സെപ് ബ്ലാറ്റര്‍ വീണ്ടും ഫിഫ പ്രസിഡന്റ

Posted on: May 29, 2015 10:59 pm | Last updated: June 2, 2015 at 10:42 pm

11-sepp_3323155b (1)സൂറിച്: എതിരാളികളെ മലര്‍ത്തിയടിച്ച് സെപ് ബ്ലാറ്റര്‍ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടരെ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ 73നെതിരെ 133 വോട്ടുകള്‍ക്ക് പിറകിലാക്കിയ ബ്ലാറ്റര്‍ വ്യക്തമായ മേധാവിത്വം കരസ്ഥമാക്കി. രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പില്‍ നിന്ന് അല്‍ ഹുസൈന്‍ പിന്‍മാറിയതോടെ ബ്ലാറ്ററെ വിജയിയായി പ്രഖ്യാപിച്ചു.
അതിനിടെ, റഷ്യയില്‍ 2018 ല്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്ക് ചൂടേറുന്നു. ബഹിഷ്‌കരണത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ തയ്യാറാണെന്ന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ് എ) നയം വ്യക്തമാക്കിയപ്പോള്‍ നെതര്‍ലാന്‍ഡ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മൈക്കല്‍ വാന്‍ പ്രാഗ് എടുത്തു ചാടേണ്ടെന്ന നിലപാടിലാണ്. യുവേഫയിലെ മുഴുവന്‍ രാഷ്ട്രങ്ങളും ബഹിഷ്‌കരണം ശരിവെച്ചാല്‍ അതിനൊപ്പം നിലകൊള്ളുമെന്ന് എഫ് എ ചെയര്‍മാന്‍ ഗ്രെഗ് ഡൈക്ക് പറഞ്ഞു. ഒന്നോ രണ്ടോ രാജ്യങ്ങള്‍ പിന്‍മാറിയാല്‍ ബഹിഷ്‌കരണം ഫലം ചെയ്യില്ല. മാത്രമല്ല, ഫുട്‌ബോള്‍ പ്രേമികളിലും അതേറെ അസ്വസ്ഥതയുണ്ടാകും. എന്നാല്‍, ബഹിഷ്‌കരണമെന്ന നിലപാട് സ്വീകരിക്കാന്‍ എഫ് എ ഒരുക്കമാണ് – ഡൈക് പറഞ്ഞു. യുവേഫ (യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനി കഴിഞ്ഞ ദിവസം സെപ് ബ്ലാറ്ററോട് ഫിഫ പ്രസിഡന്റ്സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ബ്ലാറ്റര്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ലോകകപ്പില്‍ നിന്ന് യൂറോപ്പ് വിട്ടുനില്‍ക്കുന്ന സാഹചര്യം വരെയുണ്ടായേക്കാമെന്ന ദു:സൂചനയും മുന്‍ ഫ്രഞ്ച് താരം കൂടിയായ പ്ലാറ്റീനി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് എഫ് എ മേധാവിയുടെ പ്രസ്താവന. അതേ സമയം, റഷ്യക്കും ഖത്തറിനും ലോകകപ്പ് വേദി അനുവദിച്ചതാണ് തനിക്കെതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനശിലയെന്ന് സെപ് ബ്ലാറ്റര്‍ ഫിഫ കോണ്‍ഗ്രസില്‍ അഭിപ്രായപ്പെട്ടു.രാവിലെ ഫിഫ ആസ്ഥാനത്ത് ഉയര്‍ന്ന ബോംബ് ഭീഷണി ഇടക്ക് പരിഭ്രാന്തി പരത്തിയെങ്കിലും സൂറിച് പോലീസ് സുരക്ഷയില്‍ പിഴവില്ലെന്ന് അറിയിച്ചു.
അഴിമതിയെ തുടര്‍ന്ന് അറസ്റ്റിലായ മുന്‍ ഫിഫ വൈസ് പ്രസിഡന്റ് ട്രിനിഡാഡുകാരന്‍ ജാക് വാര്‍ണര്‍ ദേഹാസ്വാസ്ഥ്യം ചൂണ്ടിക്കാട്ടി ആശുപത്രിയിലേക്ക് മാറി. പിന്നീട് വിട്ടയക്കപ്പെട്ട വാര്‍ണര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡിപെന്‍ഡെന്റി ലിബറല്‍ പാര്‍ട്ടിയുടെ റാലിയില്‍ പങ്കെടുത്ത് നൃത്തം വെച്ചു.