വിവാഹം എതിര്‍ത്തതിന് കൂട്ടക്കൊല: യുവതിയുടെയും കാമുകന്റെയും വധശിക്ഷക്ക് സ്റ്റേ

Posted on: May 27, 2015 5:57 am | Last updated: May 26, 2015 at 11:57 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അമ്രോഹയില്‍ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെയും കാമുകന്റെയും വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. ശബ്‌നം, കാമുകന്‍ സലിം എന്നിവരുടെ വധശിക്ഷയാണ് താത്കാലികമായി തടഞ്ഞത്. ജസ്റ്റിസുമാരായ എ കെ സിക്രി, യു യു ലളിത് എന്നിവര്‍ അംഗങ്ങളായ ബഞ്ചാണ് ഹരജി പരിഗണിച്ചത്. അന്തിമ തീരുമാനം എടുക്കും മുമ്പ് കേസ് പരിഗണിക്കണമെന്ന ശബ്‌നത്തിന്റെ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. 2008 നാണ് കേസിന് ആസ്പദമായ സംഭവം. സലിമുമായുള്ള വിവാഹം എതിര്‍ത്ത കുടുംബാംഗങ്ങളെ പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ശബ്‌നവും കാമുകനും കൊലപ്പെടുത്തുകയായിരുന്നു. 2010ല്‍ സെഷന്‍ കോടതി വിധിച്ച വധശിക്ഷ 2013ല്‍ അലഹബാദ് ഹൈകോടതി ശരിവെച്ചു. ഈ മാസം ഒന്നിന് സുപ്രീ കോടതി അപ്പീല്‍ തള്ളിയിരുന്നു.