Connect with us

Articles

ഞാനാണ് രാഷ്ട്രം ജനതയെന്നാല്‍ ശതകോടീശ്വരന്മാരും

Published

|

Last Updated

ചരിത്രത്തിലെ എല്ലാ ഫാസിസ്റ്റുകളെയും പോലെ നരേന്ദ്രമോദിയും താനാണ് രാഷ്ട്രമെന്ന ഭാവത്തിലാണ്. മറ്റെല്ലാ നവലിബറല്‍ ഭരണാധികാരികളെയും പോലെ മോദിയുടെ ധാരണയും ജനതയെന്നാല്‍ ശതകോടീശ്വരന്മാര്‍ മാത്രമാണെന്നാണ്. ആഗോളമൂലധനശക്തികള്‍ക്ക് കീഴടങ്ങിയ ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ 16ാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെയും വര്‍ഗീയഫാസിസത്തിന്റെയും കൂട്ടാളികളായി പരിണമിക്കുകയായിരുന്നല്ലോ. മോദിഭരണത്തിനുകീഴില്‍ സംഘപരിവാര്‍ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മഹാസംഘാതമായ ഇന്ത്യ എന്ന ദേശരാഷ്ട്രത്തെ ഹൈന്ദവ സംസ്‌കാരത്തിന്റെ ഏകത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും നിരാകരിക്കുന്ന വര്‍ഗീയഫാസിസ്റ്റുകളിലൂടെ അധീശത്വമുറപ്പിക്കാനാണ് ആഗോളമൂലധനശക്തികള്‍ ശ്രമിക്കുന്നത്. ഘര്‍വാപസിയും ലൗജിഹാദും മീറ്റ് ജിഹാദുമെല്ലാം അപരമതവിരോധത്തിലധിഷ്ഠിതമായ ഹൈന്ദവത്കരണത്തിന്റെ പ്രത്യയശാസ്ത്രപദ്ധതികളാണ്. ന്യൂനപക്ഷസമൂഹങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കുമെതിരായ തുടര്‍ച്ചയായ ആക്രമണങ്ങള്‍ രാജ്യത്തെ സംസ്‌കാരസംഘര്‍ഷങ്ങളുടെ രക്തപ്പുഴയാക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ്. കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായി വളര്‍ന്നുവരുന്ന ജനരോഷത്തെ വഴിതിരിച്ചുവിടാനാണ് കടുത്തവര്‍ഗീയവത്കരണത്തിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ വിഭവങ്ങളും സമ്പത്തുത്പാദനവിതരണ മണ്ഡലങ്ങളും കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ക്ക് നിരുപാധികമായി അടിയറവെക്കാനുള്ള നീക്കങ്ങളാണ് മോദിസര്‍ക്കാര്‍ ത്വരിതഗതിയില്‍ നടത്തിയത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അടിസ്ഥാനമായ മതനിരപേക്ഷതയെയും ഫെഡറലിസത്തെയും സ്വാശ്രയത്വത്തെയും അട്ടിമറിക്കുന്ന നയപരിപാടികളുടെ പരമ്പരകള്‍ക്കാണ് മോദി സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാണ്ടിന്റെ നരേന്ദ്രമോദിയുടെ ഭരണമെന്നത് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും മൂലധന താത്പര്യങ്ങള്‍ക്കായി അടിയറവെച്ച നടപടിക്രമങ്ങളുടേതായിരുന്നു. കോര്‍പ്പറേറ്റ് ഹിന്ദുത്വം എന്നു വിശേഷിപ്പിക്കാവുന്ന വര്‍ഗീയമൂലധന സഖ്യത്തിലൂടെ ഇന്ത്യയെ അമേരിക്കയുടെ സാമന്തപ്രദേശമാക്കി അധഃപതിപ്പിക്കുന്ന പരിഷ്‌കാരങ്ങളും നടപടികളുമാണ് മോദി മുന്‍പിന്‍ ആലോചനയില്ലാതെ അടിച്ചേല്‍പ്പിച്ചത്. ഹിന്ദുത്വശക്തികള്‍ എന്നും സാമൂഹികനീതിക്കും സ്ഥിതിസമത്വത്തിനും വേണ്ടിയുള്ള ഭരണഘടനാപരമായ എല്ലാവ്യവസ്ഥകളെയും അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് കണ്ടിരുന്നത്. ഗോള്‍വാള്‍ക്കറുടെ വിചാരധാരയും ആര്‍ എസ് എസിന്റെ മറ്റ് ആധികാരിക നയരേഖകളും ആധുനിക ജനാധിപത്യവ്യവസ്ഥയോടും സോഷ്യലിസത്തോടും അങ്ങേയറ്റം വിരോധം പുലര്‍ത്തുന്ന സമീപനമാണ് അടിമുടി വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ദര്‍ശനങ്ങളെയും ഫെഡറല്‍ മൂല്യങ്ങളെയും നിരാകരിക്കുന്ന നിലപാടാണ് സംഘപരിവാറിനുള്ളത്. ആര്‍ എസ് എസ് പ്രചാരക് ആയ മോദി പ്രധാനമന്ത്രി ആയതോടെ സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാനുള്ള അവസരം കൈവന്നിരിക്കുന്നു എന്നാണ് മോഹന്‍ഭഗവത് ഉള്‍പ്പെടെയുള്ള സംഘനേതാക്കള്‍ ആഹ്ലാദപൂര്‍വം പ്രഖ്യാപിച്ചത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ സര്‍വാധികാരിയായ ഏകനേതാവെന്ന മാതൃകയിലേക്ക് ഇന്ത്യയിലെ ഭരണസംവിധാനം പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്നതാണ് കണ്ടത്. ഫെഡറല്‍ വ്യവസ്ഥയെ തന്നെ ഉന്മൂലനം ചെയ്ത് ഭരണഘടനാവിരുദ്ധമായ പ്രസിഡന്‍ഷ്യല്‍ ക്രമത്തിലേക്ക് ഭരണസംവിധാനത്തെ കൊണ്ടെത്തിക്കാനുള്ള ആര്‍ എസ് എസ് അജന്‍ഡ മോദിയിലൂടെ നടപ്പാക്കപ്പെടുകയാണ്. മോദിക്ക് സമന്മാരായിട്ട് ആരുമില്ലാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലമുതിര്‍ന്ന അദ്വാനിയെപോലുള്ള നേതാക്കള്‍ നിരന്തരം അവഗണിക്കപ്പെടുകയാണ്. മോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളില്‍നിന്നുപോലും അദ്വാനി മാറ്റിനിര്‍ത്തപ്പെട്ടു. കോര്‍പ്പറേറ്റ ്ഹൗസുകളും അന്താരാഷ്ട്ര പബ്ലിക്‌റിലേഷന്‍സ് കമ്പനികളും നയരൂപവത്കരണത്തിന്റെയും ഭരണത്തിന്റെയും കേന്ദ്രസ്ഥാനങ്ങള്‍ കൈയടക്കി കഴിഞ്ഞിരിക്കുകയാണ്. ബി ജെ പിയുടെ വിഖ്യാതരായ പണ്ഡിതന്മാരായ രാംജത്മലാനിയും അരുണ്‍ഷൂറിയുമൊക്കെ നയരൂപവത്കരണത്തിന്റെ മണ്ഡലങ്ങളില്‍ സ്ഥാനം കിട്ടാതെ അസംതൃപ്തരായി കഴിയുകയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ക്യാബിനറ്റിലോ ഭരണകക്ഷിയിലോ മോദിക്ക് സമന്മാരെന്നല്ല രണ്ടാം നിരക്കാര്‍ പോലുമില്ലാത്ത അധികാരഘടനയാണ് ക്രമേണ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.
ആസൂത്രണകമ്മീഷനെ ഇല്ലാതാക്കി നീതി ആയോഗ് വഴി സാമ്പത്തിക ആസൂത്രണത്തിന്റെ ഫെഡറല്‍ ഉള്ളടക്കത്തെയും ജനാധിപത്യപരമായ ധനവിനിയോഗക്രമങ്ങളെയും അട്ടിമറിച്ചിരിക്കുകയാണ്. കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ച് വാചടമടിച്ചുകൊണ്ടാണ് മോദി സര്‍വ അധികാറരിന്റെ അധികാരങ്ങള്‍ തന്നിലും കേന്ദ്രീകരിക്കുന്ന നയപരമായ മാറ്റങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിര്‍ത്തലാക്കി നീതിആയോഗ് എന്ന ബ്യൂറോക്രാറ്റിക് സംവിധാനം കൊണ്ടുവരുമ്പോള്‍ സംസ്ഥാനങ്ങളോട് ആശയവിനിമയം നടത്താന്‍ പോലും മോദി തയ്യാറായില്ല. ചരിത്രത്തിലെ മറ്റെല്ലാ ഏകാധിപതികളെപോലെയും സ്വന്തം ഇച്ഛ (അത് കോര്‍പ്പറേറ്റ് മുതലാളിത്തം തീരുമാനിക്കുന്നതാണ്) ഏകപക്ഷീയമായി നടപ്പാക്കുകയാണ് മോദി ചെയ്തത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആസൂത്രണം എന്നത് കേന്ദ്രതലത്തില്‍ മാത്രമല്ല സംസ്ഥാന പ്രാദേശിക തലങ്ങളിലെല്ലാം നടക്കുന്ന ഒരു ബഹുനിലപ്രക്രിയയാണ്. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഫെഡറല്‍ മൂല്യങ്ങളെ അവഗണിക്കുന്ന സമീപനം സ്വീകരിച്ചിരുന്ന ഘട്ടങ്ങളിലാണ് ഇടതുപക്ഷം പ്ലാനിംഗ് കമ്മീഷനെ ദേശീയ വികസനസമിതിയുടെ കീഴിലാക്കണമെന്ന നിര്‍ദേശം വെച്ചത്. ദേശീയ വികസനസമിതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും അംഗങ്ങളാണല്ലോ.
ഇപ്പോള്‍ പ്രധാനമന്ത്രി മോദി മുന്നോട്ടുവെച്ചിരിക്കുന്ന നീതിആയോഗ് സ്‌കീമില്‍ ദേശീയ വികസന കൗണ്‍സില്‍ എന്ന സങ്കല്‍പം തന്നെ എടുത്തുകളഞ്ഞിരിക്കുകയാണ്. സംസ്ഥാന മുഖ്യമന്ത്രിമാരുടെ പ്രാതിനിധ്യം നീതി ആയോഗിന്റെ ഗവേണിംഗ് ബോഡിയില്‍ ഔപചാരികം മാത്രമാണ്. സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് നീതി ആയോഗില്‍ ഉപദേശസ്വഭാവം മാത്രമാണുള്ളത്. സംസ്ഥാനങ്ങള്‍ക്കുള്ള പണവിതരണം സംബന്ധിച്ച അവസാന തീരുമാനം എടുക്കാനുള്ള അധികാരം കേന്ദ്രധനമന്ത്രാലയത്തിനാണ്. ഇത് നഗ്നമായ രാഷ്ട്രീയ വിവേചനങ്ങള്‍ക്കും ഫെഡറല്‍ ഘടനയുടെ തകര്‍ച്ചക്കും ആണ് ഇടയാക്കുക. ചരക്കുകളുടെയും സേവനങ്ങളുടെയുമൊക്കെ നികുതി നിയമം സംസ്ഥാനങ്ങളോട് അങ്ങേയറ്റം വിവേചനം പുലര്‍ത്തുന്നതാണ്. സംസ്ഥാനങ്ങളുടെ നികുതിനിരക്ക് കേന്ദ്രത്തിന്റെ നിരക്കിനേക്കാള്‍ ഉയര്‍ത്തി നിശ്ചയിച്ചതുമൂലം സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരത്തെ കവരുന്ന പ്രവണത ശക്തിപ്പെടുകയാണ്. ഇത്തരം നടപടികള്‍ വികസനരംഗത്ത് അസന്തുലിതത്വവും രാഷ്ട്രീയമായ അസ്ഥിരീകരണവുമാണ് സൃഷ്ടിക്കുക.
മോദി ഭരണത്തിന്റെ ഒരു വര്‍ഷക്കാലത്തെ നടപടികളെ നിരീക്ഷിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയുന്നത് നാടിന്റെ സ്വാശ്രയത്വത്തെയും ജനാധിപത്യത്തെയും ഭരണഘടനാ സംവിധാനങ്ങളെയും ദുര്‍ബലമാക്കിക്കൊണ്ട് കോര്‍പ്പറേറ്റ് മൂലധനവും വര്‍ഗീയശക്തികളും ഇന്ത്യന്‍ രാഷ്ട്രീയത്തെയും പൊതുജീവിതത്തെയും കീഴടക്കുന്നതാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് വേഗം കൂട്ടുകയാണ് മോദി ചെയ്തത്. ഖനിജങ്ങള്‍ ഉള്‍പ്പെടെ എല്ലാ പ്രകൃതിസമ്പത്തിനെയും കൊള്ളയടിക്കാന്‍ വിദേശിയും സ്വദേശിയുമായ കുത്തകകള്‍ക്ക് രാജ്യത്തെ തുറന്നുകൊടുക്കുകയാണ് മെയ്ക് ഇന്‍ ഇന്ത്യ, ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ തുടങ്ങിയ ശബ്ദമുദ്രകളിലൂടെ മോദിസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒ എന്‍ ജി സിയും കോള്‍ ഇന്ത്യയും മിനറല്‍ഡവലപ്‌മെന്റ്‌കോര്‍പ്പറേഷനെയും നോക്കുകുത്തിയാക്കിക്കൊണ്ട് ഖനന മേഖലകളാകെ സ്‌പെഷ്യല്‍ ഇക്കണോമിക് സോണുകളാക്കാനുള്ള നയരൂപവത്കരണവും നിയമനിര്‍മാണങ്ങളുമാണ് നടന്നുകൊണ്ടിരിക്കുന്നത്. അംബാനിമാരും അദാനിമാരും ഇരുമ്പും അലൂമിനിയം പോലുള്ള അമൂല്യങ്ങളായ ധാതുവിഭവങ്ങളും ഫോസില്‍ ഇന്ധനസ്രോതസ്സുകളും തുരന്നെടുത്ത് നിസ്സാരവിലക്ക് വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ്. നദികളും തടാകങ്ങളും കടലും കടല്‍തീരങ്ങളും അന്താരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നുകൊടുക്കുകയാണ്. ആഗോള ജലഭീമന്മാരും കുപ്പിപാനീയ കുത്തകകളും ഇന്ത്യയുടെ ജലസ്രോതസ്സുകള്‍ തട്ടിയെടുക്കുകയാണ്.
ഒഡീഷയിലെ കിയോന്‍ജന്തുറ വനമേഖലയിലെ ഇരുമ്പയിര് മേഖലയും ഛത്തീസ്ഗഢിലെ ബൈലാന്റില ഇരുമ്പയിര് മേഖലയും ഝാര്‍ഖണ്ടിലെയും ബീഹാറിലെയും കര്‍ണാടകയിലെയും വിവിധ ഖനനപദ്ധതികളും കോര്‍പ്പറേറ്റുകള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. ഇതിനാവശ്യമായ രീതിയില്‍ ഖനനനിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടിരിക്കുകയാണ്. ദശലക്ഷക്കണക്കിന് കര്‍ഷകരെയും ആദിവാസികളെയും കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി സ്വന്തം മണ്ണില്‍ നിന്ന് ആട്ടിയിറക്കുന്ന ഭൂമിയേറ്റെടുക്കല്‍ നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഭൂപരിഷ്‌കരണനിയമവും ഭൂവിനിയോഗനിയമവും വനാവകാശനിയമവുമെല്ലാം അട്ടിമറിക്കപ്പെടുകയാണ്.
കഴിഞ്ഞ ഒരാണ്ടിന്റെ മോദി ഭരണമെന്നത് സമ്പദ്ഘടനയുടെ സമ്പൂര്‍ണമായ കോര്‍പറേറ്റുവത്കരണത്തില്‍ ഊന്നുന്നതായിരുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലകളിലെല്ലാം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുകയും എഫ് ഡി ഐ തോത് ഉയര്‍ത്തുകയുമാണ് ചെയ്തത്. ഏറ്റവും ഒടുവില്‍ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കാനും തീരുമാനമായി. പ്രതിരോധരംഗത്തും ഇന്‍ഷ്വറന്‍സ് ബാങ്കിംഗ് രംഗത്തും നിര്‍മാണ റിയല്‍ എസ്റ്റേറ്റ് രംഗത്തും എഫ് ഡി ഐ തോത് വര്‍ധിപ്പിച്ചിരിക്കുകയാണ്.
(തുടരും)

---- facebook comment plugin here -----

Latest