അബുദാബി: ഖലീഫ സിറ്റിയില്‍ അബുദാബി നഗരസഭ 3,000 വഴിവിളക്കുകള്‍ സ്ഥാപിക്കും. നഗരസഭയുടെ ‘2030’ ആസൂത്രണ പദ്ധതികളുടെ ഭാഗമാണ് വ്യാപകമായ ഈ വൈദ്യുതീകരണമെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ താമസക്കാരുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണ് ഇതെന്നും അധികൃതര്‍ വ്യക്തമാക്കി.
വഴിവിളിക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു. 321 വഴിവിളക്കു കാലുകള്‍ പൂര്‍ത്തിയായി. എല്‍ ഇ ഡി ഇനത്തിലെ ബള്‍ബുകളാണ് വഴിവിളക്കുകളില്‍ സ്ഥാപിക്കുകയെന്നതിനാല്‍ ഊര്‍ജ ഉപയോഗം പരമാവധി കുറക്കാന്‍ കഴിയുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. വര്‍ഷാവസാനത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുക. പ്രതിദിനം 20 കാലുകള്‍ സ്ഥാപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഖലീഫ സിറ്റിയിലെ ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നഗരസഭ പൂര്‍ത്തിയായി. 10 മീറ്റര്‍ ഉയരമുള്ള കാലുകളാണ് ഇവിടെ സ്ഥാപിച്ചത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. എല്‍ ഇ ഡി ഇനത്തില്‍പെട്ട ബള്‍ബുകളാണ് ഇവിടെയും വഴിവിളക്കുകള്‍ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഊര്‍ജ ഉപഭോഗം പരമാവധി കുറക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരസഭാ അധികൃതര്‍ വ്യക്തമാക്കി.