ന്യൂനപക്ഷ വിധവകള്‍ക്ക് 110 വീടുകള്‍ ഒരുങ്ങുന്നു

Posted on: May 27, 2015 5:34 am | Last updated: May 26, 2015 at 9:35 pm

കാസര്‍കോട്: ന്യൂനപക്ഷ വിധവകള്‍ക്കും വിവാഹ മോചിതരായ സ്ത്രീകള്‍ക്കും നടപ്പിലാക്കിയ ഭവന പദ്ധതി പ്രകാരം ജില്ലയില്‍ 110 വീടുകള്‍ ഒരുങ്ങുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ധനഹസായത്തോടുകൂടിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 110 വീടുകള്‍ ഒരുങ്ങുന്നത്. ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധന സഹായം അനുവദിക്കുന്നത്. 2013-14 വര്‍ഷത്തില്‍ ഭവനത്തിനായി 223 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും കൂടുതല്‍ അര്‍ഹരായ 52 ഗുണഭോക്താക്കള്‍ക്ക് ഭവന ധനസഹായം അനുവദിച്ചു. ഇതില്‍ മുപ്പതോളം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300 ഓളം അപേക്ഷകരില്‍ 58 പേരെയാണ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ന്യൂനപക്ഷ വിഭാഗക്കാരുടെ ഉന്നമനത്തിനായി സംസഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചത്. പ്രൈവറ്റ് ഐ ടിഐ വിദ്യാര്‍ഥികള്‍ക്കായി നടപ്പിലാക്കിയ ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്‌കോളര്‍ഷിപ്പ് 30 വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. അര്‍ഹരായ വിദ്യാര്‍ഥികളെ ന്യൂനപക്ഷ ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് 3.4 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പായി വിതരണം ചെയ്തു.
പത്ത്, പ്ലസ് ടു, ബിരുദം എന്നീ കോഴ്‌സുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകളും കലക്ടറേറ്റിലെ ന്യൂനപക്ഷ സെല്‍ വഴി നല്‍കുന്നു.
ഉന്നത പഠനമേഖലകള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷ ക്ഷേമ ഡയറക്‌ടേറ്റ് കരിയര്‍ ഗൈഡന്‍സ് പരിപാടി രൂപകല്‍പ്പന ചെയ്തത്.
സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പും ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അതിന്റെ യഥാര്‍ഥ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പാലിറ്റി പഞ്ചായത്ത് തലങ്ങളില്‍ നിയോഗിച്ച ന്യൂനപക്ഷ പ്രമോട്ടര്‍മാരാണ്.