Malappuram
അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റിയിലേക്കുളള പ്രവേശം; മലയാളികളുടെ അവസരം നിഷേധിക്കാന്‍ ഉത്തരേന്ത്യന്‍ ലോബിയുടെ ശ്രമം

മലപ്പുറം: അലിഗ്ഡ് മുസ്ലിം സര്‍വകലാശാല എംബിബിഎസ് പ്രവേശന പരീക്ഷയില്‍ കേരളത്തില്‍ ക്രമക്കേട് നടന്നെന്ന സര്‍വകലാശാലയുടെ ആരോപണം മലയാളികള്‍ക്ക് അവസരം നിഷേധിക്കാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ ശ്രമമാണെന്ന് എംഎസ്എഫ്.
മലയാളികളെ അകറ്റിനിര്‍ത്തി മലപ്പുറത്തെ അലിഗഡ് ക്യാംപസ് തകര്‍ക്കലാണ് ആരോപണത്തിന്റെയും വിസിയുടെ നിലപാടിന്റെയും ലക്ഷ്യം.പ്രവേശന പരീക്ഷ റദ്ദാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ചാന്‍സലര്‍കൂടിയായ രാഷ്ട്രപതിക്ക് പരാതിനല്‍കുമെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് കോളജില്‍ അലിഗഡ് സര്‍വകലാശാല നേരിട്ട് ചോദ്യക്കടലാസ് എത്തിച്ചും അലിഗഡില്‍ നിന്നു തന്നെ അധ്യാപകരെ നിയോഗിച്ചും നടത്തിയ പരീക്ഷയില്‍ എങ്ങനെയാണ് ക്രമക്കേട് നടന്നതെന്നും വ്യക്തമാക്കണം.
ദേശീയതലത്തിലും പ്രധാന ഉന്നത പഠനകേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശന പരീക്ഷകളില്‍ മലയാളികള്‍ മികവ് പുലര്‍ത്തുന്നത് കഠിനാധ്വാനം കൊണ്ടാണ് അലീഗഡിലെ കുറഞ്ഞ എംബിബിഎസ് സീറ്റുകളിലേക്ക് 10389 പേരാണ് പ്രവേശന പരീക്ഷയെഴുതിയത്. അതില്‍ 3,906 പേര്‍ കേരളത്തില്‍ നിന്നാണ്. 30 മലയാളികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായാണ് വിവരം. ഇത്രയുംപേര്‍ ഒരു കേന്ദ്രത്തില്‍ നിന്നും ജയിക്കാന്‍ പാടില്ല എന്നു പറയുന്നത് ശരിയല്ല. മലബാറിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സ്ഥാപിച്ച അലിഗഡ് മലപ്പുറം ക്യാംപസില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ 10 ശതമാനമേയുള്ളൂ. അതിനെതിരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പണം ഉപയോഗിച്ച് മലപ്പുറം ക്യാംപസില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് സര്‍വകലാശാല ചെയ്യേണ്ടതെന്ന് ടിപി അഷ്‌റഫലിയും ജനറല്‍ സെക്രട്ടറി പിജി മുഹമ്മദും പറഞ്ഞു.