Kasargod
റെയില്‍വേസ്റ്റേഷനില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രം; കാഞ്ഞങ്ങാട്ട് യാത്രക്കാര്‍ വലയുന്നു

കാഞ്ഞങ്ങാട്: ദിവസവും യാത്രക്കാരുടെ കനത്ത തിരക്ക് അനുഭവപ്പെടുന്ന കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്നത് ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രം. രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ഒരു കൗണ്ടറില്‍ നിന്നു മാത്രം ടിക്കറ്റുകള്‍ നല്‍കുന്നത്.
ജില്ലയില്‍ യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍. ഒരു കൗണ്ടറില്‍ നിന്ന് മാത്രം ടിക്കറ്റ് നല്‍കുന്നതിനാല്‍ ദിവസവും യാത്രക്കാരുടെ നീണ്ട നിരയാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. യാത്രക്കാരുടെ നിര റെയില്‍വെ സ്റ്റേഷനു കടന്ന് പുറത്തെ ഓട്ടോസ്റ്റാന്‍ഡ് വരെ നീളുകയാണ്. സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിവരണാതീതമാണ്. രാവിലെയും വൈകുന്നേരവുമാണ് ഇത്രയും തിരക്ക് റെയില്‍വെ സ്റ്റേഷനില്‍ അനുഭവപ്പെടുന്നത്.
രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും ഇടയില്‍ രണ്ട് ഭാഗങ്ങളിലേക്കും കൂടുതല്‍ വണ്ടികളുള്ളതിനാല്‍ ഈ സമയത്താണ് സൂചികുത്താനിടമില്ലാത്ത വിധം തിരക്കുണ്ടാകുന്നത്. എന്നാല്‍ ടിക്കറ്റ് കിട്ടാതെ യാത്രതന്നെ ഒഴിവാക്കേണ്ട സ്ഥിതിയും നിലനില്‍ക്കുന്നു.
സമയത്തിന് തീവണ്ടിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം പലര്‍ക്കും അഭിമുഖീകരിക്കേണ്ടിവരുന്നത്. പോകാനുദ്ദേശിക്കുന്ന ട്രെയിനില്‍ കയറുന്നതിനു വേണ്ടി യാത്രക്കാര്‍ ടിക്കറ്റിനായി കാത്തു നില്‍ക്കുമ്പോഴേക്കും ഇതേ ട്രെയിന്‍ കടന്നുപോകുകയും പിന്നെ അടുത്ത ട്രെയിന്‍ വരുന്നതു വരെ ഏറെനേരം കാത്തുനില്‍ക്കേണ്ടി വരികയും ചെയ്യുന്ന ദുരവസ്ഥ പതിവാണ്.
ടിക്കറ്റ് കൗണ്ടറിലെ ഒരു കമ്പ്യൂട്ടര്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് വേഗത്തില്‍ ടിക്കറ്റ് മുറിച്ചുനല്‍കാന്‍ സാധിക്കുന്നില്ല. യാത്രക്കാരുടെ സൗകര്യാര്‍ഥം കാഞ്ഞങ്ങാട് നഗരത്തില്‍ സ്വകാര്യ ഏജന്‍സി ട്രെയിന്‍ ടിക്കറ്റിന്റെ കൗണ്ടര്‍ തുറന്നിരുന്നു. എന്നാല്‍ ഈ കൗണ്ടര്‍ എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കാറില്ലെന്ന പരാതിയും യാത്രക്കാര്‍ക്കുണ്ട്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റ് കൗണ്ടറിനെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
എത്രയുംവേഗം കൂടുതല്‍ കൗണ്ടറുകള്‍ സ്ഥാപിച്ച് ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്.