Gulf
ആര്‍ ടി എക്ക് 8,500 കോടിയുടെ ആസ്തി

ദുബൈ: 2005 മുതല്‍ വിവിധ പദ്ധതികള്‍ക്കായി ആര്‍ ടി എ 8,000 കോടി ദിര്‍ഹം ചെലവഴിച്ചതായി ചെയര്‍മാന്‍ മതര്‍ അല്‍തായര്‍ അറിയിച്ചു. നിലവില്‍ 8,500 കോടി ദിര്‍ഹമിന്റെ ആസ്തിയാണ് ആര്‍ ടി എക്കുള്ളത്. ഗുണമേന്മയുടെ കാര്യത്തില്‍ ലോകത്തിലെ വന്‍ രാജ്യങ്ങള്‍ക്കൊപ്പം ആര്‍ ടി എയുടെ പദ്ധതികള്‍ എത്തിയിട്ടുണ്ട്.
2012, 2013ലെ വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ആഗോള പദ്ധതികളുടെ കൂട്ടത്തില്‍ ആര്‍ ടി എയുടെ പദ്ധതികള്‍ ഇടം പിടിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ ആര്‍ ടി എയുടെ പദ്ധതികള്‍ വലിയ പങ്കുവഹിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
മധ്യപൗരസ്ത്യ ആഫ്രിക്കന്‍ മേഖലയില്‍ ജീവിത നിലവാരത്തില്‍ ഒന്നാം സ്ഥാനത്ത് ദുബൈ നഗരം എത്തി. ദുബൈയുടെ സമ്പദ് ഘടനയില്‍ ആര്‍ ടി എയുടെ പദ്ധതികള്‍ അനുകൂലമായ തരംഗം സൃഷ്ടിച്ചു. ഇന്ധനം, സമയം എന്നിങ്ങനെയുള്ള ഘടകങ്ങള്‍ ലാഭിക്കുന്നതില്‍ ആര്‍ ടി എയുടെ പദ്ധതികള്‍ പ്രധാന പങ്ക് വഹിച്ചു. 2006 മുതല്‍ 2014 വരെ 8,700 കോടി ദിര്‍ഹമിന്റെ ലാഭമാണ് ഉണ്ടാക്കിയത്, മതര്‍ അല്‍തായര്‍ പറഞ്ഞു. ആര്‍ ടിഎയുടെ കീഴില്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മതര്‍ അല്‍തായര്‍.
ഭൂതകാലത്തിലെ പാഠങ്ങള്‍ ഉള്‍കൊണ്ടു കൊണ്ടാണ് ആര്‍ ടി എ പദ്ധതികള്‍ തയ്യാറാക്കുന്നത്. മുന്‍കൂട്ടി രൂപരേഖ ഉണ്ടാക്കുകയും പുതിയ ആശയങ്ങളും വൈദഗ്ധ്യങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്തു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പല പദ്ധതികളും നടപ്പാക്കി. 2018 ഓടെ ഉപഭോക്തൃ സംതൃപ്തി 80 ശതമാനമായി ഉയരും. ആര്‍ ടി എയുടെ കീഴില്‍ സ്മാര്‍ട് സിറ്റികളും മെയിന്റനന്റ് അക്കാഡമികളും ഏര്‍പെടുത്തും. ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പദ്ധതികള്‍ തയ്യാറാക്കും, അല്‍തായര്‍ പറഞ്ഞു.