. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്തയറിയിക്കും. ആപത്തുകളില്‍ നിന്ന് അവനെ രക്ഷപ്പെടുത്തും. പിശാചിന്റെ ചതിപ്രയോഗങ്ങളില്‍ നിന്ന് അവനെ തട്ടിമാറ്റും. മൂന്ന്- ബറാഅത്ത് രാവില്‍ അല്ലാഹുവിന്റെ അനുഗ്രഹം കൂടുതലായി വര്‍ഷിക്കും. നബി(സ) പറയുന്നു: കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണമനുസരിച്ച് ഈ രാത്രിയില്‍ (ബറാഅത്ത് രാവില്‍) അല്ലാഹു എന്റെ സമുദായത്തിന് അനുഗ്രഹം ചൊരിയും. നാല്- പ്രത്യേകം പാപമോചനം നല്‍കപ്പെടും. നബി(സ) പറയുന്നു: ബറാഅത്ത് രാവില്‍ എല്ലാ മുസ്‌ലിംകള്‍ക്കും അല്ലാഹു ദോഷങ്ങള്‍ പൊറുത്തുകൊടുക്കും. അഞ്ച് വിഭാഗം ആളുകള്‍ക്കൊഴികെ. മദ്യപാനം ശീലമാക്കിയവന്‍. മനസ്സില്‍ വിദ്വേഷവും പേറി നടക്കുന്നവന്‍, വ്യഭിചാരം പതിവാക്കിയവന്‍, മാതാപിതാക്കളെ വെറുപ്പിച്ചവന്‍, ജ്യോത്സ്യന്‍ എന്നവരാണവര്‍. അഞ്ച്- നബി(സ) തങ്ങള്‍ക്ക് സമുദായത്തിന് വേണ്ടി ശിപാര്‍ശ ചെയ്യാനുള്ള അധികാരം പൂര്‍ണമായി നല്‍കപ്പെട്ട ദിവസമാണ് അത്. ശഅബാന്‍ പതിമൂന്നിന് ശിപാര്‍ശക്കുള്ള മൂന്നിലൊന്ന് അധികാരവും 14ന് മൂന്നില്‍ രണ്ട് അധികാരവും 15ന് പൂര്‍ണ അധികാരവും നബി(സ) തങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനായി പ്രസ്തുത മൂന്ന് രാവുകളിലും നബി(സ) ഏറെ സമയം പ്രാര്‍ഥിച്ചിരുന്നതായും ഹദീസില്‍ കാണാം.
ഹദീസുകള്‍ അപഗ്രഥിച്ചുകൊണ്ട് ഇബ്‌നു ഹജറുല്‍ ഹൈത്തമി (റ) ഫതാവല്‍ കുബ്‌റയില്‍ പറയുന്നു: “ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുപ്പിക്കപ്പെടും. അതുകൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.”
ബറാഅത്ത് രാവിന്റെ മഹത്വങ്ങള്‍ സൂചിപ്പിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മുആദ്ബ്‌നു ജബല്‍(റ) നിവേദനം. നബി പറയുന്നു: “ശഅബാന്‍ പകുതിയുടെ രാവില്‍ ബഹുദൈവ വിശ്വാസിയും കുഴപ്പക്കാരനുമല്ലാത്ത എല്ലാവര്‍ക്കും അല്ലാഹു കാരുണ്യം ചൊരിയുകയും ദോഷങ്ങള്‍ പൊറുത്തുകൊടുക്കുകയു ചെയ്യും.(ത്വബ്‌റാനി) ഇബ്‌നു ഉമര്‍ (റ) നിവേദനം. നബി(സ) പറഞ്ഞു. അഞ്ച് രാവുകളിലെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കാതിരിക്കില്ല. വെള്ളിയാഴ്ച രാവ്, റജബ് മാസം ഒന്നാം രാവ്, ലൈലത്തുല്‍ ഖദ്ര്‍, പെരുന്നാള്‍ രാവ്, ബറാഅത്ത് രാവ് എന്നിവയാണവ. (ഇസ്ഫഹാനി)
ബറാഅത്ത് രാവ് ഉള്‍ക്കൊള്ളുന്ന ശഅബാന്‍ മാസത്തെ എന്റെ മാസം എന്നാണ് നബി(സ) തങ്ങള്‍ വിശേഷിപ്പിച്ചത്. നബിയുടെ സുപ്രധാന മുഅ്ജിസത്തുകളില്‍ ഒന്നായ ചന്ദ്രനെ രണ്ട് പിളര്‍പ്പാക്കി കാണിച്ചതും നബിയുടെ താത്പര്യവും തൃപ്തിയും മാനിച്ച്, അല്ലാഹു കഅബാലയത്തെ വീണ്ടും ഖിബ്‌ലയാക്കി നിശ്ചയിച്ചതും ശഅബാന്‍ മാസത്തിലായിരുന്നു.
ബറാഅത്ത് രാവില്‍ ഇശാഅ്- മഗ്‌രിബിനിടയില്‍ മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്നത് മുമ്പ് കാലം മുതലേ നടന്നുവരുന്ന ഒരു പുണ്യ കര്‍മമാണ്. നല്ലൊരു രാവ് എന്ന നിലയിലും യാസീന്‍ ഓതി ദുആ ചെയ്താല്‍ പെട്ടെന്ന് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലുമായിരിക്കണം മുന്‍ഗാമികള്‍ ഇത് പതിവാക്കിയത്. ആദ്യത്തെ യാസീന്‍ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയും രണ്ടാമത്തേത് സമ്പത്ത്, സന്താനങ്ങള്‍, വീട്, കുടുംബം എന്നിവയിലെല്ലാം ഐശ്വര്യമുണ്ടാകുന്നതിന് വേണ്ടിയും മൂന്നാമത്തേത് “ആഖിബത്ത്” നന്നാകാനും ഈമാനോട് കൂടി മരിക്കാനും വേണ്ടിയും എന്ന് കരുതി പാരായണം ചെയ്യുക. ആയുസ്സ്, ഭക്ഷണം, അനുഗ്രഹങ്ങള്‍ തുടങ്ങിയവ കണക്കാക്കപ്പെടുന്ന ബറാഅത്ത് രാവില്‍ ഈ കാര്യങ്ങള്‍ സഫലമാകുന്നതിന് വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുന്നത് പ്രസക്തമാണ്. “സൂറത്ത് യാസീന്‍” എന്ത് ഉദ്ദേശ്യത്തിന് വേണ്ടി ഓതിയാലും അത് നിറവേറുന്നതാണെന്ന നബിവചനവും ഇതിന് പ്രോത്സാഹനം നല്‍കുന്നു.
ബറാഅത്ത് രാവ് പരാമര്‍ശിക്കപ്പെട്ട ഖുര്‍ആനിലെ അധ്യായമാണ് സൂറത്തുദ്ദുഖാന്‍. അത് കൊണ്ട്തന്നെ ബറാഅത്ത് രാവില്‍ പ്രസ്തുത സൂറത്ത് മുന്‍ഗാമികള്‍ പതിവാക്കുകയും പതിവാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
യൂനുസ് നബി(അ)മിന്റെ പ്രാര്‍ഥന എന്നറിയപ്പെടുന്ന “ലാഇലാഹ ഇല്ലാ അന്‍ത സുബ്ഹാനക ഇന്നീ കുന്‍തു മിനല്ലാലിമീന്‍” എന്ന ദുക്‌റ് കൂടുതലായി ചൊല്ലുന്ന പക്ഷം ആ വര്‍ഷം എല്ലാ ആപത്തുകളില്‍ നിന്നും അല്ലാഹു അവന് രക്ഷ നല്‍കുമെന്നും കടങ്ങള്‍ വീടുമെന്നും മഹാന്മാരായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ശഅബാന്‍ 15ന് പകല്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. ഇമാം റംലി(റ) ഫതാവയില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ) പറയുന്നു: ശഅബാന്‍ പകുതിയുടെ രാവില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും അതിന്റെ പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക. (ഇബ്‌നു മാജ)
ബറാഅത്ത് രാവും തുടര്‍ന്നുവരുന്ന പകലും ആരാധനാ കര്‍മങ്ങളാല്‍ ധന്യമാക്കി അല്ലാഹുവിലേക്ക് അടുക്കാന്‍ പ്രമാണങ്ങള്‍ പ്രോത്സാഹനം നല്‍കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ.