International
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലക്ക് ആദ്യ വനിതാ വി സി

ലണ്ടന്‍: ലോകത്തെ പ്രമുഖ സര്‍വകലാശാലയായ ഓക്‌സ്‌ഫോര്‍ഡിന് ആദ്യവനിത വൈസ് ചാന്‍സലര്‍. സെന്റ് ആന്‍ഡ്രൂസ് സര്‍വകലാശാല വൈസ് ചാന്‍സലറും പ്രിന്‍സിപ്പലുമായ പ്രൊഫ. ലൂസി റിചാര്‍ഡ്‌സനാണ് ഓക്‌സ്‌ഫോര്‍ഡില്‍ ചുമതലയേല്‍ക്കുന്നത്. മുമ്പ് ഹാര്‍ഡ്‌വാര്‍ഡ് യൂനിവേഴ്‌സിറ്റിയിലും ഇവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഓക്‌സ്‌ഫോര്‍ഡിന്റെ 262ാമത് വി സിയാണ് പ്രൊഫ.ലൂസി. നിലവിലെ വി സി ആന്‍ഡ്രൂ ഹാമില്‍ട്ടണ്‍ ന്യൂയോര്‍ക്ക് യൂനിവേഴ്‌സിറ്റിയിലേക്ക് മാറുന്നതോടെയാണ് പ്രൊഫ.ലൂസിയെ ഓക്‌സ്‌ഫോര്‍ഡിനേക്ക് ചാന്‍സലര്‍ ലോര്‍ഡ് പാറ്റണ്‍ അധ്യക്ഷനായ നോമിനേറ്റിംഗ് കമ്മിറ്റി നിര്‍ദേശിച്ചത്. ഇത് സര്‍വകലാശാല ഭരണസമിതി അംഗീകരിക്കുകയായിരുന്നു. 2016 ജനുവരിയില്‍ പ്രൊഫ. ലൂസി ചുമതലയേല്‍ക്കും.
വിദ്യാഭ്യാസ മേഖലയില്‍ പ്രൊഫ.ലൂസിയുടെ വൈദഗ്ധ്യവും പാണ്ഡിത്യവുമാണ് ഈ പദവിയിലേക്ക് അവരെ പരിഗണിക്കാന്‍ കാരണമെന്ന് ലോര്‍ഡ് പാറ്റണ്‍ അഭിപ്രായപ്പെട്ടു.
26 ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ വിദ്യാഭ്യാസം നേടിയത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലാണ്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ഉള്‍പ്പെടെ ഇതില്‍പ്പെടും. ഓക്‌സ്‌ഫോര്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനം ആരംഭിച്ചത് 1871 മുതലാണ്. മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരുള്‍പ്പെടെയുള്ളവര്‍ ഇവിടെ വിദ്യാഭ്യാസം കരസ്ഥമാക്കിയ ഇന്ത്യക്കാരില്‍ പ്രമുഖരാണ്.