Connect with us

Gulf

ഇമാറാത്തിന്റെ മിതവാദ നിലപാടുകള്‍ ലോകത്തിനു മാതൃക; സയ്യിദ് ഖലീലുല്‍ ബുഖാരി

Published

|

Last Updated

അബുദാബിയില്‍ നടന്ന മഅ്ദിന്‍ അക്കാദമിയുടെ 20-ാം വാര്‍ഷികാഘോഷമായ “വൈസനിയ”ത്തിന്റെ മിഡില്‍ ഈസ്റ്റ് തല ഉദ്ഘാടന സമ്മേളനത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തുന്നു

അബുദാബി: ഇടപെടലുകളിലെ കുലീനതയും പരസ്പര ബഹുമാനവും മുഖമുദ്രയാക്കിയ യു എ ഇയുടെ നിലപാടുകള്‍ ലോകത്തിനു മാതൃകയാണെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ “വൈസനിയ”ത്തിന്റെ മിഡില്‍ ഈസ്റ്റ് തല ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ജീവതക്രമമാണ് “വസ്വതിയ്യ” അഥവാ മോഡറേഷന്‍. സമൂഹത്തില്‍ അരക്ഷിതാവസ്ഥയും അതിക്രമങ്ങളും ഇല്ലാതിരിക്കാന്‍ “വസ്വതിയ്യ”യുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് വേണ്ടത്. മിതവാദ പ്രായോഗിക മാര്‍ഗങ്ങള്‍ ഉന്നത ലക്ഷ്യങ്ങളോടെ നടപ്പിലാക്കി വരുന്ന യു എ ഇയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കുകയും അവ എല്ലാവിഭാഗം ജനങ്ങളിലേക്കു എത്തിക്കുകയും ചെയ്യേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു.
“വസത്വിയ്യ”യില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ പുതുതലമുറയിലേക്കും ഈ മഹത്തായ സന്ദേശം എത്തിക്കാനാവും. ഭീകരതയേയും പരസ്പര സംശയത്തേയും ഇല്ലാതെയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. 2017 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന “വൈസനിയ” ത്തിന്റെ ഭാഗമായി “വസത്വിയ്യ” പ്രമേയമാക്കി വിവിധ പരിപടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. മുസ്തഫ ദാരിമി അധ്യക്ഷതയില്‍ അമീറുല്‍ അന്‍സാര്‍ ഡോ. അഹ്മദ് ഖസ്‌റജി ഉദ്ഘാടനം ചെയ്തു. അബ്ബാസ് പനക്കല്‍ വൈസനിയം പ്രസന്റേഷന്‍ നടത്തി. പി ബാഹ ഹാജി, അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉപദേഷ്ഠാവ് ഡോ. മുഹമ്മദ് സുലൈമാന്‍ ഫറജ്, താബ ഫൗണ്ടേഷനിലെ സയ്യിദ് മുഹമ്മദ് അബ്ദുല്ല ജിഫ്‌രി, ഹബീബ് കോയ, ശരീഫ് കാരശ്ശേരി, ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് പരപ്പ എന്നിവര്‍ പ്രസംഗിച്ചു.

Latest