ഒന്നര കോടിയിലധികം യമനികള്‍ ശുദ്ധജല ക്ഷാമത്തിന്റെ പിടിയില്‍

Posted on: May 26, 2015 11:46 pm | Last updated: May 26, 2015 at 11:46 pm

yemen-crisis

>>മലേറിയ, കോളറ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്ക് സാധ്യത

സന്‍ആ: യമനിലെ മൊത്തം ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ശുദ്ധജലത്തിന്റെ അഭാവം നേരിടുന്നതായി ദുരിതാശ്വാസ ഏജന്‍സി. യമനിലെ ഭരണം അട്ടിമറിച്ച, ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ക്കെതിരെ സഊദി കഴിഞ്ഞ രണ്ട് മാസമായി വ്യോമാക്രമണം ശക്തമാക്കിയിരുന്നു.
വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. ഇന്ധനക്ഷാമവും ശക്തമാണ്. കുടിവെള്ളം ലഭിക്കാതെ മുപ്പത് ലക്ഷം യമനികള്‍ പ്രയാസം നേരിടുകയാണ്. അവശ്യകാര്യങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കാതെ പ്രയാസപ്പെടുന്ന യമനികളുടെ എണ്ണം ഒന്നര കോടി കവിയുമെന്നും ബെര്‍ലിന്‍, ലണ്ടന്‍, പാരീസ്, റോം എന്നീ നഗരങ്ങളുടെ ഒന്നാകെയുള്ള ജനസംഖ്യക്ക് തുല്യമാണ് ഇതെന്നും ബ്രിട്ടീഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്‌സ്ഫാം ദുരിതാശ്വാസ ഏജന്‍സിയുടെ യമന്‍ ഡയറക്ടര്‍ ഗ്രെയ്‌സ് ഉമര്‍ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ശുദ്ധജലത്തിന്റെ അഭാവത്തില്‍ സുരക്ഷിതമല്ലാത്ത വെള്ളമാണ് ഇപ്പോള്‍ ഇവര്‍ കുടിക്കുന്നത്. മലേറിയ, കോളറ തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്ക് ഇത് ഇടവരുത്തും. ആക്രമണം ശക്തമാക്കുന്നതിന്റെ മുമ്പ് തന്നെ പകുതിയിലധികം യമനികള്‍ക്കും ശുദ്ധജലത്തിന്റെ അപര്യാപ്തത അനുഭവപ്പെട്ടിരുന്നതായും ഏജന്‍സി പറഞ്ഞു.
അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കി രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച ഹൂത്തികള്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന കഴിഞ്ഞ മാര്‍ച്ച് 26 മുതല്‍ ആക്രമണം ആരംഭിച്ചിരുന്നു. പ്രസിഡന്റിനെ വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിക്കണമെന്നും ഉപാധികളൊന്നും കൂടാതെ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഹൂത്തികള്‍ തിരിച്ചുനല്‍കണമെന്നും സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഹൂത്തികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ ഐക്യരാഷ്ട്ര സഭയും ഇതേ ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് ഇതുവരെയും ഹൂത്തികള്‍ മുന്നോട്ടുവന്നിട്ടില്ല. നിര്‍ദേശങ്ങള്‍ പാലിക്കുന്നത് വരെ ആക്രമണം തുടരുമെന്നാണ് സഊദിയുടെ നിലപാട്. മാനുഷിക പരിഗണനകളെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ആഴ്ചയില്‍ അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് സഊദി തയ്യാറായിരുന്നു. ഇതിന് ശേഷം വീണ്ടും ഹൂത്തികളുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ വ്യോമാക്രമണമാണ് സഊദി നടത്തിയത്. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി യമനില്‍ നിന്ന് രക്ഷപ്പെട്ട് ഇപ്പോള്‍ സഊദിയിലാണുള്ളത്.